ADVERTISEMENT

2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഉപയോഗിക്കാമെന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ കേരളത്തിലടക്കം ഈ മരുന്ന് കോവിഡ് ചികിത്സയിൽ പ്രയോഗത്തിൽ വരികയും ചെയ്തേക്കും.

എന്താണ് 2-ഡിജി ? ഇതുകൊണ്ട് ഗുണമെന്തെങ്കിലുമുണ്ടോ ? കോവിഡ് രക്ഷകനായ മരുന്നായി മാറാൻ 2-ഡിജിക്ക് സാധിക്കുമോ? ഇക്കാര്യങ്ങൾ അന്വേഷിക്കാം.

എന്താണ് 2-ഡിജി
പേരു സൂചിപ്പിക്കുന്നതു പോലെ 2 ഡീ-ഓക്സി അഥവാ ഓക്സിജൻ നീക്കിയ ഗ്ലൂക്കോസ് തന്മാത്രയാണ് 2-ഡിജി. അതായത് ഗ്ലൂക്കോസ് തന്മാത്രയിലെ രണ്ട് ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾക്ക് പകരം ഹൈഡ്രജൻ മാത്രം. ‌ ഗ്ലൂക്കോസിനെ കടത്തിവിടുന്ന കോശങ്ങളിലെ ചാനലുകൾക്ക് 2-ഡിജിയേയും കടത്തിവിടാൻ സാധിക്കും. അതായത് ഗ്ലൂക്കോസ് കൂടുതൽ ഉപയോഗിക്കുന്ന കോശങ്ങളിൽ സ്വാഭാവികമായും 2-ഡിജി കൂടുതലായി എത്തിച്ചേരും. എന്നാൽ ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് ഊർജ്ജം ഉണ്ടാക്കുന്നതുപോലെ 2-ഡിജിയോടു പറ്റുകയുമില്ല. അങ്ങനെ 2-ഡിജി കോശങ്ങൾക്കുള്ളിൽ കുന്നുകൂടി അവയുടെ ഗ്ലൂക്കോസ് മെറ്റബോളിസം തകരാറിലാക്കുന്നു. കൂടാതെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഏതോ വഴിയിലൂടെ കോശങ്ങളുടെ വളർച്ച തടയാനും ഈ മരുന്നിനു കഴിവുണ്ട് എന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ഇക്കാരണം കൊണ്ടുതന്നെ പെട്ടെന്ന് വളരുന്ന കാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ ഈ മരുന്ന് ഉപയോഗിക്കാനാകുമോ എന്ന ഗവേഷണം നടന്നിട്ടുണ്ട്. കൂടാതെ മറ്റു മരുന്നുകളുപയോഗിച്ച് നിയന്ത്രിക്കാനാകാത്ത അപസ്മാര രോഗങ്ങളിലും ഇത് ഫലപ്രദമാകുമോ എന്ന പരീക്ഷണം നടക്കുന്നുണ്ട്.

ഇതൊരു പുതിയ തന്മാത്ര ആണോ ?
തീർച്ചയായും അല്ല. ഗ്ലൂക്കോസ് ലളിതമായ രൂപമാറ്റം വരുത്തിയ ഈ തന്മാത്ര പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് പരിചയം ഉള്ളതാണ്. ഇൻഫ്ലുവൻസ മുതൽ കാൻസർ വരെ പല രോഗങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കിയിട്ടും ഉള്ളതാണ്. എന്നാൽ ഇതുവരെ ഏതെങ്കിലുമൊരു രോഗത്തിന് സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് പൂർണമായി തെളിയിക്കാനോ ചികിത്സയായി ഉപയോഗിക്കാനോ സാധിച്ചിട്ടില്ല.

