വിദേശത്ത് സ്വന്തമായൊരിടം: ന്യൂസീലൻഡിലെ കോട്ടയം 'ടച്ച് '; വീട്ടുവിശേഷങ്ങളുമായി മലയാളി ദമ്പതികൾ

Mail This Article
ഒറ്റനിലയിലുള്ള വീടുകളാണ് ന്യൂസീലൻഡിലെ ഭൂരിഭാഗവും. ജനസംഖ്യ ഉയർന്നതോടെയാണ് വലിയ അപ്പാർട്ട്മെന്റുകളും ഒരു വീടിനോട് ചേർന്ന് മറ്റൊരു വീടു പോലുള്ള ടൗൺ ഹൗസുകളുമെല്ലാം സുലഭമായത്. ഒതുക്കമുള്ളതും മനോഹരവുമാണ് ഒറ്റനില വീടുകളുടെ ഇന്റീരിയർ.
ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ റോളസ്റ്റണില്‍ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശികളായ ലല്ലുവിന്‌റെയും നിഖിലയുടെയും വീട്ടുവിശേഷങ്ങള്‍ അറിയാം. ഒപ്പം ന്യൂസീലന്‍ഡിലെ വീട് നിർമാണം, അവയുടെ പ്രത്യേകതകൾ, ഇന്റീരിയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
∙വീടുകൾക്ക് ചെലവേറുമോ?
സമീപ നാളുകളിലായി ന്യൂസീലൻഡിൽ വീട് നിർമിക്കാൻ മാത്രമല്ല വീട്ടു വാടകയുടെ കാര്യത്തിലും ചെലവ് കൂടുതലാണ്. ശരാശരി വീടുകള്‍ക്ക് പോലും വില ഏതാണ്ട് 10 ലക്ഷം ന്യൂസീലൻഡ് ഡോളർ വരും. 2 ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് ക്രൈസര്‍ സിറ്റിയില്‍ 580-600 ന്യൂസീലൻഡ് ഡോളർ ആണ് വാടക. 4 ബെഡ്റൂമിന്റേതിന് 800-820 ന്യൂസീലൻഡ് ഡോളറും വാടക വരും.
വീട് നിർമിക്കാനാണെങ്കിലും വാടകയ്ക്ക് ആണെങ്കിലും ലൊക്കേഷന്റെ പ്രാധാന്യം, വീടിന്റെ വലുപ്പം, ഭൂമിയുടെ വലുപ്പം ഇതെല്ലാം വലിയ ഘടകമാണ്. ഇപ്പൊ ഏകദേശം ഒരു 10 ലക്ഷം ന്യൂസീലൻഡ് ഡോളർ ആണ് ശരാശരി വീടിന് വില വരുന്നത്.
∙ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാൻ
ന്യൂസീലൻഡ് പോലുള്ള സ്ഥലങ്ങളിൽ വീട് വയ്ക്കുമ്പോൾ ഓരോ കാര്യങ്ങളും സൂക്ഷ്മതയോടെ വേണം ചെയ്യാനെന്നാണ് ലല്ലുവിന്റെ അഭിപ്രായം. കാലാവസ്ഥക്ക് അനുസരിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ഉറപ്പാക്കണം. തണുപ്പ് കൂടുതലുള്ള പ്രദേശമാണെങ്കിൽ തറയിൽ കാർപെറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. കാർപെറ്റ് ഇട്ടാൽ നടക്കുമ്പോൾ കാലിലേയ്ക്ക് തണുപ്പ് കയറില്ല. ഈ വിടിന്റെ ഭൂരിഭാഗം തറകളിലും കാർപെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ലല്ലുവിന്റെ വീട്ടിലും ഡക്റ്റഡ് ഹീറ്റിങ്–കൂളിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. റൂഫിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ താപനില സെറ്റ് ചെയ്യാം. അതനുസരിച്ചുള്ള വായു ലഭിക്കും. മുറി ചൂടാക്കാം, തണുപ്പിക്കാം. ഫാൻ മാത്രമായി ഉപയോഗിക്കാം. അങ്ങനെ പല ഓപ്ഷനുകളും ഇതിനുണ്ട്.
