ADVERTISEMENT

ജീവിത ശൈലീ രോഗങ്ങളിലൂടെ അംഗവിച്ഛേദം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്ന ദുരവസ്ഥ അനുഭവിക്കുന്ന ഒട്ടേറെ പേര്‍ നമുക്കുചുറ്റിലുമുണ്ട്. പ്രമേഹം, പുകവലി, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കാരണം ഓരോ വര്‍ഷവും നമ്മുടെ ജനസംഖ്യയുടെ 0.05% നിര്‍ഭാഗ്യവാന്മാര്‍ മറുമരുന്നില്ലാതെ അംഗവിച്ഛേദത്തിന് വിധേയരാകുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (PAD) എന്ന ധമനീരോഗമാണ് പ്രധാനമായും അംഗവിച്ഛേദം എന്ന സങ്കീര്‍ണമായ ഒരു പ്രതിവിധിയിലേക്ക് നയിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വളരെ കുറവാണ്.

ഹൃദയത്തില്‍ ബ്ലോക്ക് രൂപപ്പെടുന്നതു പോലെ കാലുകളിലെ രക്തക്കുഴലില്‍ കാലക്രമേണ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടിയാണ് ഈ രോഗത്തിന്റെ തുടക്കം. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇതു കണ്ടെത്തുക എന്നത് പ്രധാനമാണ്. രോഗനിര്‍ണയത്തില്‍ വീഴ്ച വന്നാല്‍, ധമനികളിലെ ഭാഗികമായ ഈ തടസ്സം പൂര്‍ണ ബ്ലോക്ക് ആയിമാറുകയും അസുഖം അതിതീവ്രമായി മാറാനും സാധ്യതയുണ്ട്.

ആദ്യലക്ഷണങ്ങള്‍ അവഗണിക്കരുത്

നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ കാലുകളിലെ പേശികളില്‍ ഉണ്ടാകുന്ന കടച്ചില്‍ ആണ് ഈ അസുഖത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണം. കാല്‍പാദങ്ങളിലെ അമിതമായ വേദന, വിരലുകളില്‍ ബാധിക്കുന്ന കറുപ്പുനിറം, ഉണങ്ങാത്ത വ്രണങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഗൗരവമേറിയതാണ്.

ബ്ലോക്ക് 'ക്രിട്ടിക്കല്‍' ആയാല്‍

കാല്‍പാദങ്ങളിലെ ഈ ലക്ഷണങ്ങള്‍ ക്രിട്ടിക്കല്‍ ലിംബ് ഇസ്‌കീമിയ എന്ന വളരെ സങ്കീര്‍ണമായ രോഗാവവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഈ 'ക്രിട്ടിക്കല്‍' സ്റ്റേജ് തരണം ചെയ്യാന്‍ അടിയന്തരമായി കാല്‍പാദങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുക തന്നെ ചെയ്യണം. ഈ ഘട്ടത്തില്‍ ഒരു വാസ്‌കുലര്‍ സര്‍ജറി ചികിത്സ ലഭിക്കാത്ത പക്ഷം കാലുകള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചു മാറ്റേണ്ട ദുരവസ്ഥയിലേക്ക് രോഗിയെ കൊണ്ടെത്തിച്ചേക്കാം.

രോഗനിര്‍ണയത്തിന് എളുപ്പമാര്‍ഗങ്ങള്‍

രോഗം സ്ഥിരീകരിക്കാന്‍ പൊതുവേ കളര്‍ഡോപ്‌ളര്‍ അള്‍ട്രാസൗണ്ട് എന്നൊരു പ്രാരംഭ പരിശോധനയ്ക്ക് രോഗിയെ വിധേയമാക്കുന്നു. രക്തയോട്ടക്കുറവിന്റെ അളവ് ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി മനസ്സിലാക്കിയ ശേഷം ധമനികളിലെ ബ്ലോക്കിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ വിവിധ തരം ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ ലഭ്യമാണ്. സിടി ആന്‍ജിയോഗ്രാം, എംആര്‍ഐ ആന്‍ജിയോഗ്രാം തുടങ്ങിയ ടെസ്റ്റുകളുടെ സഹായത്തോടെ കൃത്യമായി കാലുകളിലെ രക്തക്കുഴലിലെ ബ്ലോക്കിന്റെ നീളവും, ബ്ലോക്ക്കഴിഞ്ഞിട്ടുള്ള രക്തധമനികളുടെ അവസ്ഥയെക്കുറിച്ചും എളുപ്പം മനസ്സിലാക്കാന്‍ കഴിയും.  ഹൃദയത്തിലെ ബ്ലോക്ക് മനസ്സിലാക്കാന്‍ രക്തക്കുഴലില്‍ ഒരു ട്യൂബ് കടത്തി ചെയ്യുന്ന കൊറോണറി ആന്‍ജിയോഗ്രാഫി എന്ന പരിശോധന അനിവാര്യമാണ്. എന്നാല്‍ കാലുകളിലെ ബ്ലോക്ക് മനസ്സിലാക്കാന്‍ പേരിഫറല്‍/കാത്തീറ്റര്‍ ആന്‍ജിയോഗ്രാം അപൂര്‍വമായി മാത്രമേ  ചെയ്യേണ്ടതുള്ളു.

ക്രിട്ടിക്കല്‍ ലിംബ് ഇസ്‌കീമിയ: അടിയന്തര ഇടപെടല്‍ വേണം

ആദ്യ ഘട്ടത്തില്‍ ചില മരുന്നു ചികിത്സകളിലൂടെയും വ്യായാമ മുറകളിലൂടെയും പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് രോഗലക്ഷണങ്ങള്‍ ഭേദമാകാന്‍ സാധിച്ചേക്കും. പുകവലി നിര്‍ത്തുക, പ്രമേഹം, രക്തസമ്മര്‍ദ്ദം , അമിതമായ കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കഴിക്കുക എന്നിവയ്ക്കു പുറമേ ആന്റിപ്ലേറ്റ്‌ലെറ്റ് (Aspirin) മരുന്നുകളും PAD ചികിത്സയുടെ പ്രധാന ഭാഗങ്ങളാണ്. രോഗം പുരോഗമിച്ച 'ക്രിട്ടിക്കല്‍ ലിംബ് ഇസ്‌കീമിയ' എന്ന ഘട്ടത്തില്‍ ഈ പ്രാഥമിക ചികിത്സകള്‍ക്കു പുറമേ അടിയന്തരമായി കാലുകളില്‍ രക്തയോട്ടം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ കൂടി അനിവാര്യമാണ്.

അറ്റാക്കിന് സമാനമായ 'ലെഗ്അറ്റാക്ക്'

സാധാരണ അറ്റാക്ക് എന്നു വിളിക്കപ്പെടുന്ന ഹൃദയാഘാതത്തിനു സമാനമാണ് കാലുകളിലെ ധമനികളില്‍ ബോക്ക് രൂപപ്പെട്ട് ഉണ്ടാക്കുന്ന 'ലെഗ് അറ്റാക്കും'. ഹൃദയത്തിലെ ബ്ലോക്ക് നീക്കുന്നതിന് സമാനമായ ഒരു ചികിത്സാരീതിയാണ് കാലിലെ ധമനികളില്‍ ചെയ്യുന്ന പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി. താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലെ കാലിലെ രക്തക്കുഴലിലേക്ക് ഒരു ചെറിയ ട്യൂബ് കടത്തി വിട്ട് രക്തക്കുഴലിലെ ബ്ലോക്ക് നീക്കുന്ന ഒരു പ്രക്രിയ ആണിത്. പ്രത്യേക തരം ഗൈഡ് വയറുകള്‍ ബ്ലോക്കിലൂടെ കടത്തിവിട്ട് ബലൂണ്‍ വീര്‍പ്പിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയില്‍ നിന്നും വ്യത്യസ്തമായി ചുരുക്കം ചില സാഹചര്യങ്ങളില്‍ മാത്രമാണ് പെരിഫെറല്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ സ്റ്റെന്റുകള്‍ പിടിപ്പിക്കേണ്ടതായി വരുന്നത്.

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പെരിഫറല്‍ ബൈപ്പാസ് എന്നൊരു ചികിത്സാരീതി സ്വീകരിക്കേണ്ടി വരുന്നു. രോഗിയുടെ സ്വന്തം വെയിന്‍ അല്ലെങ്കില്‍ കൃത്രിമ രക്തക്കുഴല്‍ (Graft) ഉപയോഗിച്ച് ബ്ലോക്കിനെ മറികടന്ന് രക്തയോട്ടം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയാ രീതിയാണിത്. ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് എന്നീ രണ്ടു ചികിത്സാ രീതികളും ഒരുപോലെ നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു വാസ്‌കുലാര്‍ സര്‍ജന്റെ പങ്ക് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് ചികിത്സയില്‍ വളരെ നിര്‍ണായകമാണ്.

അഭ്യൂഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ചികില്‍സാ രീതികളെക്കുറിച്ചും ഇവയുടെ വിജയ സാധ്യതയെക്കുറിച്ചും സമൂഹത്തില്‍ പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. രക്തയോട്ടക്കുറവ് കാരണം തന്റെ കാലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍ക്ക് 90% വിജയ സാധ്യതയുള്ള ഇത്തരം ചികിത്സകള്‍ ഒരനുഗ്രഹം തന്നെ. ആരുടേയും ആശ്രയമില്ലാതെ സ്വന്തം കാലുകളില്‍ ജീവിതം നയിക്കുവാന്‍ ഈ ചികിത്സാരീതികൾ വലിയ ആശ്വാസമാണ്.

English Summary : Leg attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com