പാൽ പല്ലുകൾ പോകാനുള്ളതല്ലേ, കേടായാലെന്താ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Mail This Article
കുഞ്ഞു ചിരിയിൽ മയങ്ങിപോകാത്തവരായി ആരെങ്കിലുമുണ്ടോ? കുഞ്ഞരി പല്ലുകാണിച്ചുള്ള ചിരിയെക്കുറിച്ച് മാത്രം ആലോചിച്ചാൽ പോരാ ആ കുഞ്ഞി പല്ലുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കൂടി നമ്മൾ അറിഞ്ഞിരിക്കണം. ഒരു കുഞ്ഞിന് ആറു മാസം മുതലാണ് പാല്‍ പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക. അതിനു മുൻപ്തന്നെ മാതാപിതാക്കൾ ദന്തസംരക്ഷണം ആരംഭിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളിൽ കണ്ടു വരുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് Bottle Feeding Caries അഥവാ Nursing Bottle Caries. അമ്മയുടെ മുലപ്പാൽ അല്ലെങ്കിൽ കുപ്പിപ്പാൽ കുടിച്ച് കിടന്നുറങ്ങുന്ന കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. പാൽ കുടിച്ച ശേഷം വാ കഴുകാതെ കിടന്നുറങ്ങുന്ന കുട്ടികളിൽ പഞ്ചസാരയുടെ അംശം പല്ലുകളിൽ തങ്ങി നിൽക്കുകയും അത് Caries അഥവാ ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. ശ്രദ്ധിച്ചാൽ ഇത് മേൽപല്ലുകളെ മാത്രമാണ് സാരമായി ബാധിക്കുന്നതെന്നും മനസ്സിലാക്കാം. ചെറിയ പ്രായത്തിൽ കുഞ്ഞുങ്ങൾ പാൽ കുടിച്ച് കഴിഞ്ഞാൽ ഒരു പഞ്ഞിയോ തുണിയോ വെള്ളത്തിൽ മുക്കി മോണ തുടച്ചു കൊടുത്ത് ശീലിപ്പിക്കുന്നത് ആരോഗ്യമുള്ള മോണയ്ക്കും പല്ലുകൾക്കും സഹായകരമാകും.
പല്ലുകൾ കണ്ട് തുടങ്ങുമ്പോൾ മുതൽ അതിന്റെ സംരക്ഷണവും ബ്രഷിങ്ങും തുടങ്ങേണ്ടതാണ്. അതിനായി കുഞ്ഞുങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ബ്രഷുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ കൈവിരലിൽ ഇട്ട് ബ്രഷ് ചെയ്യാവുന്ന Finger Brushes ആണ് ആദ്യം ഉപയോഗിക്കേണ്ടത്. അവ മിക്ക സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പുകളിലുമൊക്കെ ലഭ്യമാണ്. ഇപ്പോൾ ഓൺലൈനിലും ലഭിക്കും. കുറച്ചുകൂടി മുതിർന്നു കഴിഞ്ഞാൽ കുട്ടികൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ബ്രഷുകൾ വാങ്ങാം. അതോടൊപ്പം ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റുകൾ ഒരു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. നല്ല ഫ്ളൂറൈഡ്’ അടങ്ങിയ പേസ്റ്റ് ഉപയോഗിക്കുന്നത് ദന്താരോഗ്യത്തെ സഹായിക്കും. കുട്ടികൾക്കിഷ്ടപ്പെടും വിധം പല ഫ്ലേവറുകളിൽ പേസ്റ്റുകൾ ലഭ്യമാണ്. രാവിലെയും രാത്രിയും ബ്രഷ് ചെയ്യാന്‍ കുട്ടികളെ ശീലിപ്പിക്കേണ്ടതാണ്.
യഥാസമയങ്ങളിൽ ബ്രഷ് മാറ്റുക, ശരിയായ ബ്രഷിങ് രീതി പിന്തുടരുക എന്നീ ശീലങ്ങൾ കുട്ടികളിൽ വളർത്തിയാൽ തന്നെ വരാനുള്ള ദന്തരോഗ സാധ്യതകൾ കുറയ്ക്കാം.
മധുരപലഹാരങ്ങള്‍, ചോക്ലേറ്റ് തുടങ്ങി പല്ലിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം കുറക്കുക. ഭക്ഷണം കഴിച്ചാൽ ഉടൻ വായ വൃത്തിയാക്കുന്നത് ശീലമാക്കി വളർത്തുക.
