ഫൈസര്‍ വാക്സീന്‍ കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം സാധ്യത കുറയ്ക്കും
Mail This Article
കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് വരാവുന്ന അപൂര്‍വമായ രോഗമാണ് വിവിധ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം(MIS-C). എന്നാല്‍ ഫൈസറിന്‍റെ രണ്ട് ഡോസ് കോവിഡ് വാക്സീന്‍ കുട്ടികളില്‍ MIS-C ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കറുത്ത വംശക്കാരും ഏഷ്യക്കാരും ലാറ്റിനോ വംശക്കാരുമായ കുട്ടികള്‍ക്ക് MIS-C വരാന്‍ മറ്റ് വംശജരെ അപേക്ഷിച്ച് സാധ്യത കൂടുതലാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ശ്വാസകോശം, അന്നനാളി, കുടല്‍, വൃക്ക, കരള്‍, ചര്‍മം, പേശികള്‍, തലച്ചോര്‍ എന്നിവ ഉള്‍പ്പെടെ വിവിധ അവയവങ്ങളില്‍ അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കാന്‍ MIS-Cക്ക് കഴിയും. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കുട്ടികളിലും MIS-C വരാം.
MIS-C ബാധിച്ച കുട്ടികള്‍ക്ക് ഗുരുതര കോവിഡ് രോഗം ബാധിച്ചവരെ പോലെ സ്റ്റിറോയ്ഡ് ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നത്. ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും പിന്നീട് നയിക്കാറുണ്ട്. ഇവിടെയാണ് വാക്സീന്‍ രക്ഷയ്ക്കെത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഫൈസര്‍ വാക്സീന്‍റെ രണ്ട് ഡോസ് MIS-C ബാധയ്ക്കുള്ള സാധ്യത 91 ശതമാനം വരെ കുറയ്ക്കുന്നതായാണ് പഠനത്തില്‍ തെളിഞ്ഞത്. 12 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ വരുന്ന MIS-Cയെ കുറിച്ചാണ് ഗവേഷണം നടത്തിയത്.
അണുബാധയുടെയും നീര്‍ക്കെട്ടിന്‍റെയും തീവ്രത കുറയ്ക്കാനായാല്‍ കുട്ടികളില്‍ MIS-C ക്കും ദീര്‍ഘകാല കോവിഡിനും വൈറസുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണതകള്‍ക്കുമുള്ള സാധ്യത ഇല്ലാതാകുമെന്ന് അള്‍ട്ടാമെഡ് ഹെല്‍ത്ത് സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇലാന്‍ ഷാപിറോ പറയുന്നു. വൈറസ് മൂലം ഉണ്ടാകാനിടയുള്ള സങ്കീര്‍ണതകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്ന സീറ്റ് ബെല്‍റ്റ് പോലെയാണ് വാക്സീന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary : Pfizer vaccine reduces MISC risk in children