ADVERTISEMENT

ഒരു കഥ മാത്രമല്ല , ഒരായിരം കഥകളുണ്ട് തലച്ചോറിന് വന്ന അപകടങ്ങളെക്കുറിച്ചു പറയാൻ. ഊഞ്ഞാലാടുമ്പോൾ കൈവിട്ടു നിലത്തേക്ക് തെറിച്ചു വീണ 9 വയസ്സുകാരി മുതൽ മറവിയുടെ അഗാധതകളിൽ ഒഴുകി നടക്കുമ്പോഴെപ്പൊഴോ  കാലുതെറ്റി വീണ 95 വയസുകാരൻ  വരെ എന്റെ ഓപ്പറേഷൻ ടേബിളിലൂടെ കയറി ഇറങ്ങിപ്പോയ കഥകൾ... ചിലപ്പോഴൊക്കെ പഠിച്ച വിദ്യകളൊന്നും എനിക്ക് പ്രയോഗിക്കാനാവാതെ, ഒന്നും ചെയ്യാനായി  സമയം അനുവദിക്കാതെ, അബോധാവസ്ഥയിൽ ആണ്ടു കിടന്ന്, ഒരിക്കലും ഉണരാതെ മരണത്തെ പുൽകുന്നവരെ നിശ്ശബ്ദം നോക്കി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായം കൊണ്ടു മാത്രം ജീവൻ നിലനിർത്തി മരണത്തെ വെല്ലു വിളിച്ചു പതുക്കെ പതുക്കെ ജീവിതത്തിലേക്ക് നടന്നു കയറുന്നവരെ സന്തോഷത്തോടെ കൈപിടിച്ചിട്ടുണ്ട്.

 

അതേ തലച്ചോറിലെ അപകടങ്ങൾ പലപ്പോഴും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലെ യാത്രകളാണ്. സപ്ത വർണ പ്രകാശ മയമായ പ്രപഞ്ചത്തെ നോക്കിക്കാണുന്ന മനസ്സിന്റെ ഇരിപ്പിടമായ, ഏതു നിമിഷവും നിലച്ചു പോയേക്കാവുന്ന ഹൃദയസ്പന്ദനങ്ങളെ കൃത്യമായി നിയന്ത്രിക്കുന്ന, കോടാനുകോടി നാഡീകോശങ്ങളാൽ നിർമിക്കപ്പെട്ട പഞ്ഞി പോലെ മൃദുലമായ തലച്ചോറിനു വരുന്ന ക്ഷതങ്ങൾ എത്രത്തോളം ഗുരുതരമാകാം എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

 