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് ലല്ലു വീട് നിര്‍മിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലം ഉള്‍പ്പെടെ സ്ഥലം വേണ്ടവിധം ഉപയോഗപ്രദമാക്കിയിട്ടുണ്ട്. എല്ലാ ബെഡ്‌റൂമുകളിലേക്കും സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന തരത്തിലാണ് മുറികളുടെ ക്രമീകരണം. രാവിലത്തെ സൂര്യപ്രകാശം മുറികളിലേക്ക് കിട്ടുന്ന തരത്തിലാണ് ന്യൂസീലന്‍ഡിലെ എല്ലാ വീടുകളും നിര്‍മിക്കുന്നതെന്ന് ലല്ലു പറയുന്നു. ഓപ്പണ്‍ പ്ലാൻ ലിവിങ് ആണ് ന്യൂസീലാന്‍ഡിലെയും ഓസ്ട്രേലിയയിലും ഒക്കെ ശൈലി.
∙ വീട് നിർമാണവും ഡിസൈനിങ്ങും
മൂന്നര വർഷമായി വീട് നിർമിച്ചിട്ട്. ഒഴിഞ്ഞ ഭൂമി വാങ്ങി ബിൽഡറെ കൊണ്ട് വീട് നിർമിക്കുകയായിരുന്നു. 400 മീറ്റര്‍ സ്‌ക്വയര്‍ ആണ് ലാൻഡിന്റെ വലിപ്പം. നാട്ടിലെ ഏകദേശം 9–10 സെന്റ് വരുമിത്. 140 മീറ്റര്‍ സ്‌ക്വയര്‍ ആണ് വീടിന്റെ വലുപ്പം. ഇളം നിറത്തിലെ ഇഷ്ടിക കൊണ്ടാണ് മനോഹരമായ ഈ വീട് നിർമിച്ചിരിക്കുന്നത്. ഇന്റീരിയറിൽ തടികളാണ് കൂടുതൽ.

ബിൽഡറുടെ ഡിസൈനിൽ ലല്ലുവിന്റെയും നിഖിലയുടേയും ഇഷ്ടങ്ങളും താല്‍പര്യങ്ങളും കൂട്ടിചേർത്ത് നിര്‍മിച്ച വീടാണിത്. ലാന്‍ഡ്സ്‌കേപ്പിങ് കാര്യത്തിലും ഇരുവരുടെയും ഡിസൈൻ ഐഡിയകളുണ്ട്. വീടിന്റെ മുൻപിൽ വലതുവശത്തായി ചെറിയ ഗ്യാരേജ്, മനോഹരമായ പൂന്തോട്ടം, കൃഷിയിടം, കുട്ടികൾക്ക് കളിസ്ഥലം ഇങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് വീട്. വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ വലതു വശത്തായി ഗ്യാരേജിലേക്കുള്ള വാതിൽ കാണാം. ലോണ്‍ട്രി ഏരിയയും അവിടെയാണ്. ഇടതു വശത്താണ് ലിവിങ് ഏരിയ.
∙ഒതുക്കമുള്ള അടുക്കള
വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഭംഗിയുള്ള ഓപ്പൺ അടുക്കളയാണ് പ്രത്യേകത. ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടം അടുക്കളയായതിനാൽ മനോഹരമായി തന്നെയാണ് അടുക്കളയുടെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. ഓപ്പൺ അടുക്കള നിഖിലയുടെ ഐഡിയ ആണ് .

അടുക്കളയുടെ ഇടതുഭാഗത്തായി 6 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളുണ്ട്. ടേബിളിന്റെ ഒരു വശത്തെ സ്ലൈഡിങ് വാതിലിലൂടെ പുറത്തെ ഗാർഡനിലേക്കും മറ്റും പോകാം. നല്ല സ്റ്റോറേജ് സ്ഥലം കൊടുത്താണ് അടുക്കള നിർമിച്ചിരിക്കുന്നത്. അടുക്കള സാധനങ്ങളും പാത്രങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ തടികൊണ്ടുള്ള കബോർഡുകളും ധാരാളം.
