കുരുമുളകു വിപണിയിൽ ചൂടൻ വാർത്തകൾക്കു സാധ്യത; സ്ഥിരതയോടെ കൊക്കോ: ഇന്നത്തെ (28/03/25) അന്തിമ വില

Mail This Article
വേനൽ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമായെങ്കിലും റബർ മേഖലയിലെ വരണ്ട കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ല. കാർഷിക മേഖലയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ പിന്നിട്ട സീസണിലെ ചരക്ക് പൂർണമായി വിറ്റഴിച്ചിട്ടില്ല. ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളിൽ ഷീറ്റും ലാറ്റക്‌സും കുറഞ്ഞ അളവിലാണ് വിൽപന നടക്കുന്നത്. അതേസമയം വേനൽമഴ സജീവമായാൽ സ്റ്റോക്കിസ്റ്റുകൾ വിപണികളിൽ ഇടം പിടിക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 206 രൂപയിൽ വ്യാപാരം നടന്നു. ഇതിനിടെ ഈസ്റ്റർ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ അടുത്ത വാരം മുതൽ ഷീറ്റും ലാറ്റക്‌സും വിൽപ്പനയ്‌ക്ക് ഇറക്കാൻ ഇടയുണ്ട്. വാരാന്ത്യമായതിനാൽ രാജ്യാന്തര റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിനു മുൻതൂക്കം നൽകി. പെരുന്നാളിന്റെ ഭാഗമായി അടുത്ത വാരം തുടക്കത്തിൽ പല വിപണികളും ഹോളി ഡേ മൂഡിൽ നീങ്ങാനുള്ള സാധ്യതകൾ വാങ്ങൽ താൽപര്യത്തെ ബാധിക്കും.
പെരുന്നാൾ രാവിന് ശേഷം ചൂടൻ വാർത്തകൾ ആഗോള കുരുമുളക് വിപണിയിൽ നിന്നും പുറത്തു വരാനുള്ള സാധ്യതകൾ തെളിഞ്ഞു. മലേഷ്യയും ഇന്തോനേഷ്യയുമെല്ലാം പെരുന്നാൾ ആഘോഷങ്ങളിലേക്ക് തിരിയുന്നതിനാൽ വിദേശ ബയർമാർ രംഗത്തുനിന്ന് അൽപം അകന്നു. ഇന്ത്യൻ മാർക്കറ്റ് ഈ വാരം ഒരു സാങ്കേതിക തിരുത്തലിന് ശ്രമം നടത്തിയെങ്കിലും വിപണിയുടെ അടിയോഴുക്ക് അളക്കാനുള്ള അവസരം നൽക്കാതെ ഉൽപന്ന വില താഴ്‌ന്ന തലത്തിൽനിന്നു തിരിച്ചു കയറുകയാണ്. ടണ്ണിന് 8250 ഡോളർ റേഞ്ചിലാണ് മലബാർ മുളകു വില. കൊച്ചിയിൽ അൺ ഗാർബിൾഡ് ക്വിന്റലിന് 68,900 രൂപയായി ഉയർന്നു.

പുതിയ കൊക്കോ മധ്യകേരളത്തിലെ വിപണികളിൽ കൂടുതലായി എത്തിത്തുടങ്ങി. ഈസ്റ്ററിന് മുന്നോടിയായി വരവ് ശക്തിയാർജിക്കുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. ചോക്ലേറ്റ് വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് ചുരുങ്ങിയതിനാൽ നിരക്ക് താഴ്‌ന്നാണ് ഇടപാടുകൾ പുരോഗമിക്കുന്നത്. ഉണക്ക കൊക്കോ കിലോ 250‐300 രൂപയിലും പച്ചക്കായ 100‐120 രൂപയിലും വ്യാപാരം നടന്നു.
ഇടുക്കി മഹിള കാർഡമത്തിൽ നടന്ന ലേലത്തിനു വന്ന ചരക്ക് പൂർണമായി വിറ്റഴിഞ്ഞു. നൂറു കിലോ വരെ ഏലക്ക ലഭിച്ചിരുന്ന പല തോട്ടങ്ങളിലും പ്രതികൂല കാലാവസ്ഥയിൽ വിളവ് അഞ്ചിലൊന്നായി കുറഞ്ഞ അവസ്ഥയാണ്. അതുകൊണ്ടുതന്നെ ലേലത്തിന് ഇറങ്ങുന്ന ഏലക്ക പരമാവധി വാങ്ങിക്കൂട്ടാൻ ഇടപാടുകാർ മത്സരിച്ചു. പകൽ താപനില ഉയർന്ന തലങ്ങളിൽ സഞ്ചരിക്കുന്നതിനാൽ അടുത്ത മാസം ഉൽപാദനം പൂർണമായി സ്‌തംഭിക്കാമെന്ന ഭീതിയിലാണ് ഒരു വിഭാഗം വ്യവസായികൾ ചരക്കു സംഭരിക്കുന്നത്. ലേലത്തിന് ഇറങ്ങിയ 24,301 കിലോഗ്രാം ഏലക്ക മുഴുവൻ വിറ്റു. ശരാശരി ഇനങ്ങൾ 2804 രൂപയിൽ കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക