ഒരു എപ്പിസോഡിന് പ്രതിഫലം 18 ലക്ഷം; ഷാരുഖ് ഖാനെ പോലും പിന്നിലാക്കുന്ന ഇരുപത്തിമൂന്നുകാരി

Mail This Article
ഇന്ത്യൻ ടെലിവിഷൻ ഷോകൾക്ക് ആഗോളതലത്തിൽ തന്നെ ആരാധകർ ഏറെയുണ്ട്. അങ്ങനെ ചലച്ചിത്രതാരങ്ങൾ മാത്രമല്ല ഇന്ത്യൻ ടെലിവിഷൻ താരങ്ങളും രാജ്യാന്തരതരത്തിൽ പ്രശസ്തി നേടുന്നുമുണ്ട്. പ്രധാനമായും സ്ത്രീകൾ ധാരാളമുള്ള മേഖലയാണ് ഇന്ത്യൻ ടെലിവിഷൻ രംഗം. പൊതുവേ അഭിനയരംഗത്ത് ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്നത് വർഷങ്ങളായി ഈ മേഖലയിൽ സജീവമായി നിൽക്കുന്ന സീനിയർ ആർട്ടിസ്റ്റുകൾക്കായിരിക്കും. എന്നാൽ ഇന്ത്യൻ ടെലിവിഷൻ ഷോകളുടെ കാര്യം എടുത്താൽ ഇതിൽ ഒരു വ്യത്യാസമുണ്ട്. 23 കാരിയായ ഒരു അഭിനേത്രിയാണ് ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ താരം. സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധ നേടിയ ജന്നത്ത് സുബൈറാണ് ഒരു എപ്പിസോഡിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നത്.
സിനിമാതാരങ്ങളെ പോലെയോ അതിലധികമോ ആരാധകരാണ് ജന്നത്തിനുള്ളത്. ജന്നത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളവേഴ്സിന്റെ മാത്രം കണക്കെടുത്താൽ ഇക്കാര്യം വ്യക്തമാകും. സൂപ്പർതാരം ഷാരുഖ് ഖാന് 46 ദശലക്ഷം ഫോളവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളതെങ്കിൽ ആ കണക്കുകളെയൊക്കെ കടത്തിവെട്ടി 49.7 ദശലക്ഷം ഫോളവേഴ്സുമായാണ് ജന്നത്ത് പ്ലാറ്റ്ഫോമിൽ നിറഞ്ഞുനിൽക്കുന്നത്. യൂട്യൂബിലാവട്ടെ 6.37 ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്. അങ്ങനെ രാജ്യാന്തരതലത്തിൽ ഇൻഫ്ലുവൻസർ എന്ന നിലയിലും ജന്നത് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
2001ൽ മുംബൈയിൽ ആയിരുന്നു ജന്നത്തിന്റെ ജനനം. ചൈൽഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ ചെറുപ്പകാലത്ത് തന്നെ ടെലിവിഷനിൽ സാന്നിധ്യം അറിയിച്ച ജന്നത്ത് ഇക്കാലം വരെയും അതേ മേഖലയിൽ തന്നെ ചുവട് ഉറപ്പിച്ചുനിന്നു. ദിൽ മിൽ ഗയേ , മഹാറാണാ പ്രതാപ്, തൂ ആഷ്ക്കി, ഫുൽവാ, ഫിയർ ഫയൽസ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ടെലിവിഷൻ ഷോകളുടെ ഒരു നീണ്ട നിര തന്നെ ജന്നത്തിന്റെ പ്രൊഫൈലിൽ ഉണ്ട്. റിയാലിറ്റി ഷോകളാണ് താരത്തിന്റെ മറ്റൊരു മേഖല. ഫിയർ ഫാക്ടർ : ഖത്രോൻ കെ ഖിലാടി, ലാഫ്റ്റർ ചലഞ്ച് എന്നിവയുടെ ഭാഗമായിരുന്നു ജന്നത്ത്. ഫിയർ ഫാക്ടറിൽ ഇന്നോളം പങ്കെടുത്തവരിൽ ഏറ്റവുമധികം തുക പ്രതിഫലം നേടിയതും ജന്നത്ത് തന്നെയാണ്. 18 ലക്ഷമായിരുന്നു ഒരു എപ്പിസോഡിന് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്.
ലാഫ്റ്റർ ചലഞ്ചിലാവട്ടെ ഒരു എപ്പിസോഡിന് രണ്ട് ലക്ഷം രൂപയും ജന്നത്തിന് ലഭിച്ചു. ഇവയ്ക്ക് പുറമേ സ്വകാര്യ മ്യൂസിക് ആൽബങ്ങളിലൂടെയും താരം ധാരാളം ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. ഹിച്ച്കി അടക്കം നാല് ഹിന്ദി ചലച്ചിത്രത്തിലും ജന്നത്ത് സാന്നിധ്യമറിയിച്ചിരുന്നു. സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും നല്ലൊരു തുക ജന്നത്തിന് വരുമാനമായി ലഭിക്കുന്നുണ്ട്. ഒരു പോസ്റ്റിന് ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയ്ക്കാണ് താരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ നിന്നായി ചുരുങ്ങിയ കാലയളവിൽ 250 കോടി രൂപയുടെ ആസ്തിയാണ് ജന്നത്തിനുള്ളത്.
ഈ നേട്ടങ്ങളിലൂടെ 21 -ാം വയസ്സിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങാനും ജന്നത്തിനു സാധിച്ചു. 2011 മുതൽ നിരവധി പുരസ്കാരങ്ങളും ജന്നത്തിനെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ അഭിനയരംഗത്തെ ചുവടുവയ്പ്പുകൾ ജന്നത്തിന്റെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. 81 ശതമാനം മാർക്കോടെയാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുംബൈയിലെ കാന്തിവല്ലിയിലെ ഒരു സ്വകാര്യ കോളജിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.