എല്ലാ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ? കുളി ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം
Mail This Article
ദിവസവുമുള്ള കുളി പലരുടെയും ശീലത്തിന്റെ ഭാഗമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്‌കാരത്തിന്റെയും. ഓരോ സ്ഥലത്തെയും താപനിലയും പരിസ്ഥിതിയുമൊക്കെയാണ് ഇത്തരം ശീലങ്ങള്‍ക്കു രൂപം നല്‍കിയതെന്നും പറയാം.
ഓരോ രാജ്യത്തും കുളിയുടെ ആവർത്തി വ്യത്യസ്‌തമാണ്. ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമെല്ലാം 80 ശതമാനം പേരും ദിവസവും കുളിക്കുന്നവരാണെങ്കില്‍ അമേരിക്കയില്‍ ഇത് 66 ശതമാനമാണ്. എന്നാല്‍ ചൈനയില്‍ ആഴ്‌ചയില്‍ രണ്ട് തവണ കുളിക്കുന്നവര്‍ ജനസംഖ്യയുടെ പാതിയാണെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ദിവസവുമുള്ള ഈ കുളി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്. പ്രയോജനകരമായ പല ബാക്ടീരിയകളും ശരീരത്തിലെ ചില സ്രവങ്ങളുമൊക്കെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബാക്ടീരിയകളെ നശിപ്പിക്കാന്‍ മാത്രമേ ദിവസവുമുള്ള കുളി, പ്രത്യേകിച്ച് ചൂട് വെള്ളത്തിലുള്ള കുളി സഹായിക്കുള്ളൂ. ഇത് അലര്‍ജിക്കും അണുബാധയ്‌ക്കുമൊക്കെ കാരണമാകുന്ന വരണ്ട ചര്‍മ്മത്തിലേക്കു നയിക്കുന്നു.
ചില ആന്റിബാക്ടീരിയല്‍ സോപ്പുകളും ചര്‍മ്മത്തിലെ സഹായകമായ ബാക്ടീരിയകളെ നശിപ്പിച്ച് ആന്റിബയോട്ടിക് പ്രതിരോധം വളര്‍ത്തുന്ന ജീവികളുടെ വളര്‍ച്ചയ്‌ക്ക് കാരണമാകാം. ഇത്തരത്തില്‍ നോക്കിയാല്‍ ദിവസവുമുള്ള കുളി നമ്മുടെ പ്രതിരോധ സംവിധാനത്തെ തളര്‍ത്തുന്നതായി ചില ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
ഇനി പരിസ്ഥിതിയുടെ വീക്ഷണകോണില്‍ നിന്നു നോക്കിയാലും ദിവസവുമുള്ള കുളി അത്ര നല്ലതല്ല. കുടിക്കാന്‍ പോലും വെളളമില്ലാതെ പല ജനതകളും കഷ്ടപ്പെടുന്ന കാലത്ത് വെള്ളം പാഴാക്കി കളയാന്‍ ഈ പ്രതിദിന കുളി കാരണമാകാം. വെള്ളത്തിലെ ചില രാസവസ്‌തുക്കളും ലവണങ്ങളും അണുനാശിനികളുമൊക്കെ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെ. മുടിയുടെ ആരോഗ്യത്തിനും ദിവസവുമുള്ള കുളി അത്ര നല്ലതല്ലെന്ന് പല ഹെയര്‍സ്റ്റൈലിസ്റ്റുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുളി നിത്യവും വേണ്ടതില്ലെന്നു വച്ചാലും ശരീരത്തിന്റെ ശുചിത്വം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ശരീരത്തിന്റെ പ്രധാനയിടങ്ങള്‍ ആഴ്‌ചയില്‍ പലതവണ ശുചിയാക്കി വയ്‌ക്കേണ്ടതാണ്. കോവിഡ് ഉള്‍പ്പെടെയുള്ള അണുക്കള്‍ അരങ്ങ് വാഴുമ്പോള്‍ കൈകളുടെ ശുചിത്വവും സുപ്രധാനമാണ്. കുളിയുടെ ആവർത്തി വ്യക്തിഗതമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമപ്പെടുത്താം. ചര്‍മ്മപ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ തേടേണ്ടതാണ്.
വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്: വിഡിയോ