മുറ്റം സൂപ്പറാ... വീടിന്റെ മുഖം മാറ്റും ലാൻഡ്സ്കേപ്പിങ്; പണം പ്രശ്നമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
വീടിന്റെ അകത്തളങ്ങൾ പോലെ പ്രധാനപ്പെട്ടതാണ് പുറംകാഴ്ചകളും. ഇതിന് ഏറ്റവും ഭംഗി നൽകുന്നതാകട്ടെ ലാൻഡ്സ്കേപ്പുകളാണ്. വീട്ടിലേക്ക് വരുമ്പോൾ തന്നെ മനസിനു സുഖവും കണ്ണിനു കുളിർമയും ലഭിക്കുന്ന ഇടം കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടതാകും. കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ ബജറ്റിൽ വീടു പണിയുമ്പോഴും കൃത്യമായി പ്ലാൻ ചെയ്താൽ അനുയോജ്യമായ പൂന്തോട്ടം തന്നെ ക്രമീകരിക്കാൻ സാധിക്കും. കൂടുതൽ തുക െചലവഴിക്കാതെ ഇത്തരത്തിൽ ചെലവു കുറഞ്ഞ രീതിയിൽ ലാൻഡ്സ്േകപ്പ് ഒരുക്കാം. ഇനി വിശാലമായി ആരെയും കൊതിപ്പിക്കുന്ന ലാൻഡ്സ്കേപ്പാണ് മനസില്ലെങ്കിൽ അതിനും ധാരാളം വഴികളുണ്ട്. എങ്ങനെ വേണമെന്നുള്ളത് നിങ്ങളുടെ തീരുമാനമാണ്.
ലാൻഡ്സ്കേപ്പിങ് രണ്ടുതരമുണ്ട്. സോഫ്റ്റ്സ്കേപ്പിങ്ങും ഹാർഡ് സ്കേപ്പിങ്ങും. സ്ഥലത്തിന്റെ തനതായ പച്ചപ്പും മറ്റും നിലനിർത്തി, ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും നടത്താതെ, ഹോർട്ടികൾച്ചറൽ എലമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, കോൺക്രീറ്റോ, മരമോ അത്തരമുള്ള ചില വസ്തുക്കളോ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ്. ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ ആദ്യമേ പരിശോധിക്കണം. അധികം വെള്ളം കെട്ടി നിൽക്കാത്തതും, എവിടേക്കെങ്കിലും ഒഴുകിപ്പോകാൻ സൗകര്യമുള്ളതുമാകണം ലാൻഡ്സ്കേപ്പ് ഏരിയ. അത്തരം സൗകര്യങ്ങളില്ലെങ്കിൽ ഭൂമി ലെവൽ ചെയ്ത്, ലാൻഡ്സ്കേപ്പിങ്ങിന് അനുസൃതമാക്കണം.
എന്തുവേണം?
ലാൻഡ്സ്കേപ്പിങ് പ്ലാൻ തയാറാക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങളെന്തെല്ലാമാണെന്ന് ആദ്യം തീർച്ചപ്പെടുത്തുക. ഏതു തരം ഗാർഡൻ സെറ്റ് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പരിപാലനത്തിന് സമയക്കുറവുള്ളവർക്ക് വളരെ കുറച്ചു ചെടികൾ മാത്രം ഉപയോഗിച്ചുള്ള ഡ്രൈഗാർഡൻ, പെബിളുകൾ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടുള്ള പെബിൾ ഗാർഡൻ, പൂളുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും മറ്റും കൂട്ടിച്ചേർത്ത് മനോഹരമാക്കുന്ന വാട്ടർ ഗാർഡൻ, പൂമ്പാറ്റകളെ ആകർഷിക്കാനായി പ്രത്യേകതരം െചടികൾ നട്ട് നിർമിക്കുന്ന ബട്ടർഫ്ലൈ ഗാർഡൻ എന്നിങ്ങനെ നിരവധിയേറെ ലാൻഡ്സ്കേപ്പിങ് രീതികളുണ്ട്.
