കാലശേഷം വീട് കൈമാറാൻ വിൽപത്രം എഴുതണോ? നൂലാമാലകൾ ഒഴിവാക്കാം

Mail This Article
വിവാഹിതനായ ഞാൻ സ്വന്തമായി വാങ്ങിയ വസ്തുവിൽ 900 സ്ക്വയർഫീറ്റ് വീട് വച്ചിട്ടുണ്ട്. ഞാനും അവിവാഹിതനായ സഹോദരനും ഈ വീട്ടിലാണ് താമസിക്കുന്നത്. എനിക്ക് 64 വയസ്സായി. ഇപ്പോൾ വാക്കാൽ പറഞ്ഞിരിക്കുന്നതുപോലെ, നിയമപരമായ നൂലാമാലകൾ ഒന്നുമില്ലാതെ എന്റെ കാലശേഷം സഹോദരനും സഹോദരന്റെ കാലശേഷം സഹോദരിയുടെ മകനും യഥാക്രമം ഈ വീട് ലഭിക്കാനായി ഞാൻ എന്താണ് ചെയ്യേണ്ടത്? വിൽപത്രം എഴുതാൻ വലിയ ചെലവ് വരുമോ?
പ്രായപൂർത്തിയായ ഏതൊരാളുടെയും വസ്തുവകകൾ സ്വന്തം ഇഷ്ടപ്രകാരം കൈമാറ്റം ചെയ്യുന്നതിന് നിയമപ്രകാരം അവകാശമുണ്ട്. താങ്കളുടെ പേരിലുള്ള സ്ഥലവും വീടും കാലശേഷം സൂചിപ്പിച്ച ആളുകളുടെ പേരിൽ വന്നുചേരുന്നതിനായി ഒരു വിൽപത്രം വക്കീലിന്റെ സഹായത്തോടുകൂടി തയാറാക്കി വച്ചാൽ നന്നായിരിക്കും.
വിൽപത്രം രജിസ്റ്റർ ചെയ്യണോ?
രജിസ്‌ട്രേഷൻ നിയമപ്രകാരം ഒരു വിൽപത്രവും രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. വിൽപത്രം എഴുതി നൽകുന്ന ആൾക്ക് ഇഷ്ടമുണ്ടെങ്കിൽ വിൽപത്രം രജിസ്റ്റർ ചെയ്താൽ മതി. എങ്കിലും ഭാവിയിലെ ചില സങ്കീർണതകൾ (നിയമപരമായും അല്ലാതെയും) ഒഴിവാക്കുന്നതിന് വിൽപത്രം രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്.

സമീപിക്കുന്ന വക്കീലിനെയോ ആധാരം എഴുത്തുകാരനെയോ ആശ്രയിച്ചിരിക്കും വിൽപത്രം തയാറാക്കുന്നതിനും മറ്റും ആവശ്യമായി വരുന്ന ചെലവ്. വിൽപത്രം ആയതുകൊണ്ട് ഒരു പ്രഫഷണൽ തന്നെ തയാറാക്കുന്നതാണ് നല്ലത്. വസ്‌തുവിവരപ്പട്ടിക, ഇപ്പോഴത്തെ കൃത്യമായ അതിരുകൾ, നികുതി രസീതുമായി വ്യത്യാസം വരാതെ സർവേ നമ്പർ തുടങ്ങിയവ കൃത്യമായി ചേർക്കാൻ അത് നല്ലതാണ്.
രഹസ്യ സ്വഭാവം ആഗ്രഹിക്കുന്നെങ്കിൽ വിൽപത്രം തയാറാക്കിയ ശേഷം ജില്ലാ രജിസ്ട്രാർ ഓഫിസിൽ വിൽപത്രം അനാമത്ത് വയ്ക്കുന്നതിനുള്ള (deposited will) സൗകര്യവും നിയമത്തിലുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്
ഡി.ബി ബിനു
പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എറണാകുളം