ഒരിക്കൽ ഒരു പുലർ വേളയിൽ ചെയ്ത സർജറിയുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. അത് ഓർമിക്കാൻ കാരണം പലതാണ്. 18 വയസ്സു മാത്രം പ്രായമുള്ള ഒരാൺകുട്ടി. ജീവിതത്തിന്റെ ദുരിതവശങ്ങൾ തെല്ലും കാണിക്കാതെ ഓമനിച്ചു വളർത്തിയ കുട്ടി. കൂട്ടുകാരോടൊത്തു സല്ലപിച്ചും വല്ലപ്പോഴുമൊക്കെ പുറത്തൊക്കെ അവരോടൊപ്പം ബൈക്കിനു പുറകിലിരുന്നു യാത്ര ചെയ്തും നടന്നിരുന്ന അവന് പുതിയ ഒരു വണ്ടി സ്വപ്നമായിരുന്നു. കരച്ചിലും വഴക്കും കൂടിയപ്പോൾ ഇനി അതിന്റെ കുറവ് വേണ്ട എന്ന് വിചാരിച്ചു പാവം അച്ഛനും അമ്മയും പുതിയ ഒരു ബൈക്ക് വാങ്ങിച്ചു നൽകിയ അന്നുതന്നെ ആ അപകടം നടന്നു. ഹെൽമെറ്റ് വച്ചിരുന്നെങ്കിലും ഹൂക് ഇടാതിരുന്നതു കൊണ്ട് ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് ഊരി തെറിച്ചു പോവുകയും തലയിടിച്ചു ടാർ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയുടെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു അവൻ. അധുനിക വൈദ്യത്തിൽ അബോധാവസ്ഥയെ തിരിച്ചറിയുവാൻ ലോകത്തെല്ലാം ഉപയോഗിക്കുന്ന ഒരു ഗ്രേഡിംഗ് സിസ്റ്റം ഉണ്ട്. ഗ്ലാസ്‌ഗോ കോമ സ്കെയിൽ എന്നാണതിന്റെ പേര് (GCS). അതിലെ മോട്ടോർസ്‌കോറിൽ കൈകാലുകളുടെ അനക്കവും വെർബൽസ്‌കോറിൽ സംസാരവും ഐ സ്‌കോറിൽ കണ്ണ് തുറക്കുന്നതും പല ഗ്രേഡുകൾ നൽകി തിരിച്ചിട്ടുണ്ട്. ഏറ്റവും മോശം സ്കോർ മൂന്നും നല്ല സ്കോർ 15 ഉം ആണ്. കുറഞ്ഞ സ്കോറുള്ളവർ അബോധാവസ്ഥയിൽ തുടരാൻ സാധ്യത ഉള്ളവരോ മരണം സംഭവിക്കാൻ ഇടയുള്ളവരോ ആണ്.  GCS വളരെകുറഞ്ഞിരുന്ന അവന്റെ കണ്ണിലെ കൃഷ്ണമണിയുടെ അനക്കവും കുറവായിരുന്നു. കണ്ണിനുള്ളിൽ ലൈറ്റ് അടിക്കുമ്പോൾ കൃഷ്ണമണി വികസിക്കുന്നോ സങ്കോചിക്കുന്നോ എന്നുള്ളത് തലച്ചോർ പ്രവർത്തിക്കുന്നുണ്ടോ എന്നുള്ളതിന്റെ ഒരു സൂചന നൽകാറുണ്ട്. ശ്വാസം മുട്ടൽ ഉണ്ടായിരുന്നതു കൊണ്ടു പെട്ടെന്നുതന്നെ അവനെ വെന്റിലേറ്ററിൽ ആക്കേണ്ടി വന്നു. ഉടനെ തന്നെ എടുത്ത സിടി സ്കാനിനുള്ളിൽ തലച്ചോറിന്റെ ഇടതു ഭാഗത്തു രക്തം കട്ട പിടിച്ചതായി കണ്ടത് കൊണ്ടു വേഗംതന്നെ അതെടുത്തു മാറ്റാൻ തീയേറ്ററിലേക്ക് മാറ്റാൻ പറഞ്ഞു ഞാൻ എമർജൻസിയിൽ  നിന്ന് പുറത്തേക്കു നടക്കാൻ തുടങ്ങി. അപ്പോഴാണ് അവന്റെ കാലുകളുടെ അനക്കം കുറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയത്. സാധാരണയായി ഗുരുതരമായി തലച്ചോറിന് ക്ഷതം വരുന്നവർക്ക് അതിനൊപ്പം സ്‌പൈനൽ കോഡിനും ക്ഷതംവരാറുണ്ട്‌.‌ അതുകൊണ്ടു കഴുത്തു അനങ്ങാതിരിക്കാൻ ഒരു കോളർ ഇടാറും അതിനൊപ്പം  കഴുത്തിന്റെ സിടി സ്കാൻ എടുക്കാറുമുണ്ട്. അവന്റെ കഴുത്തിലെ എല്ലുകളെല്ലാം തന്നെ സിടി സ്കാനിനുള്ളിൽ നോർമലായിരുന്നു. ഇനി ബാക്കി നോക്കണമെങ്കിൽ എംആർഐ വേണം. പക്ഷേ ഓരോ നിമിഷവും തലച്ചോർ നിർജീവമാകുന്ന ഈ അവസ്ഥയിൽ അതിനുള്ള സമയം ഇല്ല. വെളുപ്പിന് 2 മണിക്ക് നടത്തിയ ഓപ്പറേഷനിൽ അവന്റെ തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്തു. തലയോട്ടിയുടെ ഒരു ഭാഗം മാറ്റി വയ്ക്കുന്ന ഡികോംപ്രെസ്സിവ് ക്രാനിയക്ടമി ( decompressive craniectomy ) എന്ന രീതിയാണ് അവന് വേണ്ടി വന്നത്. 

 

തലച്ചോറിലെ നീര് കുറയ്ക്കാൻ സാധാരണ ചെയ്യുന്ന സർജറി ആണത്. പിറ്റേ ദിവസം എടുത്ത എംആർഐ–ൽ  നെഞ്ചിനു പുറകിലെ സ്പൈനിനു ക്ഷതം കൂടി വന്നതായി കണ്ടത്കൊണ്ട് അതിന്റെ ഞെരുക്കം മാറ്റുന്ന സർജറിയും ചെയ്യേണ്ടി വന്നു. പത്തു ദിവസത്തോളം നീണ്ട  വെന്റിലേറ്റർ വാസത്തിനു ശേഷമാണ് അവൻ പതിയെ കണ്ണുതുറന്നത്. കാലുകൾ ഒട്ടും അനക്കാതിരുന്നിട്ടു  മൂന്നാഴ്ചക്കു ശേഷം അവൻ പതിയെ കാലുകൾ അനക്കാൻ തുടങ്ങി. വാക്കറിന്റെ സഹായത്തിൽ നടക്കാൻ തുടങ്ങിയപ്പോഴാണ് അവൻ നടന്ന കാര്യങ്ങളെക്കുറിച്ചൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചത്. അപകടത്തെക്കുറിച്ചും അതിനു ശേഷമുള്ള 3 മാസങ്ങളെക്കുറിച്ചുമെല്ലാം അവൻ മറന്നു പോയിരുന്നു. അതിനിടയ്ക്ക് ഞാനവന്റെ എടുത്തു മാറ്റി വച്ചിരുന്ന തലയോട്ടിയുടെ ഭാഗം തിരിച്ചു വച്ചിരുന്നു. ശരീരത്തിലെ മറ്റു കോശങ്ങളെ പോലെ അല്ല നാഡീ കോശങ്ങൾ പെരുമാറുന്നത്. പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾക്കും അപ്പുറം പലതും നടക്കുന്നിടമാണ് തലച്ചോർ. ഹൃദയത്തിലാണ് മനസ്സിരിക്കുന്നതെന്നു പണ്ട് വിചാരിച്ചിരുന്ന നമ്മൾ മനസ്സിന്റെ യഥാർഥ ഉറവിടം കോടാനുകോടി നാഡികളുടെ സങ്കേതമായ തലച്ചോറാണെന്നു ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരിക്കൽ നശിച്ചു പോയാൽ പിന്നീടൊരിക്കലും ആ നാഡീ കോശങ്ങൾക്ക് തിരികെ പൂർവ സ്ഥിതിയിൽ ആകാൻ സാധിക്കാറില്ല. ആരോഗ്യമുള്ള മറ്റു നാഡീ കോശങ്ങൾ ആ പ്രവർത്തനം കൂടി ഏറ്റെടുക്കുമ്പോഴാണ് പലപ്പോഴും നമ്മൾ അപകടങ്ങൾക്കു ശേഷം പൂർവ സ്ഥിതിയിൽ ആവുന്നത്. അതിന്റെ ത്വരിത ഗതിയിലുള്ള മാറ്റത്തെ സഹായിക്കാനുള്ള വഴികളാണ് മരുന്നുകളും മറ്റു പുനരധിവാസ മാർഗങ്ങളും.

 

എന്തൊക്കെ തരത്തിലാണ് ക്ഷതങ്ങൾ തലച്ചോറിനെ ബാധിക്കാറുള്ളത് ?

1.എക്സ്ട്രാ ഡ്യൂറൽ ഹെമറ്റോമ    (EDH )

തലയോട്ടിക്കും തലച്ചോറിനെ ആവരണം ചെയ്യുന്ന ഡ്യൂറ ക്കും ഇടയിൽ വരുന്ന ബ്ലീഡിങ്

2. സബ് ഡ്യൂറൽ ഹെമറ്റോമ (SDH)- തലച്ചോറിലെ ഡ്യൂറക്കും തലച്ചോറിനും ഇടയിൽ വരുന്ന ബ്ലീഡിങ്

3. കന്റ്യുഷൻ(Contusion ) -തലച്ചോറിനുള്ളിൽ വരുന്ന ക്ഷതങ്ങൾ

5. ഡിഫ്യൂസ്‌ ആക്‌സോണാൽ ഇഞ്ചുറി (DAI )- തലച്ചോറിലെ നാഡികൾക്കു മൊത്തത്തിലുണ്ടാകുന്ന ക്ഷതങ്ങൾ മൂലം വരുന്ന ഗുരുതരമായ അവസ്ഥ. 

 

തലച്ചോറിലെ അപകടങ്ങളുടെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ് ?

