കാപ്പിക്ക് ബലമായി വേനൽ മഴ; കരുത്തുകാട്ടി കുരുമുളകും ഏലക്കയും; മാറ്റമില്ലാതെ റബർ: ഇന്നത്തെ (27/3/25) അന്തിമ വില

Mail This Article
വേനൽ മഴയുടെ വരവ് അടുത്ത സീസണിൽ കാപ്പി ഉൽപാദനം ഉയർത്താനുള്ള സാധ്യതകൾക്ക് ശക്തിപകർന്നു. വരണ്ടുണങ്ങിയ കാപ്പി ഉൽപാദക മേഖലകളിൽ ഏതാനും ദിവസങ്ങളിൽ ലഭ്യമായ മഴ കാപ്പിച്ചെടികൾ മികച്ചരീതിയിൽ പുഷ്‌പിക്കാൻ അവസരം ഒരുക്കും. കാലവർഷത്തിനു മുന്നോയുള്ള ഈ മഴ വിളവ് ഉയർത്തുമെന്ന നിഗമനത്തിലാണ് തോട്ടം മേഖല. വയനാട്ടിലും പാലക്കാട് നെല്ലിയാംപതി മേഖലയിലും അടുത്ത വിളവ് നടപ്പു സീസണിനേക്കാൾ മെച്ചപ്പെടാനുള്ള സാധ്യതകളാണ് കർഷകർ വിലയിരുത്തുന്നത്. വയനാട്ടിൽ വേനൽ മഴ പതിവിലും 193 ശതമാനം കൂടുതൽ ലഭിച്ചു. ഒക്‌ടോബറിലാണ് അടുത്ത കാപ്പി സീസണിന് തുടക്കം കുറിക്കുക. മികച്ച മഴ കൂർഗ്ഗ്, ചിക്കമംഗലുർ, ഹസ്സൻ മേഖലകളിലും ഉൽപാദനം ഉയർത്തുമെന്നാണ് ലഭ്യമായ സൂചന. റോബസ്റ്റ 50 കിലോ 22,200 - 22,900 രൂപയിലും റോബസ്റ്റ ചെറി 50 കിലോ 12,200 - 13,200 രൂപയിലുമാണ് കർണാടകത്തിൽ വിപണനം നടക്കുന്നത്. അറബിക്ക 50 കിലോ 26,500 - 27,200 രൂപയും അറബിക്ക ചെറി 50 കിലോ 15,200 - 17,000 രൂപയുമാണ്. കൽപ്പറ്റയിൽ കാപ്പി പരിപ്പ് കിലോ 460 രൂപയിലും കട്ടപ്പനയിൽ റോബസ്റ്റ 450 രൂപയിലുമാണ്.
Also read: ലോകം മുഴുവൻ ആരാധകർ; മലയാളിയുടെ കണ്ടുപിടിത്തം; ഇടുക്കിയിൽനിന്ന് പറക്കുന്ന ’സ്പെഷൽ’ കോഫി
കുരുമുളക് വിപണി ഒരാഴ്‌ച നീണ്ട സാങ്കേതിക തിരുത്തലുകൾക്കു ശേഷം ചെറിയ തിരിച്ചു വരവ് കാഴ്‌ചവച്ചു. കഴിഞ്ഞവാരം സൂചന നൽകിയതാണ് വിപണി ഒരു തളർച്ചയെ അഭിമുഖീകരിക്കുമെന്ന കാര്യം. സാമ്പത്തിക വർഷാന്ത്യമായതിനാൽ മാർക്കറ്റിൽ പണത്തിന് അനുഭവപ്പെടുന്ന ഞെരുക്കം വാങ്ങലുകാരെ രംഗത്തുനിന്ന് അൽപം പിൻതിരിപ്പിച്ചിരുന്നു. അൺ ഗാർബിൾഡ് കുരുമുളകുവില 100 രൂപ ഉയർന്ന് 68,800 രൂപയായി. കർണാടകത്തിൽ മികച്ചയിനം കുരുമുളക് കിലോ 730 രൂപയിൽ കൈ മാറി. മുഖ്യ ഉൽപാദകകേന്ദ്രമായ കൂർഗ്ഗിൽ വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങൽ താൽപര്യം ശക്തമാക്കി.

ഗ്രീൻ ഹൗസ് കാർഡമത്തിൽ നടന്ന ഏലക്ക ലേലത്തിൽ ചരക്ക് സംഭരിക്കാൻ ആഭ്യന്തര വാങ്ങലുകാർ ഉത്സാഹിച്ചു, ഈസ്റ്റർ, വിഷു വിൽപനകൾ മുന്നിൽ കണ്ടുള്ള വാങ്ങൽ പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങളായി നിരക്ക് ഉയരുന്ന പ്രവണത ലേല കേന്ദ്രങ്ങളിൽ ദൃശ്യമായത് തിരക്കിട്ട് ചരക്ക് സംഭരണത്തിനു വാങ്ങലുകാരെ പ്രേരിപ്പിച്ചു. കാത്തിരുന്നാൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം. കയറ്റുമതിക്കാർ വലുപ്പം കൂടിയ ഇനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. വിൽപനയ്‌ക്ക് ഇറങ്ങിയ 23,917 കിലോ ഏലക്കയിൽ 23,705 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ 3132 രൂപയിലും ശരാശരി ഇനങ്ങൾ 2778 രൂപയിലും കൈമാറി.
ആഭ്യന്തര വിദേശ വിപണികളിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉൽപന്ന വിലയിൽ കാര്യമായ വ്യതിയാനം ദൃശ്യമായില്ല. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 209 രൂപയിലാണ്. സംസ്ഥാനത്തെ വിപണികളിൽ വിൽപ്പനക്കാരുടെ അഭാവത്തിനിടയിലും നാലാം ഗ്രേഡ് 205 രൂപയിൽ തുടരുന്നു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ കിലോ 202 രൂപയ്‌ക്കു ശേഖരിച്ചു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക