ADVERTISEMENT

കോവിഡിനെതിരെയുള്ള ദേശീയ ചികിത്സാ നിര്‍വഹണ പ്രോട്ടോകളില്‍ നിന്ന് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പിയെ നീക്കം ചെയ്യുന്ന കാര്യം കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയില്‍. കോവിഡ് രോഗികളുടെ മരണ നിരക്ക് കുറയ്ക്കാനോ അവരുടെ സ്ഥിതി തീവ്രമാകുന്നത് തടയാനോ പ്ലാസ്മ തെറാപ്പിക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നില്ലെന്ന ഐസിഎംആര്‍ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. 

എന്നാല്‍ താന്‍ അടക്കം 2000ലധികം പേരുടെ ജീവന്‍ രക്ഷിച്ച പ്ലാസ്മ തെറാപ്പി ഐസിഎംആര്‍ നീക്കം ചെയ്യരുതെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ആവശ്യപ്പെട്ടു. 

പ്ലാസ്മ തെറാപ്പിയെ കോവിഡിനെതിരെയുള്ള ദേശീയ ചികിത്സാ പ്രോട്ടോകോളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഏപ്രില്‍ 14 മുതല്‍ ജൂലൈ 14 വരെയുള്ള കാലയളവിലാണ് ഐസിഎംആര്‍ പ്ലാസ്മ തെറാപ്പിയുടെ കാര്യക്ഷമതയെ കുറിച്ച് പഠനം നടത്തിയത്. കോവിഡ് രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ ശേഖരിച്ച് കോവിഡ് രോഗിയിലേക്ക് പകര്‍ന്ന് അത് വഴി പ്രതിരോധ പ്രതികരണമുണ്ടാക്കുന്ന ചികിത്സാ രീതിയാണ് പ്ലാസ്മ തെറാപ്പി. 

കോവിഡിനെതിരെ എബോള മരുന്നായ റെംഡെസിവിറും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനും ഫലപ്രദമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയല്‍ പഠനത്തെ കുറിച്ചും ഇന്ത്യയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള ദേശീയ ദൗത്യസംഘവും സംയുക്ത നിരീക്ഷണ സംഘവും ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതീക്ഷിച്ച ഫലം ഈ മരുന്നുകളില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് കണ്ടെത്തലെന്നും ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. 

English Summary : COVID- 19 and plasma therapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com