1. കോഗ്നിറ്റീവ് ഡിസ്‍ഫങ്ഷൻ  - ഓർമക്കുറവ്, ശ്രദ്ധക്കുറവ്, സംസാര ശേഷിക്കുറവ് 

2. ഫിസിക്കൽ ഡിസ്‍ഫങ്ഷൻ -കൈകാലുകളുടെ തളർച്ച , ഭക്ഷണം വിഴുങ്ങാനുള്ള പ്രയസം, മൂത്രത്തിന്റെയും മലത്തിന്റെയും നിയന്ത്രണം നഷ്ടപ്പെടുക, സ്പർശന ശേഷി നഷ്ടപ്പെടുക, കേൾവിയും കാഴ്ചയും മണവും നഷ്ടമാവുക 

3. ഇമോഷണൽ ഡിസ്‍ഫങ്ഷൻ - വിഷാദം, ആകുലത, ദേഷ്യം, സ്വഭാവ വ്യത്യാസം

4.  അബോധാവസ്ഥയിൽ തുടരുക - തൊണ്ട തുളച്ചു ട്രക്കിയോസ്റ്റോമി, ഭക്ഷണത്തിനുള്ള റെയ്ൽസ് ട്യൂബ്/ പെഗ് ട്യൂബ്, മൂത്രം പോകാനുള്ള ഫോലീസ് കത്തീറ്റർ എന്നിവ വേണ്ടി വരിക.

അപകടങ്ങളിൽ  നിന്ന് തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം ?

പ്രകൃതിതന്നെ വളരെ കട്ടി കൂടിയ തലയോട്ടി കൊണ്ടു തലച്ചോറിനെ സംരക്ഷിച്ചിട്ടുണ്ട്. പക്ഷേ ചില സാഹചര്യങ്ങളിൽ അത് മാത്രം പോരാതെവരുന്നു 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇരുചക്രവാഹനങ്ങളിലെ ( ബൈക്കിലും സൈക്കിളിലും ഉള്ള )യാത്രക്കാരെല്ലാവരും മുന്നിലും പുറകിലും ഇരിക്കുന്നവർ ഹെൽമെറ്റ് കൃത്യമായും ധരിക്കുക. ഹെൽമെറ്റിന്റെ ഹൂക് കൃത്യമായും ഇട്ടിരിക്കണം എന്നും ഓർക്കണം.

2. മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് കൃത്യമായും ധരിക്കുക. കുട്ടികളെ പുറകിലെ സീറ്റിൽ, പ്രത്യേകം കുട്ടികളുടെ സീറ്റിൽ മാത്രം ഇരുത്തുക.

3. മദ്യപിച്ചോ മയക്കു മരുന്നുകൾ കഴിച്ചോ വാഹനം ഓടിക്കാതിരിക്കുക 

4. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക 

5. വൃദ്ധരുടെ വീട്ടിലെ വീഴ്ചകൾ തടയാനായി അവർ  നടക്കുന്ന വഴികളിലും ബാത്റൂമിലും കൈവരികൾ സ്ഥാപിക്കുക, മിനുസം കുറവുള്ള  ടൈലുകൾ ടോയ്‌ലറ്റുകളിലും മുറികളിലും ഇടുക, തെന്നി പോകാത്ത ചവിട്ടികൾ( മാറ്റുകൾ ) ഉപയോഗിക്കുക, അവരുടെ മുറികളിൽ നല്ല വെളിച്ചം ഉണ്ടായിരിക്കുക.

6. കുട്ടികളുടെ അപകടം തടയാനായി ജനലുകൾക്കു നല്ല അഴികൾ ഉണ്ടാക്കുക, സ്റ്റെയർകേസ് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും ഗേറ്റ് വയ്ക്കുക ,സൈക്കിൾ ഉപയോഗികുമ്പോൾ ഹെൽമെറ്റ് നിർബന്ധമാക്കുക, കുട്ടികളുമായി കിടക്കുന്ന ബെഡുകളുടെ സൈഡിൽ താഴെ വീഴാത്ത രീതിയിൽ റൈലിങ്സ് വയ്ക്കുക. അതിനു സാധികുന്നില്ലെങ്കിൽ കുട്ടികളുമായി കട്ടിലിൽ കിടക്കാതെ നിലത്തു തന്നെ കിടക്കാൻ നോക്കുക. 

ഓർക്കുക : സ്വപ്നങ്ങളുടെയും ഓർമകളുടെയും അടിസ്ഥാനമായ തലച്ചോറിലെ കോടാനുകോടി നാഡീകോശങ്ങളിൽ ഒന്ന് പോലും നഷ്ടമാവാൻ നമ്മുടെ അശ്രദ്ധ കരണമാവരുത് ... ഓരോ ജീവസ്പന്ദനങ്ങളിലും പൂർണതയോടെ നമ്മുടെ നിമിഷങ്ങൾ ഒഴുകട്ടെ ....

Content Summary : Brain Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com