വൻ സർപ്രൈസ്; പുഷ്പ 2 റീലോഡഡ് പതിപ്പ് നെറ്റ്ഫ്ലിക്സിൽ; ദൈർഘ്യം 3 മണിക്കൂർ 44 മിനിറ്റ്

Mail This Article
അല്ലു അർജുന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘പുഷ്പ 2: ദ് റൂൾ’ റീലോഡഡ് പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഈ സൂപ്പർഹിറ്റ് ചിത്രം ഒടിടിയിൽ എത്തിയത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 1800 കോടി രൂപയാണ് ആഗോള തലത്തിൽ വാരിയത്.
സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങൾ ഈ പുതിയ പതിപ്പിലുണ്ടാകും. മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ പതിപ്പിന്റെ ദൈർഘ്യം.
ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്‌ഷന്‍ നേടുന്ന ചിത്രമായി മാറിയ 'പുഷ്പ 2: ദ റൂൾ' 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്‌ഷൻ സ്വന്തമാക്കി. ബാഹുബലി 2ന്‍റെ കലക്‌ഷനെയും ചിത്രം മറികടന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 2000 കോടി കലക്‌ഷൻ നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്‌ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്‌ഷൻ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ആയിരം കോടിയും നേടി.
ഹിന്ദി പതിപ്പും റെക്കോർഡുകൾ തൂത്തുവാരുകയുണ്ടായി. 806 കോടിയാണ് പുഷ്പ 2വിന്റെ ഹിന്ദി പതിപ്പിന്റെ കലക്‌ഷൻ. 800 കോടി നെറ്റ് കലക്‌ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമായും പുഷ്പ 2 മാറുകയുണ്ടായി. ലോകമെമ്പാടുമുള്ള 12,500ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.