മൈക്രോവേവ്, ഫ്രിഡ്ജ്, കുക്കിങ് ഗ്യാസ് എല്ലാത്തിനുമുള്ള സൗകര്യമുണ്ട്. പാചകത്തിന് കുറച്ചുകൂടി എളുപ്പം ഗ്യാസ് ആയതു കൊണ്ട് കുക്കിങ് ഗ്യാസ് വയ്ക്കാനുള്ള സ്ഥലമുണ്ട്. 6 ബർണർ ഉള്ളതാണ് കുക്കിങ് ഗ്യാസ്. അതുപോലെ തന്നെ നല്ലൊരു ഹുഡ് കൊടുത്തിട്ടുണ്ട് നല്ല രീതിയില്‍ വായു കടക്കുന്നതിനാൽ ഭക്ഷണത്തിന്റെ മണം ഉണ്ടാകില്ല. പിറകില്‍ ടൈല്‍ ആണ്. അതുകൊണ്ട് ക്ലീന്‍ ചെയ്യാന്‍ ഈസിയാണ്.
അടുക്കളയുടെ ഒരു വശത്താണ് പാത്രങ്ങൾ കഴുകാനുള്ള വലിയ സിങ്ക്. എന്‍ജിനീയേഴ്സ് സ്റ്റോണ്‍ എന്ന ഒരു മെറ്റീരിയല്‍ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം വൃത്തിയാക്കാൻ പറ്റുന്ന തരം ടൈൽ ആണിത്. സിങ്കിലെ പൈപ്പ് അങ്ങോട്ടുമിങ്ങോട്ടും മാറ്റാവുന്ന തരത്തിൽ ഫ്ളെക്സിബിൾ ആണ്. സിങ്കിനോട് ചേർന്ന് പ്രത്യേകമായി തന്നെ കുടിവെള്ളം ഫിൽറ്റർ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
കട്ടിയുള്ള ഭക്ഷണ മാലിന്യം പോലും അരച്ചു കളയാൻ ശേഷിയുള്ള സംവിധാനത്തോടു കൂടിയതാണ് സിങ്ക്. വെള്ളവുമായി ചേർന്ന് മാലിന്യം നേരിട്ട് ഡ്രയ്നേജിലേക്ക് തടസ്സമില്ലാതെ പോകാൻ പറ്റുന്ന തരത്തിലാണിത്. സിങ്കിന്റെ താഴെയുള്ള കബോർഡിൽ തന്നെയാണ് മാലിന്യം തരംതിരിച്ച് വയ്ക്കാനുള്ള സംവിധാനവും. ഭക്ഷണവും പ്ലാസ്റ്റിക്കും വെവ്വേറെ വയ്ക്കാനുള്ള സൗകര്യമാണ് ചെയ്തിരിക്കുന്നത്.
∙ഇന്റീരിയറിലെ കാഴ്ചകൾ
അടുക്കളയുടെ ഒരു വശത്ത് സ്വകാര്യ ഏരിയ–കിടപ്പുമുറികളും ബാത്ത്റൂമുകളും എല്ലാം ഇവിടെയാണ്. മറ്റേ വശത്ത് ലിവിങ് ഏരിയയാണ്– അതിഥികൾക്കുള്ള ഇടം. സ്വകാര്യ ഏരിയയിലേക്കുള്ള ചെറു ഇടനാഴിയിലൂടെ പോകുമ്പോൾ സൈഡിലായി വലിയ ബാത്ത്റൂം ആണ്. ഷവർ കാബിൻ ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. ഷവറിന്റെ മുകളിലായി എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിച്ചിട്ടുണ്ട്. ഷവർ കാബിന് കവർ ഉണ്ട്. ന്യൂസീലാന്‍ഡില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. അന്തരീക്ഷ ഈര്‍പ്പം നന്നായിട്ടുണ്ടാകും. അതുകൊണ്ട് കാബിന് കവർ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നാണ് ലല്ലുവിന്റെ അഭിപ്രായം. ബാത്ത്റൂമിലെ തറയിലെ ടൈല്‍ മാറ്റ് ഫിനിഷ് (റോക്ക് ഫിനിഷ്) ആണ് നല്ലത്. കല്ലിൽ ചവിട്ടുന്ന ഫീൽ തോന്നും. കുളിമുറിയില്‍ തെന്നാതിരിക്കാന്‍ പറ്റും.
ബെഡ്റൂമിലേക്കുള്ള ചെറിയ ഇടനാഴിയിലെ ഭിത്തികളിൽ സാധനങ്ങള്‍ വയ്ക്കാന്‍ വലിയ സ്റ്റോറേജ് സൗകര്യമുണ്ട്. കുട്ടികളുടെ മുറിയാണിത്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉൾപ്പെടെ എല്ലാം വയ്ക്കാൻ പറ്റുന്ന തരം സ്റ്റോറേജ് സൗകര്യമാണിവിടെയുള്ളത്. ഇതിനോട് ചേർന്നാണ് രണ്ടാമത്തെ ബെഡ്്റൂം. ഇവിടെ ലഗേജുകൾ എല്ലാം വയ്ക്കുന്ന ഇടമാണിപ്പോൾ.
തൊട്ടപ്പുറത്താണ് മാസ്റ്റർ ബെഡ്റൂം. ബെഡിന്റെ ഇരുവശത്തുമായി നല്ല സ്ഥലവുമുണ്ട്. ബെഡിന് അഭിമുഖമായി ഭിത്തിയിൽ ആണ് ടിവി സ്ഥാപിച്ചിരിക്കുന്നത്. ഒരു വശത്ത് പുറത്തേക്കുള്ള സ്ലൈഡിങ് ഡോർ ആണ്. മാസ്റ്റർ ബെഡ്റൂമിനോട് ചേർന്ന് വാക്കിങ് വാർഡ്രോബ് ഏരിയയാണ്. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരകളും വസ്ത്രം മാറാനുള്ള സൗകര്യവും എല്ലാത്തിനും വേണ്ടിയുള്ള ഇടമാണിത്. ഈ ഭാഗത്തോട് ചേർന്നാണ് വലിയൊരു ബാത്ത്റൂം ഉള്ളത്. ബാത്ത്റൂമിൽ ഹീറ്റർ ഉണ്ട്. സ്വിച്ച് ഓൺ ചെയ്താൽ ടവ്വൽ റെയ്ലും ചൂടാകും.

മാസ്റ്റർ ബെഡ്റൂമിലെ സ്ലൈഡിങ് ഡോറിലൂടെ പുറത്തേക്ക് ഇറങ്ങുന്നത് മനോഹരമായ ഗാർഡനിലേക്കാണ്. ഇവിടുത്തെ ലാന്‍ഡ്‌സ്‌കേപ്പിങ്ങും മനോഹരമാണ്. സ്‌ട്രോബറി, വാഴ, മുന്തിരി, പ്ലം, പേരയ്ക്കയുടെ ഇനത്തിൽപ്പെട്ട ഫിജോവ, ആപ്പിൾ എല്ലാമുണ്ട് ഇവിടം. പൂന്തോട്ടത്തിന്റെ പിറകിലായി കുട്ടികള്‍ക്ക് കളിക്കാൻ വിശാലമായ ഇടമാണുള്ളത്. അതിനോട് ചേർന്ന് ഗാർഡൻ ടൂളും മറ്റും സൂക്ഷിക്കാനായി ഷെഡ് നിർമിച്ചിട്ടുണ്ട്. സ്വകാര്യതക്കു വേണ്ടി ഗാർഡൻ ഏരിയ വേലികെട്ടി തിരിച്ചിട്ടുണ്ട്.