ആ വാഴക്കുല ഞാലിപ്പൂവനായിരുന്നു! ഇന്നും പ്രസക്തി; ഒരാൾ വാഴ നട്ടു, കുല വന്നു, മറ്റൊരാൾ കൊണ്ടുപോയി
Mail This Article
ചങ്ങമ്പുഴയുടെ വിശ്രുത കവിതയായ 'വാഴക്കുല' ഞാലിപ്പൂവനായിരുന്നോ? അതോ പാളയംകോടനോ? റോബസ്റ്റയോ? - പണ്ടൊരു അധ്യാപകൻ ഈ വിധം കുട്ടികളോട് ചോദിച്ചത്രെ. നമ്മുടെ പൈതങ്ങൾ കവിത മാത്രമല്ല, വാഴയും കുലയും കൃഷിയും എന്താണെന്നു കൂടി പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ലാക്ക്! എന്തായാലും ആ വാഴക്കുല ഞാലിപ്പൂവനാണ്, തർക്കമില്ല. കവി അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ, സംഗതി സിമ്പിളാണ് - ഒരാൾ വാഴ നട്ടു, കുല വന്നു, മറ്റൊരാൾ കൊണ്ടുപോയി. അത്രയേയുള്ളൂ കാര്യം! പക്ഷെ, അതൊരു മഹാവിപ്ലവത്തിനു തിരികൊളുത്തലായിരുന്നു എന്നു മാത്രം!
ഈ പഴയ വാഴയും കുലയും ഇന്നും വാടിക്കരിഞ്ഞിട്ടില്ല എന്നതാണ് അത്ഭുതം. ഒരിക്കൽ വലിയൊരു യുഗ പരിവർത്തനത്തിനു വഴി തെളിച്ച വാഴക്കുല ഇപ്പോഴും പഴുത്തുപോകാതെ സാമൂഹിക, സാഹിത്യ, രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ എരിവും വീര്യവുമുള്ള പടപ്പാട്ടായി നിറഞ്ഞു നിൽക്കുകയാണ്! ഈ വാഴയ്ക്ക് ഇന്നും നമ്മൾ വെള്ളം കോരുന്നു, മറ്റുള്ളവർ കുല കൊണ്ടുപോകുന്നു!
രക്ഷിച്ചവനു തല കൊടുത്തു
പണ്ടത്തെ രണ്ടാം ക്ലാസിലെ മലയാളം പുസ്തകത്തിലുണ്ടായിരുന്ന പന്ത്രണ്ടാം പാഠം ഓർമയില്ലേ? 'രക്ഷിച്ചവനു തല കൊടുത്തു' എന്ന പേരിലുള്ള ഈ പാഠം എത്രയോ തലമുറകളിലേക്ക് കൃഷിയുടെയും ത്യാഗത്തിന്റേയും മാഹാത്മ്യം പകർന്നു.
ഒരു കുപ്പക്കുഴിയിൽ അമ്മവാഴ പെറ്റിട്ട ഒരു വാഴത്തൈയുടെ സമർപ്പണത്തിന്റെ കഥയാണത്. തന്നെ കരുതലോടെ പരിപാലിച്ചു വളർത്തിയ കർഷകന് സ്വന്തം തല ഉപഹാരമായി കൊടുത്ത വാഴയുടെ കഥ! എവിടെയെങ്കിലും വാഴ കുലച്ചു നിൽക്കുന്നതു കാണുമ്പോൾ ഈ പാഠം ഓർമ്മ വരാതിരിക്കില്ല - എത്ര കാലം കഴിഞ്ഞാലും! രക്ഷിച്ചവരെ നിന്ദിക്കുന്നവരുടെ ലോകം കൂടിയാണല്ലോ ഇതെന്ന് ഓർക്കുമ്പോഴാണ് ഈ പാഠപ്പഴക്കുലയ്ക്കു മധുരമേറുന്നത്.
നീ വാഴച്ചുവട്ടിൽ നിന്നാൽ മതി
ഒരിക്കൽ വീട്ടിലെത്തി കണ്ണും ചെവിയും പൊട്ടുന്ന തമാശ പറഞ്ഞ വികെഎന്നിനോട് 'നീ വീട്ടിനകത്ത് ക യറേണ്ട, വാഴച്ചുവട്ടിൽ നിന്നാൽ മതി' എന്നായിരുന്നു ബഷീർ പറഞ്ഞത്. നമുക്ക് വേണ്ടതും വേണ്ടാത്തതുമായ വഹകളൊക്കെ വാഴച്ചുവട്ടിൽ കൊണ്ടിടുന്നതായിരുന്നല്ലോ പഴയ രീതി. വാഴയ്ക്ക് കൊടുക്കുന്ന മുട്ടിനെ 'മുട്ടാളൻ' എന്നു വിളിച്ചവരും ഉണ്ട്. മുട്ടാപ്പോക്ക് പറയുന്ന പഹയന്മാരെയും പിന്നീട് നമ്മൾ മുട്ടാളൻ എന്നു വിളിച്ചു.
വാഴ വയ്ക്കുമ്പോൾ ചീര നടണം
പുതുമഴയോടെ വാഴ നട്ടാൽ നല്ല കരുത്തുള്ള കുല കിട്ടും. വാഴത്തടത്തിൽ തവള കരയണം എന്നാന്ന് ചൊല്ല്. വാഴക്കൃഷിയിൽ ധൃതി പാടില്ലെന്നും അന്നു വച്ച വാഴ അന്നു കുലയ്ക്കില്ലെന്നും അറിയണം.
വാഴ വയ്ക്കുമ്പോൾ ചീര നടുന്നവർ ജീവിക്കാൻ പഠിച്ചവരാണ്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമല്ലോ! അതാണ് തത്വശാസ്ത്രം. വാഴക്കുലയും കുടപ്പനും വിരിഞ്ഞു കാണുമ്പോൾ ആയിരം ചാമുണ്ഡിക്കൊരു കോഴി എന്നു തോന്നുന്ന കർഷകർ ഭാവനാശാലികളാണ്, സംശയമില്ല.
പണ്ട് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തു വാഴക്കൃഷി നടത്തിയവരാണ് ക്ഷേത്രങ്ങളിൽ കാഴ്ച്ചക്കുലകള്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് 'പാട്ടക്കുലകള്‍' എന്നാണ് അവ അറിയപ്പെട്ടത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോൾ കാഴ്ച്ചക്കുലകളുടെ കാര്യവും കഴിഞ്ഞു.
വാഴ വെട്ടിയും നട്ടും പക പോക്കാം
പഴയ സിനിമകളിലെ വാഴവെട്ടു സീനുകൾ ഇപ്പോഴും വൈറലാണ്. തലയുടെ ആണിയിളകിപ്പോയവരും രോഷാകുലരുമായ കഥാപാത്രങ്ങൾ അയൽക്കാരുടെ വാഴകൾ വെട്ടി വീഴ്ത്തിക്കൊണ്ടാണ് അവതരിച്ചിരുന്നത്. രാഷ്ട്രീയക്കാർക്കും വെട്ടിനിരത്താൻ കിട്ടിയത് പാവം വാഴകളെയായിരുന്നു. എവിടെയെങ്കിലും റോഡ് തകർന്നാൽ അധികാരികളോടു കണക്കു തീർക്കാൻ ഇന്നും കുഴികളിൽ വാഴ നടുന്നതു പതിവാ ണല്ലോ. ബസിനു കല്ലെറിയുന്നതിലും ഇക്കോ ഫ്രണ്ട്ലി സമരമുറ വാഴക്കൃഷി തന്നെ.
ഏത്തയ്ക്കാപ്പൊടി മാഹാത്മ്യം
കൊറോണക്കാലത്താണ് പലരും ഏത്തയ്ക്കയുടെ മാഹാത്മ്യം മനസിലാക്കിയത്. പ്രതിരോധശേഷി കൂട്ടുന്ന ഏത്തയ്ക്കാപ്പൊടിയും വാഴപ്പിണ്ടിനീരും സ്കോപ്പുള്ള ഉല്‍പന്നങ്ങളാണ്. പ്രമേഹരോഗികൾക്ക് കപ്പയ്ക്കു പകരം ആവിയിൽ വെന്ത ഏത്തയ്ക്ക കഴിക്കാം.
ഒരു വാഴയെങ്കിലും നമ്മുടെ മുറ്റത്തു വേണം. നമ്മുടെ വാഴയും കുലയ്ക്കട്ടെ!
ഫോൺ: 9447809631