കുതിച്ചുകയറി കൊക്കോ; ഉൽപാദനം ഇടിയും വിലക്കയറ്റത്തിനു സാധ്യത: ഇന്നത്തെ (05/12/24) അന്തിമ വില
Mail This Article
പ്രതികൂല കാലാവസ്ഥ നിമിത്തം സംസ്ഥാനത്ത് കൊക്കോ ഉൽപാദനം അടുത്ത വർഷത്തെ ആദ്യ വിളവിൽ ചുരുങ്ങുമെന്ന വിവരം ഉൽപന്നത്തിന്റെ വിലക്കയറ്റത്തിന് അവസരം ഒരുക്കി. കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്ന കനത്ത മഴ ഹൈറേഞ്ചിലെയും മറ്റു ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കൊക്കോ പൂക്കൾ അടർന്ന് വീണ വിവരം മനോരമ ഓൺലൈൻ കർഷകശ്രീ പുറത്തു വിട്ടിരുന്നു. ഉൽപന്ന ലഭ്യത കുറയുമെന്ന് തിരിച്ചറിഞ്ഞതോടെ ബഹുരാഷ്‌ട്ര കമ്പനികൾ അടക്കമുള്ള ചോക്ലേറ്റ് വ്യവസായികൾ വിപണിയോടു കൂടുതൽ താൽപര്യം കാണിച്ചു. ഉൽപാദനം ചുരുങ്ങുമെന്ന് വ്യക്തമായതോടെ കർഷകരും കരുതലോടെയാണ് ചരക്ക് ഇറക്കുന്നത്. കർണാടകത്തിലെ ചില ഭാഗങ്ങളിലും ഉൽപാദനത്തിൽ കുറവ് സംഭവിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മധ്യകേരളത്തിൽ കൊക്കോ വില ഇന്ന് കിലോ 695 രൂപയിൽ ഇടപാടുകൾ നടന്നപ്പോൾ മുരിക്കാശ്ശേരി വിപണിയിൽ 700-710 രൂപയിൽ ചരക്ക് കൈമാറ്റം നടന്നു. അന്താരാഷ്‌ട്ര കൊക്കോ അവധി വ്യാപാരത്തിൽ 9401 ഡോളറിലാണ് ഇടപാടുകൾ നടക്കുന്നത്.
വിനിമയ വിപണിയിൽ യെന്നിന്റെ മൂല്യത്തിൽ വീണ്ടും കുറവ് അനുഭവപ്പെട്ടത് ഒരു വിഭാഗം നിഷേപകരെ റബറിലേക്ക് ആകർഷിച്ചു. ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഇടപാടുകളുടെ തുടക്കത്തിൽ അവധി വിലകൾ കരുത്ത് നിലനിർത്തിയെങ്കിലും പീന്നിട് അനുഭവപ്പെട്ട തളർച്ച സിംഗപ്പുർ എക്‌സ്‌ചേഞ്ചിലും റബറിനു തിരിച്ചടിയായി. പ്രദേശിക അവധികൾ മൂലം തായ് മാർക്കറ്റായ ബാങ്കോക്ക് ഇന്ന് പ്രവർത്തിച്ചില്ല. സംസ്ഥാനത്ത് കാലാവസ്ഥ അൽപം തെളിഞ്ഞത് കണ്ട് ലാറ്റക്‌സ് വിറ്റുമാറാൻ തെക്കൻ ജില്ലകളിലെ ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും നീക്കം നടത്തി. തെളിഞ്ഞ ആകാശം അവസരമാക്കി ഒരു വിഭാഗം പുലർച്ചെ ടാപ്പിങിനും ഉത്സാഹിച്ചു. ഇതിനിടെ വ്യവസായിക ഡിമാൻഡ് മങ്ങിയത് മൂലം നാലാം ഗ്രേഡ് കിലോ മൂന്ന് രൂപ കുറഞ്ഞ് 195 രൂപയിൽ വിപണനം നടന്നു.
ലേലത്തിന് എത്തിയ ഏലക്ക പൂർണ്ണമായി വിറ്റഴിഞ്ഞു. ശക്തമായ വാങ്ങൽ താൽപര്യമായിരുന്നു ഇടപാടുകളുടെ തുടക്കം മുതൽ തന്നെ അലയടിച്ചത്. ലേലത്തിനു വന്ന 12,616 കിലോഗ്രാം ഏലക്ക വാങ്ങലുകാർ മൊത്തമായി സംഭരിച്ചതോടെ ശരാശരി ഇനങ്ങളുടെ വില കിലോ 3032 രൂപയായും മികച്ചയിനങ്ങൾ 3350 രൂപയായും ഉയർന്നു.
ഉത്തരേന്ത്യൻ വ്യാപാരികൾ കുരുമുളക് സംഭരിക്കാൻ ഉത്സാഹിച്ചതോടെ ഉൽപ്പന്ന വില വീണ്ടും വർധിച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് 200 രൂപ ഉയർന്ന് 64,000 രൂപയായി.