നിലവിൽ ഏതെങ്കിലും രോഗത്തിന് ചികിത്സയായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടോ ?
നിലവിൽ ഒരു രോഗത്തിനും അംഗീകൃത ചികിത്സാരീതിയായി ഈ മരുന്ന് ഉപയോഗത്തിൽ ഇല്ല. എന്നാൽ ഏതാണ്ട് 218 ഓളം ക്ലിനിക്കൽ ട്രയലുകൾ ഈ മരുന്ന് കാൻസറിന് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ നടന്നിട്ടുണ്ട്. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഈ മരുന്നിന് കഴിയും എന്ന പഠനഫലങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിക്കാൻ ഈ മരുന്നിനു സാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ INMAS, DRDO, ഡോ.റെഡ്ഡീസ് ലാബ് എന്നിവർ ചേർന്ന് 2014 മുതൽ ഈ മരുന്ന് കാൻസറിന് ഫലപ്രദമാണോ എന്ന കാര്യത്തിൽ പഠനം നടത്തുന്നുണ്ട്. കൂടാതെ 2 ഡിജിയോടു  സമാനമായ ഒരു രാസവസ്തുവായ ഫ്ലൂറോഡിയോക്സി ഗ്ലൂക്കോസ് (എഫ് ഡിജി) പെറ്റ് സ്കാനിങ് എന്ന സ്കാനിങ് സങ്കേതത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. 

ഈ മരുന്ന് സുരക്ഷിതമാണോ ? 
2013-ൽ പുറത്തുവന്ന ഒരു പഠനപ്രകാരം ദിവസം ഏതാണ്ട് മൂന്നു ഗ്രാം വരെ അളവിൽ മുതിർന്ന ആളുകളിൽ ഈ മരുന്ന് വലിയ കുഴപ്പങ്ങൾ ഇല്ലാതെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. എന്നാൽ പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നല്ല ഇത്. ഹൃദയത്തിന്റെ താളത്തിൽ ചില വ്യതിയാനങ്ങൾ (ക്യൂ. ടീ പ്രൊലോങ്ങേഷൻ) വരുത്താൻ ഈ മരുന്ന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വൈറസ് സിംപതറ്റിക് വ്യവസ്ഥയെ ബാധിക്കുകയും ഹൃദയത്തിന്റെ താളത്തിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും ചെയ്യാമെന്ന് കണ്ടെത്തൽ ഉണ്ടായിരിക്കേ ഈ മരുന്ന് എത്രമാത്രം സുരക്ഷിതമാണ് എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണ്ടിവന്നേക്കാം. കൂടാതെ കാൻസർ കോശങ്ങൾ മാത്രമല്ല കൂടിയ അളവിൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത്.  വേഗത്തിൽ പ്രവർത്തിക്കുന്ന പല കോശങ്ങളും, ഉദാഹരണത്തിന് തലച്ചോറിലെ കോശങ്ങൾ, ഇത്തരത്തിൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്നുണ്ട്. ഈ മരുന്ന് അവയുടെ നാശത്തിന് കാരണമായാൽ ഫലം അത്ര നല്ലതായിരിക്കില്ല. 

കോവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ ഈ മരുന്ന് ചർച്ചയ്ക്ക് വന്നത് എങ്ങനെയാണ്?
കഴിഞ്ഞവർഷം ഹൈദരാബാദിലെ സെന്റെർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി നടത്തിയ ചില പഠനങ്ങളിൽ ഈ മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ കൊല്ലുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ മേയ് 2020-ൽ  ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ കോവിഡ് രോഗികളിൽ നടത്താൻ അനുമതി നൽകി.

മേയ് മുതൽ ഒക്ടോബർ വരെ ഡിആർഡിഒയും ഡോക്റ്റർ റെഡ്ഡീസ് ലാബും ചേർന്ന് 110 രോഗികളിൽ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടത്തി.  ഇതിൽ ലഭിച്ച വിവരങ്ങളുമായി ഡോക്ടർ റെഡ്ഡിസ് ലാബ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയെ സമീപിക്കുകയും ഈ മരുന്ന് വിപണിയിൽ ഇറക്കാൻ അനുമതി തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കമ്മിറ്റി കൂടുതൽ വലിയ ഒരു പഠനം നടത്തിയശേഷം മാത്രം ഇതേക്കുറിച്ച് ആലോചിക്കാമെന്ന് അറിയിച്ചു. 

രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ചു. 2020 ഡിസംബറിനും 2021 മാർച്ചിനും ഇടയിലായി ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 കോവിഡ് ആശുപത്രികളിലെ 220 രോഗികളിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. എന്നാൽ ഈ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇതുവരെ ഒരു പഠനമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഈ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ പൂർണമായി ലഭ്യമാകാത്തത് കൊണ്ടാണ് ഇതൊരു പഠനമായി പ്രസിദ്ധീകരിക്കാൻ സാധിക്കാത്തത് എന്നാണ് ഡോക്ടർ റെഡ്ഡീസ് അറിയിച്ചിരിക്കുന്നത്.

കോവിഡ് രോഗത്തിന് ഈ മരുന്ന് ഫലപ്രദമാണോ ?
ഡിആർഡിഒ നൽകിയ പത്രക്കുറിപ്പ് പ്രകാരം 2-ഡിജി കോവിഡ് രോഗികളിൽ സുരക്ഷിതമാണെന്നും ഇതു നൽകി ചികിൽസിച്ച രോഗികളിൽ സാധാരണയുള്ളതിക്കാൾ വേഗത്തിലുള്ള  രോഗശമനം ദൃശ്യമായെന്നുമാണ് അവകാശവാദം. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ധാരാളം രോഗികളുടെ ലക്ഷണങ്ങൾ മെച്ചപ്പെടുകയും ഓക്സിജൻ ഉപയോഗം കുറയുകയും (42% vs 31%) അങ്ങനെ നേരത്തേ രോഗമുക്തരാകുകയും ചെയ്തു എന്നാണ് പത്രക്കുറിപ്പ് പറയുന്നത്. 

എന്നാൽ വളരെ കുറവ് ആളുകളിൽ മാത്രം നടത്തിയ ഒരു പരീക്ഷണത്തിൽ നിന്നുള്ള പരിമിതമായ വിവരമാണ് ഇത് എന്ന കാര്യം ഓർക്കണം.

കോവിഡിന് മരുന്നായി 2 ഡിജി ഉപയോഗിക്കാൻ സമയമായോ ? എന്താണ് ഇൻഫോ ക്ലിനിക്കിന്റെ അഭിപ്രായം ?

ആധുനിക വൈദ്യശാസ്ത്രത്തെ മറ്റ് അശാസ്ത്രീയ ചികിത്സാ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ശാസ്ത്രീയമായി മരുന്നുകൾ പരിശോധിച്ച് അവയുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തിയ ശേഷം മാത്രം രോഗികൾക്കു നൽകുന്നു എന്നതാണ്. ഈ നിബന്ധന പാലിക്കുന്നതിന് കർശനമായ പരീക്ഷണങ്ങളിലൂടെ ഏതൊരു മരുന്നും കടന്നുപോയേ മതിയാവൂ. അത്തരത്തിൽ ഒരു പരീക്ഷണം ഈ മരുന്നിന്റെ കാര്യത്തിൽ നടന്നിട്ടുണ്ട് എന്ന് കരുതാൻ ന്യായമില്ല. കൂടാതെ കോവിഡിനെതിരേ മുൻപ് നാം അശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരീക്ഷിച്ച പല മരുന്നുകളും (ക്ലോറോക്വിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ, അസിത്രോമൈസിൻ, ഐവർമെക്റ്റിൻ) ഫലശൂന്യമാണ് എന്നു തെളിയുകയും ചെയ്തിരുന്നു. അതുകൊണ്ട് നിലവിൽ നടന്ന പരീക്ഷണത്തിന്റെ ഫലം ഒരു പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിക്കുന്നത് വരെ, ധാരാളം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് വലിയ, വിശ്വസനീയമായ പഠനങ്ങൾ വരും വരെ ഈ മരുന്ന് ആളുകളിൽ പ്രയോഗിക്കുന്നത് ഉചിതമായിരിക്കുകയില്ല എന്നാണ് ഇൻഫോക്ലിനിക്കിൻറെ അഭിപ്രായം.

English Summary : What is 2-deoxy-D-glucose (2-DG)? Is it effective against Covid?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com