ലോക്ഡൗൺ കാലത്ത് ആയുധങ്ങൾക്ക് മൂർച്ച കൂട്ടി ജോയ് മാത്യു
Mail This Article
ലോക്ഡൗൺ കാലം ഞാൻ തൊഴിൽ ആയുധങ്ങൾ മൂർച്ച കൂട്ടാനാണു കാര്യമായി പ്രയോജനപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ലോക സിനിമകളും പരമ്പരകളും കാണുന്നു. അഭിനയം സംവിധാനം എന്നിവ സംബന്ധിച്ചു കൂടുതൽ പഠിക്കാൻ ഈ സമയം സഹായിക്കുന്നു. ഏകാന്തത എന്നെ ബോറടിപ്പിക്കുന്നില്ല.
ലോക്ഡൗണിൽ ഞാനൊരു തീരുമാനമെടുത്തു–ഇനി പരമാവധി നാട്ടിൽ ഉൽപാദിപ്പിച്ച സാധനങ്ങളേ വാങ്ങൂ. പച്ചക്കറികളും മറ്റും കൊടുക്കൽ വാങ്ങലിലൂടെ ലഭിക്കും. കേരള സോപ്സ്, ഖാദി ബോർഡ്, ഗാന്ധിഗ്രാം, കണ്ണൂർ കൈത്തറി, കുടിൽവ്യവസായങ്ങൾ എന്നിവ വഴി ഉൽപാദിപ്പിക്കുന്നവ പരമാവധി സാധനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം.
ക്വാറന്റീൻ എനിക്കു തടവല്ല. പുറത്തിറങ്ങാൻ സാധിക്കുന്നില്ലെങ്കിലും വായനയിലൂടെ ഞാൻ ലോകമെങ്ങും സഞ്ചരിക്കുന്നു. കൊളംബിയയിയിൽ പോയി വന്നതേയുള്ളൂ– ‘ഓഫ് ലവ് ആൻഡ് അദർ ഡമൺസ്’ എന്ന മാർക്വേസ് കൃതിയിലൂടെ. എഴുതാനും സമയം ചെലവഴിക്കുന്നു. പംക്തികൾ ഉൾപ്പെടെ എഴുതുന്നതിന്റെ ലഹരി അനുഭവിക്കുന്നു. പണ്ടു വായിച്ചു തീർത്ത വികെഎൻ കൃതികൾ വീണ്ടും വായിക്കുന്നു. രഘുനാഥൻ എഴുതിയ ‘മുക്തകണ്ഠം വികെഎൻ’ ആണ് ഇപ്പോൾ വായിക്കുന്ന മറ്റൊരു കൃതി. റോസ്മേരിയുടെ കൃതികളുടെ സമാഹാരവും ഒപ്പമുണ്ട്. തോട്ടം പരിപാലനത്തിനും സമയം ചെലവഴിക്കുന്നു.
English Summary: Joy Mathew's COVID lock down days