സീറോ വേസ്റ്റ് ചക്ക; വർഷം 20 ടൺ ഉൽപന്നങ്ങൾ; 5 കോടി രൂപയുടെ വിറ്റുവരവ്: പഴങ്ങൾ പണമാക്കി ജോൺസൺ

Mail This Article
പഴം പച്ചക്കറി കർഷകരുടെ വിളവിന്റെ 10- 25% വരെ പാഴായിപ്പോകുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ സീസണിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. പച്ചക്കറികളാകട്ടെ വിപണി ആവശ്യം നോക്കാതെ കൃഷി ചെയ്തും കർഷകർക്കു നഷ്ടം സംഭവിക്കുന്നു. മികച്ച മൂല്യവർധന സങ്കേതങ്ങളും സാധ്യതകളുമാണു പോംവഴി എന്നു കർഷകർക്കെല്ലാം അറിയാം. പക്ഷേ, സംരംഭം തുടങ്ങുന്നതിനു പണം എവിടെ നിന്നു കിട്ടും? പരിശീലനം എങ്ങനെ ലഭിക്കും? വിപണി ഉണ്ടാകുമോ? വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ അന്ന ഫുഡ് പ്രോഡക്ട്സ്, ഫിസി ഐസ്ക്രീം എന്നിവയുടെ ഉടമ പി.ജെ.ജോൺസണെ പരിചയപ്പെടാം. ഉത്തരം റെഡി.
300 ടൺ ചക്ക, 200 ടൺ സപ്പോട്ട, 100 ടൺ അവക്കാഡോ, 40 ടൺ പാഷൻ ഫ്രൂട്ട് , 150 ടൺ മാമ്പഴം തുടങ്ങി 24 പഴവർഗങ്ങളിൽനിന്നു വേർതിരിച്ചെടുത്ത പൾപ്പും അവയിൽ നിന്നു തയാറാക്കിയ ഐസ് ക്രീമുകളും. ചക്കയിൽ നിന്ന് 14 ഉൽപന്നങ്ങൾ. വർഷം ശരാശരി 20 ടൺ മൂല്യവർധിത ഉൽപന്നങ്ങൾ. പ്രതിവർഷം 5 കോടി രൂപയുടെ വിറ്റുവരവ്. ചക്ക സംസ്കരണം/ മൂല്യവർധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന മികച്ച സംരംഭകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം. പഴങ്ങൾ പണമാക്കുക മാത്രമല്ല ജോൺസൺ ചെയ്യുന്നത്. പ്രാദേശികമായ സാമ്പത്തിക ഭദ്രതയും തൊഴിലുറപ്പും ഉറപ്പാക്കുകയും ചെയ്യുന്നു.

സീറോ വേസ്റ്റ്
ചക്കയിൽനിന്നായിരുന്നു മൂല്യവർധന രംഗത്തേക്ക് ജോൺസൺ കടന്നുവരുന്നത്. പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിൽ(പിഎംഇജിപി*) നിന്ന് 24 ലക്ഷം രൂപ സഹായം ലഭിച്ചത് ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി. പച്ചച്ചക്ക, ചക്കപ്പഴം, ചക്കക്കുരു, മുള്ള്, ചവിണി, കൂഞ്ഞ് എന്നിങ്ങനെ ചക്കയുടെ ഒരു ഭാഗവും കളയുന്നില്ല. ഉണങ്ങിയ ചക്കച്ചുള മുതൽ അച്ചാർ വരെ 14 തരം ചക്ക ഉൽപന്നങ്ങളാണ് ഇവിടെ തയാറാക്കുന്നത്. ഒരു വർഷം വരെ സൂക്ഷിപ്പു കാലാവധിയുള്ള ഉൽപന്നങ്ങൾ.

പൾപ്പും ഐസ്ക്രീമും
പൾപ്പ് വേർതിരിച്ചു ശീതികരണികളിൽ സൂക്ഷിക്കുകയും പൾപ്പ് നേരിട്ടും പൾപ്പിൽനിന്നു വ്യത്യസ്ത തരം ഐസ് ക്രീമുകൾ തയാറാക്കിയും വിപണിയിൽ എത്തിക്കുന്നു. അവ്ക്കാഡോ, പാഷൻ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം, സീതാഫൽ, സ്ട്രോബറി, കിവി, ലിച്ചി, കരിക്ക്, സപ്പോട്ട തുടങ്ങി വിദേശിയും സ്വദേശിയും ആയ പഴവർഗങ്ങൾ സംസ്കരിച്ചെടുക്കുന്നുണ്ട്. പഴങ്ങളിൽനിന്നു വിത്തുകൾ വേർതിരിക്കാൻ ഫ്രൂട്ട് മിൽ എന്ന യന്ത്രം ഉപയോഗിക്കുന്നു. -24 ഡിഗ്രി സെൽഷ്യസിൽ ആണു പൾപ്പ് സൂക്ഷിക്കുന്നത്. പ്രിസർവേറ്റീവായി പഞ്ചസാര മാത്രം ചേർക്കും. റഫ്രിജറേറ്റഡ് വാഹനങ്ങളിൽ ആണു റീട്ടെയ്ൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ജ്യൂസ് ഷോപ്പുകളും ഐസ്ക്രീം കമ്പനികളുമാണ് പ്രധാന ഉപയോക്താക്കൾ. ഒരു കിലോഗ്രാം മാമ്പഴത്തിൽനിന്ന് 50 -60 ശതമാനം പൾപ്പ് ലഭിക്കും. ഒന്നര കിലോ പൾപ്പിൽനിന്ന് 15 ഷേക്ക് തയാറാക്കാം.

മികച്ച അടിസ്ഥാന സൗകര്യം
പിഎംഇജിപി പദ്ധതി, കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എഐഎഫ്**) തുടങ്ങിയ പദ്ധതികളിലൂടെ മികച്ച അടിസ്ഥാനസൗകര്യമൊരുക്കിയതു വിജയത്തിനു കാരണമായി ജോൺസൺ പറയുന്നത്. റൈപ്പനിങ് ചേംബർ, പഴങ്ങൾ സൂക്ഷിക്കാനുള്ള സംഭരണ മുറി, വിശാലമായ സൗകര്യങ്ങളോടു കൂടിയ സംസ്കരണ ശാല തുടങ്ങിയ സജ്ജീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കി.
പരിശീലനം
ഉൽപന്ന നിർമാണത്തിനു പത്തനംതിട്ട, അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ബെംഗളൂരു കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ലഭിച്ച പരിശീലനം സഹായകമായി.
കൂടുതൽ വിവരങ്ങൾക്ക്: 9447263283