കുട്ടികൾക്കു കളിക്കാനുള്ള പ്ലേ ഏരിയ, പേഷ്യോ, വാക്ക് വേ, ഡ്രൈവ് േവ എന്നിങ്ങനെ ഓരോ ആവശ്യത്തിനുമുള്ള സ്ഥലം മുൻകൂട്ടി നിശ്ചയിക്കണം. ബ്രോക്കൺ കോൺക്രീറ്റ് പീസുകൾ, വെള്ളം കടത്തിവിടുന്ന പെർമിയബിൾ കോൺക്രീറ്റ് പീസുകൾ, ക്ലേ ബ്രിക്സ്, സാൽവേജ് സ്റ്റോണുകള്‍, നാച്വറൽ കരിങ്കല്ല് എന്നിവയാണ് വാക്ക്–വേകളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ. ഡ്രൈവ് വേയും മറ്റും നിർമിക്കുമ്പോൾ വശങ്ങളിൽക്കൂടി ഇടുന്നതാണു നല്ലത്. കഷണങ്ങളായി മുറിഞ്ഞ ലാൻഡ്സ്കേപ്പിങ്ങിന് ഭംഗി കുറയും.
ചെലവുകുറച്ച് വീട്ടിലൊരുക്കാം ലാൻഡ്സ്കേപ്പ്
വീട്ടുമുറ്റത്ത് വളരുന്ന ചെറിയ മരങ്ങൾ, ചെടികൾ എന്നിവ നശിപ്പിക്കാതെ ഗാർഡന്റെ ഭാഗമാക്കി മാറ്റാം. പാറക്കെട്ടുകളെയും ഇതുപോലെ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കാം. പാറകൾക്കു പായൽ പിടിക്കാതെ പെയിന്റ് അടിച്ച് മനോഹരമാക്കുകയും ചെയ്യാം. ഗാർഡനിൽ വിദേശ ചെടികൾക്കൊപ്പം ബൊഗെയ്ൻവില്ല, ചെമ്പരത്തി, െചത്തി എന്നിങ്ങനെ പ്രാദേശികമായി ധാരാളം ലഭിക്കുന്ന ചെടികളും നട്ടുപിടിപ്പിക്കാം. പല നിറങ്ങളിലും വൈവിധ്യങ്ങളിലും ലഭിക്കുന്ന ഈ ചെടികൾക്കു താരതമ്യേന ചെലവു കുറവാണ്. മാത്രമല്ല, ഏറെനാൾ നിലനിൽക്കുന്ന ഇത്തരം നാടൻ ചെടികൾ അധികം ഉയരത്തിലല്ലാതെ വെട്ടി നിർത്തിയാൽ പൂന്തോട്ടത്തിന് അതിരായി വളർത്തുകയും ചെയ്യാം.
ചെലവു കുറയ്ക്കാനായി വിലകൂടിയ പെബിൾസും ഒഴിവാക്കി പടർന്ന് വളരുന്ന പുല്ലുകൾ മുറ്റത്തു വിരിക്കുന്നതു നല്ലതാണ്. ചെലവു കുറയ്ക്കുന്നതിനൊപ്പം തന്നെ മഴവെള്ളം ഭൂമിയിൽ താഴുന്നതിനും വേനൽക്കാലത്തെ ചൂടു കുറയ്ക്കാനും ഇതു സഹായിക്കും. നാട്ടിൻപുറങ്ങളിൽ കണ്ടു വരുന്ന കറുകപ്പുല്ല് മുറ്റത്തു നട്ടുവളർത്താൻ ഉചിതമാണ്. അധികം പരിചരണം ഇവയ്ക്കു വേണ്ട. വൻ വില കൊടുത്ത് പുറത്തു നിന്നുള്ള ചെടികൾ വാങ്ങുന്നതിനു പകരം പ്രാദേശികമായ ചെടികൾ തിരഞ്ഞെടുത്താൽ തന്നെ ലാൻഡ്സ്കേപ്പിങ്ങിനു വേണ്ടിവരുന്ന ചെലവ് കൈപ്പിടിയിൽ ഒതുങ്ങും. ബുദ്ധിപൂർവം ലാൻഡ്സ്കേപ്പിങ് ചെയ്യുന്നതിലൂടെ നമ്മുടെ വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പ്രകൃതിയോടു ചേർന്നു കിടക്കുന്ന ഒരു ആവാസവ്യവസ്ഥ നിർമിക്കൽ കൂടിയാണ് അത്.