ഫ്ളൂറൈഡുകളാണ് പല്ലിന്റെ മോണകളെ സംരക്ഷിക്കുന്നതും ഭാവിയിലുണ്ടാവുന്ന കേടുപാടുകളെ തടഞ്ഞുനിര്‍ത്തുന്നതും. പല്ലുകള്‍ക്ക് ദ്രവിക്കല്‍ സംഭവിച്ച് ദ്വാരങ്ങള്‍ ഉണ്ടാവുന്നതും തടയേണ്ടതുണ്ട്. ദന്തഡോക്ടറുടെ പരിചരണം ആവശ്യമായി വരുന്ന കാലയളവാണിത്. ഫ്‌ളൂറൈഡ് ആപ്ലിക്കേഷന്‍പോലെയുള്ള മുൻകരുതൽ ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ദന്തിസ്റ്റിനെ കാണാൻ കുഞ്ഞുങ്ങൾക്ക് പല്ലുവേദന വരാനായി കാത്തിരിക്കരുത്. തുടക്കം മുതൽ കുഞ്ഞുങ്ങളുടെ ദന്ത സംരക്ഷണം വളരെ പ്രധാനമാണ്. അതുകൊണ്ട് നിങ്ങളുടെ അടുത്തുള്ള ദന്തിസ്റ്റിനെ ഇടയ്ക്കൊന്നു കാണാൻ മറക്കേണ്ട.
കുഞ്ഞുങ്ങൾക്ക് ആദ്യം വരുന്ന പല്ലുകൾ കുറച്ചു കാലങ്ങൾക്കുള്ളിൽ പൊഴിഞ്ഞു പോകാനുള്ളതാണെന്നും ഇവയുടെ കാര്യത്തിൽ ശ്രദ്ധയൊന്നും ആവശ്യമില്ലെന്നും പല മാതാപിതാക്കളും കരുതുന്നു. ഇത് പൂർണമായും തെറ്റായ ധാരണയാണ്. കുട്ടികളിൽ ആദ്യം മുളയ്ക്കുന്ന പാൽപ്പല്ലുകൾ കുറച്ച് കാലം ആവശ്യമുള്ളതാണ്. ഈ പല്ലുകളിലേതെങ്കിലും നേരത്തെതന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പിന്നീട് സ്‌ഥിരമായി വളരേണ്ടവ തെറ്റായ രീതിയിൽ വളർന്നു വരാനുള്ള സാധ്യതയുണ്ട്. പാൽപ്പല്ലുകൾ മാറി സ്ഥിരം പല്ലുകൾ
വരുന്ന ഘട്ടത്തിൽ ഇത് പല്ലുകളുടെ നിരയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ ഓരോ ഇടവേളകളിലും ദന്തരോഗവിദഗ്ധരെ സന്ദർശിച്ചു കുട്ടികളുടെ പല്ലിന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുക.
പാൽ പല്ല് പോകാൻ സമയമാകുന്നതിനു മുൻപ് പറിച്ചുകളഞ്ഞാൽ പിന്നീട് വരുന്ന പല്ലുകളുടെ നിര തെറ്റി പോവുകയും പുതിയ പല്ലുകൾക്ക് വരാനുള്ള വിടവ് കുറയുകയും ചെയ്യും. കുട്ടികളിലെ സംസാര ശൈലിയും ഉച്ചാരണവും രൂപപ്പെടാൻ ഇത് ഒരു തടസ്സമാകും. ഭക്ഷണം ചവച്ചരച്ചു കഴിക്കാൻ പറ്റാത്തപക്ഷം ദഹനക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നു. അതിനാൽ കേടുകള്‍ പള്‍പ്പിലേയ്ക്ക് ബാധിച്ച പാൽ പല്ലുകള്‍ റൂട്ട് കനാൽ വഴി സംരക്ഷിക്കുക. മുതിർന്നവരിൽ ചെയ്യുന്ന root canal treatment പോലെ കുട്ടികളിൽ ചെയ്യുന്ന Pulpectomy, Pulpotomy ചികിത്സാരീതികൾ വഴി പാൽപ്പല്ലുകളെ സംരക്ഷിക്കാനും അതുവഴി സ്വാഭാവിക ദന്ത വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കും. ഇനി അഥവാ സംരക്ഷിക്കാൻ സാധിക്കുന്നില്ല എങ്കിൽ പല്ലുകൾ നഷ്ടം ആയാലും Space Maintainer എന്ന ഉപകരണം വഴി പല്ലുകൾ നഷ്ടമായ സ്ഥലം സംരക്ഷിക്കാനും അതുവഴി പല്ലുകളുടെ സ്ഥാനമാറ്റം തടയാനും സാധിക്കും.
മുതിർന്നവരുടെ പല്ലുകൾ പോലെതന്നെ എല്ലാ ചികിത്സകളും കുട്ടികളുടെ പല്ലുകൾക്കും ഇന്ന് ലഭ്യമാണ്. എത്ര നേരത്തെ ചികിത്സ തേടുന്നുവോ, വേദനയും മറ്റു ബുദ്ധിമുട്ടുകളും വരാനുള്ള സാധ്യതകളും അത്ര തന്നെ കുറയുമെന്നതിനാൽ കുട്ടികളുടെ ദന്ത പരിശോധന ഒട്ടും വൈകിക്കാതിരിക്കുക. ആറു മാസത്തിൽ ഒരിക്കൽ അടുത്തുള്ള ഡോക്ടറെ കാണാം. പല്ലിന് കൂടുതൽ കരുതൽ കൊടുക്കാം.
(ഏറ്റുമാനൂർ തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ഹോസ്പിറ്റലിലെ ചീഫ് ഡന്റൽ സർജനാണ് ലേഖിക)
Contnt Summary: Milk Teeth care