കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഏറ്റവും മോശമായതായി പഠനം
Mail This Article
കോവിഡിന് ശേഷം ഇന്ത്യക്കാരുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം യൂറോപ്യരെയും ചൈനക്കാരെയും അപേക്ഷിച്ച് വളരെക്കൂടുതലാണെന്ന് പഠനം. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജിലെ പള്‍മനറി മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇന്ത്യയിലെ കോവിഡ് ബാധിതരിലുണ്ടായിരുന്ന സഹരോഗാവസ്ഥകളുടെ ഉയര്‍ന്ന തോതാകാം ഇതിനു പിന്നിലെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
കോവിഡിന്റെ ആദ്യ തരംഗ സമയത്ത് രോഗബാധിതരായ 207 പേരിലാണ് പഠനം നടത്തിയത്. 2020 ഓഗസ്‌റ്റ് 11നും 2021 ജനുവരി 14നും ഇടയില്‍ നടത്തിയ ഈ പഠനത്തിനിടെ ഈ രോഗികളുടെ ശ്വാസകോശത്തിനുണ്ടായ ക്ഷതം വിലയിരുത്തി. ലങ് ഫങ്‌ഷന്‍ ടെസ്റ്റ്, വ്യായാമ ശേഷി, ചെസ്റ്റ് റേഡിയോഗ്രാഫി, ജീവിതനിലവാരം എന്നിവയിലൂടെയാണ് ശ്വാസകോശത്തിന്റെ ആരോഗ്യം പഠനസംഘം അളന്നത്.
ചെറിയ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയ ഗ്യാസ് ശ്വസിക്കുമ്പോള്‍ രക്തപ്രവാഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഓക്‌സിജന്റെ തോത് അളക്കുന്ന ഡിഫ്യൂസിങ് കപ്പാസിറ്റി ഫോര്‍ കാര്‍ബണ്‍ മോണോക്‌സൈഡ്(ഡിഎല്‍സിഒ) ടെസ്‌റ്റും ഗവേഷകര്‍ നടത്തി. പഠനത്തില്‍ പങ്കെടുത്തവരില്‍ 44.4 ശതമാനം പേരുടെയും ഡിഎല്‍സിഒ കുറവായിരുന്നതായും ഇവരിലെ ഓക്‌സിജന്‍ വ്യാപന ശേഷി(ഡിഫ്യൂസിങ് കപ്പാസിറ്റി) 80 ശതമാനത്തിന് താഴെയായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. വിദേശ പഠനങ്ങളിലെ ഫലവുമായി ഇവയെ താരതമ്യം ചെയ്‌തതില്‍ നിന്നാണ് ഇന്ത്യക്കാരുടെ ശ്വാസകോശത്തില്‍ കോവിഡ് ഏല്‍പ്പിച്ച ക്ഷതം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
ഇതിന്റെ പിന്നിലെ കാരണം ഇന്ത്യക്കാരിലെ വ്യാപകമായ സഹരോഗാവസ്ഥകളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 72.5 ശതമാനത്തിനും ഏതെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുണ്ടായിരുന്നു. 40.1 ശതമാനത്തിന് രണ്ടോ അതിലധികമോ സഹരോഗാവസ്ഥകള്‍ ഉള്ളതായും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളാണ് ഇന്ത്യക്കാരിലെ ശ്വാസകോശ ക്ഷതത്തിന്റെ ആക്കം കൂട്ടുന്നതെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. പിഎല്‍ഒഎസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഈ ഘടകങ്ങൾ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത കൂട്ടും: വിഡിയോ