ADVERTISEMENT

കടുത്തുരുത്തിയിലെ മാംഗോ മെഡോസിനെക്കുറിച്ച് മുൻമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പങ്കുവച്ച കുറിപ്പ്

കടുത്തുരുത്തിയിലെ മാംഗോ മെഡോസ് 2018ൽ തുറക്കുന്നതിനുമുമ്പു തന്നെ എനിക്കു പരിചിതമാണ്. പക്ഷേ ഇപ്പോഴാണ് ആദ്യമായിട്ട് അവിടെ പോകുന്നത്. ഗൾഫിൽ എൻജിനീയർ ആയിരുന്ന എൻ.കെ.കുര്യന് മരുഭൂമിയിലെ ചില കൃത്രിമ തോട്ടങ്ങൾ കണ്ടപ്പോഴാണ് പ്രകൃതി സമ്പന്നമായ കേരളത്തിൽ ഇതിന്റെയെല്ലാം പലമടങ്ങ് വൈവിധ്യവും ആകർഷകവുമായ കാർഷിക പാർക്ക് എന്തുകൊണ്ട് ഉണ്ടാക്കിക്കൂടായെന്ന ചിന്ത വന്നത്. അങ്ങനെയാണ് 2003ൽ ആയാംകുടിയിൽ 4.5 ഏക്കർ വാങ്ങിയത്. പല ഘട്ടങ്ങളിലായി 30 ഏക്കർ വരുന്ന ഒരു കൊച്ചു തുരുത്താകെ പാർക്കിന്റെ ഭാഗമായി. 4800ൽപ്പരം സസ്യജനുസുക്കളിൽ 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍, 39 തരം വാഴകള്‍, ഔഷധച്ചെടികൾ എന്നിവയെല്ലാം ഉൾപ്പെടും. അഞ്ച് കുളങ്ങളിൽ 64 ഇനം മീനുകളും ഉണ്ടത്രേ. 25 ഇനം വളര്‍ത്തുപക്ഷിമൃഗാദികള്‍ എന്നിവയേയും ഇവിടെ സംരക്ഷിക്കുന്നു.

എൻ.കെ.കുര്യൻ എന്നെ കാണാൻ വന്നത് കെഎഫ്‌സിയിൽനിന്നുള്ള വായ്പയ്ക്കായിരുന്നു. നല്ലൊരു സംരംഭത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പക്ഷേ, വായ്പ നൽകുന്നതിന് ആദ്യം അനുകൂല നിലപാടെടുത്ത കെഎഫ്‌സി പിന്നീട് ചില സാങ്കേതിക തടസ്സങ്ങൾമൂലം അതിൽ നിന്നും പിൻവാങ്ങി. കൃത്യമായി ഓർക്കുന്നില്ലെങ്കിലും രേഖകൾ പ്രകാരം ഭൂമിയിൽ ഗണ്യമായ ഭാഗം തണ്ണീർത്തടമാണ്. അത് ഈടായി സ്വീകരിക്കാൻ കെഎഫ്‌സി ഡയറക്ടർ ബോർഡ് തയാറായിരുന്നില്ല. അതുമൂലം താൽക്കാലിക വായ്പയായി ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നു വലിയ പലിശയ്ക്കെടുത്ത തുക സ്ഥിരം ബാധ്യതയായി തീർന്നു. അത്ര ഉയർന്ന പലിശകൊണ്ട് ഒരു സംരംഭവും സ്ഥായിയായി നടത്താനാവില്ലെന്നു വ്യക്തമായിരുന്നു. 

mango-meadows-thomas-isaac-with-kurian
മാംഗോ മെഡോസ് ഉടമ എൻ.കെ.കുര്യനൊപ്പം ‍ഡോ. തോമസ് ഐസക്

എന്നാൽ 2018ൽ തീം പാർക്ക് തുറന്നതോടെ ഉണ്ടായ പ്രതികരണം വലിയ പ്രതീക്ഷ ഉയർത്തി. അവിടുത്തെ കോട്ടേജുകളിൽ രാപ്പാർക്കുന്നതിനും ഉല്ലാസത്തിനും വിനോദത്തിനുമായി കുടുംബസന്ദർശകരുടെ വലിയൊരു ഒഴുക്കുതന്നെ ഉണ്ടായി. 32 പേർക്ക് ഇരിക്കാവുന്ന ബാറ്ററിയിലോടുന്ന ട്രെയിനാണ് മാംഗോ മെഡോസിലെത്തുന്നവരുടെ മനംകവരുന്നത്. പാർക്കിലെത്തുന്നവർ മരങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡ് ടൂറിൽ നിർബന്ധമായും പങ്കെടുക്കണം. പാർക്കിൽ നിന്നും ശിക്കാരി വള്ളങ്ങളിൽ തോടുകളിലൂടെ ഉല്ലാസയാത്രയാവാം. 

പാർക്കിലെ തിരക്കുമൂലം ആ പ്രദേശത്തെ ഗതാഗതസ്തംഭനം തന്നെ പതിവായി. അപ്പോഴാണ് പ്രളയം വന്നു പതിച്ചത്. രണ്ട് പ്രളയത്തിലും പാർക്കാകെ മുങ്ങി. അതിൽ നിന്നും കരകയറി വന്നപ്പോഴാണ് കോവിഡ്. പാർക്ക് അടച്ചിടേണ്ടി വന്നു. എന്നാൽ ആവർത്തനച്ചെലവിനു വലിയ കുറവൊന്നുമില്ല. അങ്ങനെ ഭീമമായ നഷ്ടത്തിലേക്കു നീങ്ങി.

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പാർക്കിനെ രക്ഷിക്കാൻ ഒട്ടനവധി സാധാരണക്കാർ മുന്നോട്ടുവന്നു. ക്രൗഡ് ഫണ്ടിങ്ങിനുള്ള ശ്രമം അഭൂതപൂർവമായ വിജയമായിരുന്നു. അങ്ങനെ പാർക്ക് വീണ്ടും ദിനംതോറും ആയിരങ്ങളെ ആകർഷിച്ചുകൊണ്ട് പഴയ പ്രതാപത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ്. കൊള്ളപ്പലിശയ്ക്കുള്ള വായ്പ അടച്ചുതീർത്താലേ സംരംഭത്തിനു നിലനിൽക്കാൻ കഴിയൂവെന്നു വ്യക്തമാണ്. ഇതിനായി 25 ശതമാനം ഓഹരി വിൽക്കുന്നതിനു കുര്യൻ തീരുമാനിച്ചിരിക്കുകയാണ്. 12 ലക്ഷമോ അതിലധികമോ നിക്ഷേപിക്കുന്നവർക്കാണ് ഓഹരി പങ്കാളിത്തം നൽകുക. കൺവർട്ടബിൾ ഡിബഞ്ചറായും നിക്ഷേപം നടത്താം. അതോടൊപ്പം കെഎഫ്‌സിയിൽ നിന്ന് വായ്പ എടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അനുകൂലമായ പ്രതികരണമാണ് നിയമസഭയിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.

mango-meadows-1

മാംഗോ മെഡോസ് തുടർന്നും നിലനിൽക്കേണ്ടത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തുടക്കത്തിൽ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യതയെക്കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് ഇന്നു സ്ഥാനമില്ലല്ലോ. കാരണം ഇത്രയേറെ പ്രതികൂലമായ പ്രകൃതിസാഹചര്യങ്ങളെ അതിജീവിക്കുന്നതിന് കഴിഞ്ഞ മാംഗോ മെഡോസ് വിജയകരമായ സംരംഭമായിതന്നെ കണക്കാക്കണം.

കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെ ദ്വിദിന കൺവെഷൻ പാർക്കിൽ വച്ചായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വൈകുന്നേരംവരെ പാർക്ക് ചുറ്റിക്കണ്ടശേഷമാണ് അവിടെനിന്നു മടങ്ങിയത്. എല്ലാം കണ്ടും കേട്ടും തീർക്കാൻ ഒരു പകൽ പോരായെന്നതാണു സത്യം.

English summary: Thomas Isaac writes about Mango Meadows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com