അപകടകാരി, നേരത്തേ കണ്ടെത്തിയാൽ രക്ഷ; സൂക്ഷിക്കണം സ്തനാർബുദത്തെ
Mail This Article
ഒരു ലക്ഷം സ്ത്രീകളിൽ മരണ നിരക്ക് 12.7 %, പ്രായം അടിസ്ഥാനമാക്കിയുള്ള നിരക്ക് കണക്കാക്കിയാൽ 1,00,000 സ്ത്രീകളിൽ 25.8 %. സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളുടെ പട്ടികയിൽ പന്ത്രണ്ട് വർഷം മുൻപ് നാലാമതായിരുന്ന സ്തനാർബുദം ഇപ്പോൾ ഒന്നാമതാണ്. അതുകൊണ്ടുതന്നെ സ്തനാർബുദത്തെ നിസ്സാരമായി കാണാനാവില്ല. ഒക്ടോബർ ലോകമെമ്പാടും സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുമ്പോൾ, രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി യഥാസമയം ചികിൽസ തേടി അതിജീവിച്ചവരും നമുക്കു മുൻപിലുണ്ട്.
പ്രായമേറിയവരിലാണ് സ്തനാർബുദ സാധ്യതയെന്ന ചിന്തയെ തിരുത്തുന്നതാണ് ഇന്ത്യയിലെ രോഗികളുടെ കണക്ക്. രാജ്യത്തെ ചെറുപ്പക്കാരുടെ എണ്ണത്തിലേറെയും സ്ത്രീകളായതിനാൽ കൂടുതൽ കരുതലാവശ്യമാണ്. രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ കാരണം വളരെ വൈകി ചികിത്സ തേടുന്നതിനാൽ ഇന്ത്യൻ സ്ത്രീകളിൽ അതിജീവിക്കുന്നവർ കുറവാണ്. രോഗലക്ഷണം നേരത്തേ കണ്ടെത്തിയാൽ വിദഗ്ധ ചികിൽസ തേടുന്നതാണ് അഭികാമ്യം. വ്യായാമവും സമീകൃതാഹാരവും ചിട്ടയായ ജീവിതശൈലിയും പാലിച്ചാൽ കാൻസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാം.
സ്തനങ്ങൾ സ്വയം പരിശോധിക്കുന്നതും പ്രായത്തിന് അനുയോജ്യമായ സ്‌ക്രീനിങ് മാർഗനിർദേശങ്ങൾ പാലിക്കുന്നതുമാണ് ‘നേരത്തേയുള്ള കണ്ടെത്തൽ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. കൃത്യമായ ഇടവേളകളിൽ മാമോഗ്രാം പരിശോധനയിലൂടെ സ്തനാർബുദം കണ്ടെത്താം. സ്തനാർബുദ മാസാചരണത്തിൽ രോഗാവസ്ഥയെക്കുറിച്ച് അറിവ് നേടാനും ചികിൽസയിലിക്കുന്നവർക്ക് ധൈര്യം പകരാനും സ്തനാർബുദത്തെ അതിജീവിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും നമുക്ക് കഴിയട്ടെ
(തിരുവനന്തപുരം കിംസ്ഹെൽത്ത് കാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി കൺസൽറ്റന്റാണ് ലേഖകൻ)
Content Summary: Breas Cancer: Prevention and Care