ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുട്ടികളിലെ അപസ്മാരം ആഗോള തലത്തില്‍ തന്നെ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള ഒരു ലക്ഷം കുട്ടികളില്‍ 60ലേറെ പേര്‍ക്ക് അപസ്മാരം കണ്ടുവരുന്നു. ഇതൊരു ആശങ്കയാണെങ്കിലും ഇളം പ്രായത്തില്‍ തന്നെ ഈ രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ വലിയ ശതമാനം കുട്ടികളിലും അപസ്മാരം  നിയന്ത്രിക്കാനും ഒരു പരിധി വരെ സുഖപ്പെടുത്താനും സാധിക്കും.

 

അപസ്മാരമുള്ള കുട്ടികളില്‍ പെരുമാറ്റപരമായ അനുബന്ധ രോഗാവസ്ഥകള്‍ കണ്ടേക്കാം. അതുകൊണ്ടുതന്നെ വീട്ടിലും വിദ്യാലയങ്ങളിലും ഈ കുട്ടികള്‍ക്ക് ലഭ്യമാകുന്ന കരുതലും ശ്രദ്ധയും ഇതിന്റെ പരിചരണത്തില്‍ മരുന്നിനോടൊപ്പം തന്നെ ഒരു പ്രധാന പങ്കുവഹിക്കുന്നു, മരുന്നുകള്‍ കൊണ്ട് നിയന്ത്രണവിധേയമാകാത്ത അപസ്മാരം ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.

 

കുട്ടികളിലെ അപസ്മാരം വിവിധ തരം; ലക്ഷണങ്ങള്‍ അറിയാം

രണ്ടു വയസ്സില്‍ താഴെ കണ്ടു തുടങ്ങുന്ന  അപസ്മാരം രണ്ടു വിധമുണ്ട്.

1. പ്രായമേറുന്തോറും സ്വമേധയാ സുഖപ്പെടാന്‍ സാധ്യതയുള്ള സ്വയം പരിമിത അപസ്മാരം (Self-limited epilepsy)

2. അപസ്മാരത്തിനു പുറമെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും വൈകല്യം സംഭവിക്കുന്ന ഡെവലപ്മെന്റല്‍ ആൻഡ് എപിലപ്റ്റിക് എന്‍കെഫലോപതി (DEE).

 

രണ്ടു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ കണ്ടുതുടങ്ങുന്ന അപസ്മാരം മൂന്നു വിധമുണ്ട്

 

1. അജ്ഞാത കാരണങ്ങള്‍ മൂലമുള്ളതും മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്നതുമായ ഫോക്കല്‍ എപിലപ്സി. ഇവയിലേറെയും സ്വമേധയാ സുഖപ്പെടും.

 

2. ജനിതക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതും മരുന്നിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്നതുമായ ജനറ്റിക് ജനറലൈസ്ഡ് എപിലപ്സി. ഇവയില്‍ ഏറിയ പങ്ക് രോഗികള്‍ക്കും ആജീവനാന്ത ചികിത്സ ആവശ്യമായി വരാറുണ്ട്.

 

3. പലപ്പോഴും മരുന്നുകള്‍ ഫലിക്കാത്തതും വിവിധ തരങ്ങളിലുള്ള അപസ്മാരങ്ങള്‍ ഉള്‍പ്പെടുന്നതുമായ ഡെവലപ്മെന്റല്‍ ആൻഡ് എപിലപ്റ്റിക് എന്‍സെഫലോപതി (DEE).

 

രോഗം നേരത്തെ തിറിച്ചറിയുന്നതില്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും പങ്ക്

 

ലക്ഷണങ്ങള്‍ വിലയിരുത്തി രോഗം നിര്‍ണയിക്കുന്നതിനും അനുയോജ്യ ചികിത്സ നല്‍കുന്നതിനും ഏതു തരം അപസ്മാരമാണ് കുട്ടിക്കുള്ളത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. മസ്തിഷ്‌ക കോശങ്ങളുടെ ക്രമാതീതമായുള്ള പ്രവര്‍ത്തനം ഏതു ഭാഗത്തു നിന്നു തുടങ്ങി എവിടേക്ക് വ്യാപിക്കും എന്നതിനെ അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം നേരത്തെ തിരിച്ചറിയുന്നതിന് കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പലകാര്യങ്ങളും ചെയ്യാനുണ്ട്.

 

ചെയ്യേണ്ട കാര്യങ്ങള്‍:

∙ അപസ്മാരമെന്ന് സംശയമുള്ള ഏതു ചലനവും തുടക്കം മുതല്‍ ഒടുക്കം വരെ നിരീക്ഷിക്കുക, സാധ്യമെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക.

∙ അപസ്മാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കൈകാലുകള്‍, കണ്ണുകള്‍, തല എന്നീ ശരീരഭാഗങ്ങളുടെ ചലനങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുന്നത് രോഗനിര്‍ണയത്തിന് ഏറെ സഹായകമാകും.

∙ അപസ്മാരം എത്ര സമയം നീണ്ടുനില്‍ക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കുന്നുവെങ്കില്‍, മിഡസോളെം നേസല്‍ സ്‌പ്രേ അടിക്കുകയോ (ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം) അല്ലെങ്കില്‍ കുട്ടിയെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയോ ചെയ്യുക.

∙ ഡോക്ടറെ കാണുമ്പോള്‍ നല്‍കേണ്ട വിവരങ്ങള്‍:  ജനന വിവരങ്ങള്‍ (ജനനത്തിലെ സങ്കീര്‍ണത, ഐസിയു വാസം, കൃത്രിമ ശ്വസന സഹായിയുടെ ഉപയോഗം), അപസ്മാരം കാണപ്പെടുന്നതിനു മുമ്പുള്ള രോഗാവസ്ഥകള്‍ (പനി മൂലമുള്ള അപസ്മാരം, തലയ്ക്ക് ക്ഷതം), ആദ്യ അപസ്മാര സമയത്തെ പ്രായം, പ്രായാനുസൃത വളര്‍ച്ചാ ഘട്ടങ്ങള്‍, കുടുംബാംഗങ്ങളിലുള്ള അപസ്മാരത്തിന്റെ വിവരം, അപസ്മാരത്തിന്റെ എണ്ണം, കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ വിവരങ്ങള്‍.

 

ചെയ്യരുതാത്തത്:

∙ അപസ്മാരം സംഭവിക്കുന്ന കുട്ടിക്കു ചുറ്റും ആളുകള്‍ തിങ്ങിക്കൂടന്നത് തടയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

∙ കുട്ടിയെ നിലത്തോ ബെഞ്ചിലോ കിടക്കയിലോ കുറുകെ കിടത്തുക. വിറയലോ ചലനമോ അവസാനിക്കുന്നതുവരെ കുട്ടിയുടെ കൂടെ തന്നെ ഉണ്ടായിരിക്കുക.

∙ കുട്ടിക്ക് പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക

∙ ശരീര ചലനങ്ങള്‍ ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിക്കരുത്. നാവ് കടിക്കുന്നത് തടയാന്‍ വായിലേക്ക് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും വസ്തു വച്ചുകൊടുക്കരുത്.

∙ ശരീര ചലനങ്ങള്‍ അവസാനിക്കുന്നതുവരെ വായിലൂടെ വെള്ളമോ മരുന്നോ നല്‍കരുത്.

 

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ കുട്ടി കൃത്യമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും കടമയാണ്. അപസ്മാരമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട കരുതല്‍ വീട്ടില്‍ നിന്നുതന്നെ തുടങ്ങുകയും അത് വിദ്യാലയങ്ങളിലും ലഭ്യമാക്കുകയും വേണം. ഈ നിര്‍ദേശങ്ങളും ലളിതമായ ചിട്ടകളും പാലിച്ചാല്‍ അപസ്മാരമുള്ള കുട്ടികളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്.

 

അപസ്മാരം: ചില വസ്തുതകള്‍ കൂടി

∙ ആഗോള തലത്തില്‍ അഞ്ചിലൊന്ന് അപസ്മാര രോഗികളും ഇന്ത്യയിലാണ്.

∙ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിലും 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്നവരിലുമാണ് ഏറ്റവും കൂടുതല്‍ അപസ്മാരം കാണുന്നത്.

∙ നാഡീ കോശങ്ങളിലെ അസാധാരണ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ മൂലമാണ് അസ്വാഭാവിക ശരീര ചലനങ്ങളും വിറയലും സംഭവിക്കുന്നത്.

∙ സമയോചിതമായി ശരിയായ ചികിത്സയിലൂടെ കുട്ടികളിലെ അപസ്മാരം ഒരു പരിധിവരെ സുഖപ്പെടുത്താന്‍ കഴിയും.

∙ ന്യൂറോളജിസ്റ്റ്/ എപിലപ്സി സ്പെഷലിസ്റ്റിനെ തക്കസമയത്ത് കാണുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത് നല്ല ഫലം ചെയ്യും.

∙ മരുന്നുകൊണ്ട് നിയന്ത്രണവിധേയമാകാത്ത ചില അപസ്മാര രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ ഒരു പരിഹാര മാര്‍ഗമാണ്.

∙ ചെറിയ പ്രായത്തില്‍ അപസ്മാരമുണ്ടായ കുട്ടികള്‍ക്ക് പെരുമാറ്റപരമായ അനുബന്ധ രോഗാവസ്ഥകള്‍ വരാന്‍ സാധ്യതയുണ്ട്. ഇവരില്‍ 50 ശതമാനം വരെ കുട്ടികള്‍ക്ക് മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും കാലതാമസവും ഉണ്ടാകാം.

 

അപസ്മാരം സാധാരണമായ ഒരു രോഗമാണ്. സമയോചിതമായി മരുന്നിലൂടെയോ ശസ്ത്രക്രിയയിലൂടെയോ ചികിത്സ നേടിയാല്‍ കുട്ടികള്‍ക്ക് സാധാരണ പോലെ ജീവിതം നയിക്കാവുന്നതുമാണ്.

(ലൂര്‍ദ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റും പീഡിയാട്രിക് എപിലപ്സി വിദഗ്ധയുമാണ് ലേഖിക)

Content Summary: Epilepsy in children

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com