40000 വീടുകൾ പൂർത്തിയാക്കും, 15000 കോടി വകയിരുത്തി: ഇടത്തരക്കാർക്ക് ആശ്വാസമായി കേന്ദ്രബജറ്റിൽ പ്രഖ്യാപനങ്ങൾ

Mail This Article
2025ലെ ആദ്യ കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ മധ്യ വർഗ്ഗക്കാർക്ക് ഭവനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വിപുലീകരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്‌പെഷൽ വിൻഡോ ഫോർ അഫോർഡബിൾ ആൻഡ് ഹൗസിങ് സ്കീമിന് (SWAMIH) കീഴിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ വിപുലീകരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ 50,000 വീടുകൾ തയാറായതായും താക്കോൽ കൈമാറ്റം നടന്നതായും ധനമന്ത്രി സഭയെ അറിയിച്ചു.
സ്വാമിഹ് പദ്ധതിയുടെ ആദ്യഘട്ടം വിജയമായതിന്റെ പിന്തുടർച്ചയെന്നോണമാണ് സ്വാമിഹ് 2 ന് തുടക്കം കുറിക്കുന്നത്. 15000 കോടി രൂപയായിരിക്കും പദ്ധതിക്ക് കീഴിൽ ഭവന മേഖലയ്ക്കായി നീക്കി വയ്ക്കുക. സർക്കാരിൽ നിന്നുള്ള വിഹിതത്തിനു പുറമേ ബാങ്കുകളുടെയും സ്വകാര്യ നിക്ഷേപകരുടെയും സഹകരണത്തോടെയാവും തുക സമാഹരിക്കുക. തുക വിനിയോഗിച്ച് ഒരു ലക്ഷം ഭവന യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതിയെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സ്വാമിഹിന്റെ ആദ്യഘട്ടം ഇപ്പോഴും തുടരുകയാണെന്നും 2025 -26 കാലയളവിൽ 40000 വീടുകൾ കൂടി പൂർത്തിയാകുമെന്നും ബജറ്റിൽ പറയുന്നുണ്ട്.
അപ്പാർട്ട്മെന്റുകൾ വാങ്ങാൻ വായ്പയെടുക്കുകയും എന്നാൽ അവ വാസയോഗ്യമാകുന്നത് വരെയുള്ള കാലയളവിലേയ്ക്ക് വാടകവീടുകളിൽ താമസിക്കുകയും ചെയ്യേണ്ടിവരുന്ന മധ്യവർഗ്ഗക്കാരെ സഹായിക്കുക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് പുറമേ വാടകയും നൽകേണ്ടി വരുന്ന അധിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇതിനുപുറമേ ജൂലൈയിലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നഗരങ്ങൾ വളർച്ചാ ഹബ്ബുകളാക്കൽ, നഗരങ്ങളുടെ ക്രിയാത്മകമായ പുനർവികസനം, ജലവിതരണം, ശുചിത്വം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾക്ക് പിന്തുണയേകുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് രൂപീകരിക്കുമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.
പ്രായോഗിക പദ്ധതികളുടെ 25 ശതമാനം വരെ ഈ ഫണ്ട് വഹിക്കും. ബോണ്ടുകൾ, ബാങ്ക് ലോണുകൾ, പൊതു -സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെയാണ് 50 ശതമാനം തുക സമാഹരിക്കുക. 2025- 26 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള പ്രാരംഭ വിഹിതമായി 10000 കോടി അനുവദിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ടിഡിഎസിന്റെ നികുതിരഹിത വാടക പരിധി പ്രതിവർഷം 2.40 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി ഉയർത്തിയതായി ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇത് വാടകക്കാർക്കും ഒരുപോലെ ഗുണപ്രദമാകും.