ശരീരത്തിന്റെ ഉണർവിനായി കർക്കടകത്തിൽ ചെയ്യാം ഈ ചികിത്സകൾ
Mail This Article
കർക്കടകം പഞ്ഞമാസമാകുമ്പോഴും ആരോഗ്യകാര്യത്തിൽ ഒരു പഞ്ഞവും മലയാളികൾ കാണിക്കാറില്ല. സുഖചികിൽസയ്ക്കായി മലയാളികൾ നടുനിവർത്തുന്ന മാസം കൂടിയാണ് കർക്കടകം. ആയുർവേദവിധിപ്രകാരം തല മുതൽ കാൽ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പുറത്തുവരുന്നത് പുതിയ മനസ്സും ശരീരവുമായി. കർക്കടകത്തിൽ പ്രധാനമായും ചെയ്യുന്ന ചില ചികിത്സകൾ പരിചയപ്പെടാം.
ഹെഡ് മസാജ്
മൈഗ്രെയ്നിന്റെ പ്രധാന കാരണമാണ് കടുത്ത മാനസികസംഘർഷവും കഴുത്തു വേദനയും. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകൾ റിലീസാവുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ടു സാധിക്കും
∙ എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയർ ഫോളിക്കിളിലും ഓക്സിജൻ ധാരാളം എത്തിക്കുകയും ഉണർവു നൽകുകയും ചെയ്യും. മുടി വളരാൻ ഏറ്റവും സഹായകരം.
∙ ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കുമ്പോൾ ഒരു പരിധി വരെ സ്ട്രെസും കുറയും. മസാജ് ചെയ്യുമ്പോൾ തലയിലേക്കുള്ള രക്തചംക്രമണം വർധിക്കുന്നു. അതുവഴി ലഭിക്കുന്ന ഓക്സിജൻ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കി ക്രിയേറ്റീവായും വ്യക്തമായും ചിന്തിക്കാൻ പ്രാപ്തരാക്കുന്നു. ഓർമശക്തി കൂടാൻ സഹായിക്കുന്നു
ബോഡി മസാജ്
മസാജിലൂടെ ശാരീരിക വേദനകൾക്കു പരിഹാരമാകുമെന്നു മാത്രമല്ല അതുവഴി മാനസികസംഘർഷങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സാധിക്കും. ശരീരം മൊത്തം മസാജ് ചെയ്യുമ്പോൾ ശരീരത്തിനൊപ്പം ഉണർവു ലഭിക്കുന്നത് മനസ്സിനും കൂടിയാണ്. മസിൽ പെയിൻ ഇല്ലാതാക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും ഫ്ലെക്സിബിലിറ്റി നിലനിർത്താനും ശരീരത്തിന്റെ പരുക്കുകൾ കുറയ്ക്കാനും ബോഡി മസാജ് പോലെ മറ്റൊരു മരുന്നില്ല. കൂടാതെ തലവേദനയും ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്നും തലയിൽ നിന്നൊഴിവാക്കുകയും ചെയ്യും.
ഫുട് മസാജ്
ഒരു ദിവസം കാലെടുക്കുന്ന പണി എത്രയെന്ന് ആലോചിച്ചു നോക്കൂ. നമ്മുടെ ശരീരഭാരം മൊത്തം താങ്ങി നിർത്തുന്ന കാലുകൾക്കു കൊടുക്കുന്ന ചെറിയ പരിഗണന മതി ശരീരത്തിനു വലിയ ഗുണം ചെയ്യാൻ. ഫുട് മസാജിങ്, ഫുട് റിഫ്ലെക്സോളജി (reflexology) – കാലിന് ആശ്വാസം നൽകുന്ന നല്ല മരുന്ന്. ഇതു കാലിനെ മാത്രമല്ല മൊത്തം ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഒപ്പം മികച്ച റിലാക്സിങ്ങും.
റിഫ്ലെക്സോളജി
മസാജ് പോലെതന്നെ ശരീരത്തിന് ഉണർവു നൽകുന്ന ഒന്നാണ് റിഫ്ലെക്സോളജി (Reflexology). കാലിലെയും കയ്യിലെയും റിഫ്ലക്സ് പോയിന്റുകളിൽ മർദ്ദം നൽകി ശരീരത്തെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഒരു പ്രത്യേക ടൂൾ ഉപയോഗിച്ചാണ് പോയിന്റുകളിൽ മർദ്ദം നൽകുന്നത്. ഇത് ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുകയും തലവേദന, കാൽവേദന പോലുള്ള അസുഖങ്ങൾക്ക് പെട്ടെന്നു ശമനം ലഭിക്കുകയും ചെയ്യും.
മസാജിനേക്കാളും പെട്ടെന്ന് ഗുണമുണ്ടാകും എന്നതാണ് റിഫ്ലക്സോളജിയുടെ നേട്ടം. ശരീരത്തിൽ നമ്മൾ അറിയാതെ പോകുന്ന പല പ്രശ്നങ്ങളും മനസിലാക്കാൻ റിഫ്ലെക്സോളജി വഴി കഴിയും. പ്രഷർ നൽകുമ്പോൾ വലിയ വേദന തോന്നുന്നത് എവിടെയാണെന്നു മനസിലാക്കി പ്രശ്നം കണ്ടെത്താം.
ചികിൽസാരീതിയെന്ന നിലയിൽ ക്ലിനിക്കുകളിലും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ബ്യൂട്ടിപാർലറുകളിലും റിഫ്ലക്സോളജി ചെയ്യുന്നുണ്ട്. എന്നാൽ രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെറും റിലാക്സേഷനാണ് ആവശ്യമെങ്കിൽ ബ്യൂട്ടിപാർലറിൽ പോകാം. ചികിൽസയുടെ ഭാഗമാണെങ്കിൽ ക്ലിനിക്കുകളെ തന്നെ ആശ്രയിക്കണം. കാലിലെ ചില പ്രത്യേക ഭാഗങ്ങളിൽ നൽകുന്ന മർദം ഡിപ്രഷൻ കുറയ്ക്കാനും സഹായിക്കും. കഴുത്ത് വേദന, തോൾവേദന, നടുവേദന, തലവേദന തുടങ്ങിയവ ഇല്ലാതാക്കും.
ഫുട് മസാജ്
നമ്മൾ ഉപയോഗിക്കുന്ന ഹീൽ ചെരുപ്പും മുറുകിക്കിടക്കുന്ന ഷൂവും കാലിലേക്കുള്ള രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും പത്തു മിനിറ്റ് കാലുകൾ മസാജ് ചെയ്താൽ കോശങ്ങളിലേക്കുള്ള രക്തയോട്ടം കൂടി ശരീരത്തിനു മൊത്തം ഊർജം ലഭിക്കും. കാലിനുണ്ടാകുന്ന പരുക്കുകൾ കുറയും. ഉറങ്ങുന്നതിനു മുൻപുള്ള മസാജിങ് നല്ല ഉറക്കത്തിനും സഹായിക്കും.
Content Summary: Ayurveda treatment