ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും
Mail This Article
ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. 60 വയസ്സിനു ശേഷം പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദം വരാനുള്ള സാധ്യതകള്‍ അധികമാണ്. എന്നാല്‍ പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാനുള്ള ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.
ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിച്ച കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് മൂന്ന് ശതമാനം വര്‍ധിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 35 ശതമാനം കുറയ്ക്കുമെന്നാണ് സ്വീഡനില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്. 57,652 പുരുഷന്മാരില്‍ ഏഴ് വര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. ഇതൊരു നിരീക്ഷണ പഠനം മാത്രമായതിനാല്‍ വ്യായാമം അര്‍ബുദ സാധ്യത എങ്ങനെ കുറയ്ക്കുമെന്നതിന്റെ കാരണങ്ങള്‍ ലഭ്യമല്ല.
ഓട്ടം, വേഗത്തിലുള്ള നടത്തം, നീന്തല്‍, സൈ്ക്ലിങ്, നൃത്തം, ജംപ് റോപ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ പോലുള്ള കായിക വിനോദങ്ങള്‍ എന്നിവയെല്ലാം കാര്‍ഡിയോറെസ്പിറേറ്റി ഫിറ്റ്‌നസ് വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളാണ്. സ്തനാര്‍ബുദം, കോളന്‍ അര്‍ബുദം, വൃക്കകളിലെ അര്‍ബുദം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ വ്യായാമം കൊണ്ട് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ പ്രോസ്‌റ്റേറ്റ് അര്‍ബുദത്തെ സംബന്ധിച്ച് ഇത്തരം പഠനങ്ങള്‍ മുന്‍പ് ലഭ്യമായിരുന്നില്ല. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? വിഡിയോ