തീവ്രമായ വ്യായാമം ഹൃദയത്തിനു കേട്; ബെംഗളൂരുവിലെ ഫിറ്റ്‌നസ് ട്രെയ്നറുടെ മരണം ഓര്‍മ്മിപ്പിക്കുന്നത്
Mail This Article
ശരീരത്തിന്റെ ഫിറ്റ്‌നസ് എന്നത് ഹൃദയത്തിന്റെ ഫിറ്റ്‌നസ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ബെംഗളൂരുവിലെ സൈക്കിളോട്ടക്കാരന്‍ അനില്‍ കാഡ്‌സുറിന്റെ മരണം. ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയായ ഈ 45കാരന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നു. വ്യായാമത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എത്ര ചിട്ടയുള്ള വ്യക്തി ആയിരുന്നാലും ഹൃദയത്തിന്റെ ക്ഷമത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അമിതമായ വ്യായാമവും ചിലപ്പോള്‍ ഹൃദയത്തിനു സങ്കീര്‍ണ്ണതകളുണ്ടാക്കാമെന്നത് കരുതിയിരിക്കേണ്ടതാണ്.
പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗത്തിന്റെ കുടുംബചരിത്രം എന്നിവയുള്ളവര്‍ക്ക് അവര്‍ ഫിറ്റായിരുന്നാലും ഹൃദയാഘാതം വരാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ബംഗലൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. പ്രദീപ് ഹാരനഹള്ളി ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കായികപരമായി നല്ല ക്ഷമത പുലര്‍ത്തുന്നു എന്നത് കൊണ്ട് പരിശോധനകളൊന്നും നടത്തേണ്ടതില്ല എന്നത് ഒരു മിഥ്യാബോധമാണ്. വ്യായാമം ചെയ്‌താല്‍ ഭാരം കുറഞ്ഞെന്നു വരാം. പക്ഷേ ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടാകുന്നതിനെ അത് മൂലം തടയാനായെന്നു വരില്ല.
ഫിറ്റ് ആയി ഇരിക്കുന്നത് കൊണ്ട് പുകവലിച്ചാല്‍ കുഴപ്പമില്ല എന്ന് കരുതുന്നവരുണ്ട്. പുകവലിയുടെ ദോഷങ്ങള്‍ ഫിറ്റ്‌നസിന്റെ ഗുണങ്ങള്‍ കൊണ്ട് നികത്താം എന്നതാണ് ഇവരുടെ ചിന്ത. എന്നാല്‍ പുകവലി രക്തം കട്ട പിടിക്കാനും ബ്ലോക്കുകള്‍ രൂപപ്പെടാനും ഹൃദയാഘാതം ഉണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ഡോ. പ്രദീപ് ചൂണ്ടിക്കാട്ടുന്നു.
ദിവസവും 2.30ന് എഴുന്നേറ്റിരുന്ന അനില്‍ മൂന്ന് മണി മുതല്‍ ഒന്‍പത് മണി വരെ 100 കിലോമീറ്റര്‍ സൈക്കിള്‍ ഓടിക്കുമായിരുന്നു. ഇതിന് ശേഷം ശരീരത്തിന്റെ രൂപഭംഗിക്കായി വര്‍ക്ക് ഔട്ടും ചെയ്യും. 42 മാസം തുടര്‍ച്ചയായി ഇദ്ദേഹം 100 കിലോമീറ്റര്‍ റൈഡ് ചെയ്‌തു കൊണ്ടിരുന്നു.
ആവശ്യത്തിനു വിശ്രമമില്ലാതെയുള്ള ഇത്തരം തീവ്ര വ്യായാമങ്ങള്‍ ഹൃദയ കോശങ്ങള്‍ക്കു നാശം വരുത്തിയിരിക്കാമെന്ന് ഡോ.പ്രദീപ് അഭിപ്രായപ്പെടുന്നു. ഹൃദയത്തിനു കേട് വരുന്നതിന്റെ അടയാളമായ രക്തത്തിലെ പ്രോട്ടീനായ ട്രോപോണിന്റെ തോതും ഇത് മൂലം വര്‍ധിക്കും. തീവ്രമായ വര്‍ക്ക് ഔട്ട് ഹൃദയമിടിപ്പിലും താളപ്പിഴകള്‍ ഉണ്ടാക്കാം. ക്രമം തെറ്റിയ ഹൃദയമിടിപ്പ് ഹൃദയാഘാതത്തിലേക്ക് നയിക്കാറുണ്ട്. ചിലപ്പോള്‍ ഹൃദയത്തിലെ അറകളുടെ വലുപ്പത്തിലും ഹൃദയത്തിലെ പേശികളുടെ കട്ടിയിലും വ്യത്യാസം വരാം.
തീവ്ര വ്യായാമം മൂലം വലത് വശത്തെ ഹൃദയ അറകളായ അട്രിയവും വെന്‍ട്രിക്കിളും വീര്‍ക്കുന്ന കാര്‍ഡിയോമയോപതി ചില ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് വരാറുണ്ട്. ഹൃദയപേശികള്‍ കട്ടിയാകുന്നത് ശ്വാസംമുട്ടല്‍, നെഞ്ച് വേദന, ഹൃദയതാളത്തിലെ വ്യത്യാസം, പെട്ടെന്നുള്ള മരണം എന്നിവയിലേക്ക് നയിക്കാം.
മാരത്തണ്‍, സൈക്ലിങ്, റേസ് എന്നിവ പോലെ കഠിനമായ പ്രവര്‍ത്തികള്‍ക്കു മുന്‍പും ശേഷവും ഹൃദയപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കാര്‍ഡിയാക് എംആര്‍ഐയും രക്തപരിശോധനയും സഹായകമാകും. അത്‌ലറ്റുകള്‍ അല്ലാത്തവര്‍ക്ക് ഹൃദയാഘാത സാധ്യത 59 ശതമാനം കുറയ്‌ക്കാന്‍ 30 മിനിട്ടിന്റെ തീവ്ര വ്യായാമമോ ഒരു മണിക്കൂര്‍ നീളുന്ന മിതമായ വ്യായാമമോ മതിയാകും. എന്തും അമിതമായി ചെയ്‌താല്‍ അത് ദോഷഫലമുണ്ടാക്കുമെന്ന കാര്യം വ്യായാമത്തിന്റെ കാര്യത്തിലും ഓര്‍മ്മിക്കേണ്ടതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ ചെയ്യാം: വിഡിയോ