നിങ്ങളുടെ ബിസിനസ് ആശയം മികച്ചതോ? നേടാം തിരിച്ചടയ്ക്കേണ്ടാത്ത ഒരു കോടി രൂപവരെ ഗ്രാന്റ്

Mail This Article
നിങ്ങളുടെ ബിസിനസ് ആശയം മികച്ചതും സമൂഹത്തിൽ ഏവർക്കും ഉപകാരപ്രദമായ വിധം മാറ്റങ്ങൾ കൊണ്ടുവരുന്ന വിധത്തിൽ പുതുമയുള്ളതുമാണോ? ഭംഗിയായി ആ ആശയം അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ, ആ ആശയം ബിസിനസ് സംരംഭമായി സാക്ഷാത്കരിക്കാൻ ഒരുകോടി രൂപ വരെ വിവിധ പദ്ധതികളിൽ നിന്ന് ഗ്രാന്റായി നേടാൻ അവസരമുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. കൊച്ചിയിൽ ജെയിന്‍ സർവകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍, ‘സംരംഭകർക്ക് എങ്ങനെ ആഗോളതലത്തിൽ പ്രതിസന്ധികളെ നേരിടാം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംരംഭങ്ങളുടെ തുടക്കത്തിന് പിന്തുണ കിട്ടാതിരുന്നത് പണ്ടാണ്. ഇന്ന്, നിങ്ങളുടെ ആശയം മികച്ചതെങ്കിൽ 3 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് മിഷന്റെ ഐഡിയ ഗ്രാന്റ് ലഭിക്കും. ആശയം വിദഗ്ധ കമ്മിറ്റിക്കു മുന്നിലെത്തിച്ചാൽ 5 ലക്ഷം വരെ ഗ്രാന്റ് നേടാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ആ സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഒരു കോടി രൂപ വരെ ലഭിക്കാനും അവസരമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ഈ ഗ്രാന്റുകളൊന്നും തിരിച്ചടയ്ക്കേണ്ട എന്നതാണ്. സംരംഭ ആശയത്തെ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു.
‘ചെറിയ ആശയങ്ങൾക്ക് ലോകത്തെ മാറ്റി മറിക്കാനാകും’
ചെറിയ ആശയത്തിന് ലോകത്തെ മാറ്റിമറിക്കാനാകുമെന്നും മികച്ച ആശയങ്ങളുടെ വിജയത്തിന് കൂട്ടായ്മ അനിവാര്യമാണെന്നും എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. എ.വി. അനൂപ് പറഞ്ഞു. 'നവീകരണത്തിലൂടെയും കൂട്ടായ്മയിലൂടെയും സുസ്ഥിര സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുക' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 55 വര്‍ഷത്തോളമായി എവിഎ ഉത്പാദിപ്പിക്കുന്ന മെഡിമിക്‌സ് സോപ്പ് ഉദാഹരണമായെടുത്താണ് ഡോ.അനൂപ് ഇക്കാര്യം വ്യക്തമാക്കിയത്.

'മത്സരബോധം മാറ്റിവച്ച് പങ്കാളിത്തത്തിലൂടെ നേട്ടം കൊയ്യണം. സംഭകരാകാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരണം. സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെയും തൊഴിലാളികളെയുമൊക്കെ കണക്കിലെടുത്ത് സംരംഭം നയിക്കാൻ സ്ത്രീകൾക്ക് വൈദഗ്ധ്യമുണ്ടെന്ന് ' ടീം വണ്‍ അഡ്വര്‍ടൈസിങ് മാനേജിങ് ഡയറക്ടര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കാണ് ഇന്ന് ലോകം മുന്‍ഗണന നല്‍കുന്നതെന്നും ജനങ്ങളില്‍ പലര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കാത്ത നിലയുണ്ടെന്നും ഈ വിടവ് നികത്താന്‍ പരസ്പര സഹകരണം ആവശ്യമാണെന്നും ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ.നളന്ദ ജയദേവന്‍ വ്യക്തമാക്കി.
സംരംഭകര്‍ക്കു വേണ്ട അടിസ്ഥാന ഗുണങ്ങള്‍ എന്തൊക്കെയെന്ന് 5സി നെറ്റ്‌വര്‍ക്കിന്റെ സഹസ്ഥാപകൻ കല്യാണ്‍ ശിവശൈലം ചൂണ്ടിക്കാട്ടി. 'സംരംഭകര്‍ ജിജ്ഞാസയുള്ളവരായിരിക്കണം, ഞാന്‍ ഒരു സംഭവമാണെന്ന് സ്വയം തോന്നരുത്, സംരംഭകത്വത്തെക്കുറിച്ചുള്ള കാര്യങ്ങൾ കഥ പറച്ചിലെന്നവണ്ണം വിശദീകരിച്ച് വിശ്വാസം നേടിയെടുക്കാന്‍ കഴിയണം', അദ്ദേഹം പറഞ്ഞു.
സംരംഭകൻ തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ പരിഹരിക്കാൻ പ്രാപ്തനാകണമെന്ന് യുഎസ്ടി ഹെൽത്ത് പ്രൂഫ് ഇന്റർ നാഷണൽ സിഇഒ സാബു നാരായണൻ പറഞ്ഞു. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതിലൂടെയാണ് സംരംഭക മനോഭാവം ആരംഭിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ആർ. ബിജിമോൻ പറഞ്ഞു.

ഇപ്പോഴുള്ളത് റീൽസിന്റെ കാലത്തെ ജെൻ സീ തലമുറയാണെന്നും 10 സെക്കന്റിനുള്ളിൽ അവരുടെ മനസ് കീഴടക്കാനാകണമെന്നും മൽസരത്തിനപ്പും ഹാർഡ്‍വർക്ക്, വിജയം, അച്ചടക്കം ഇവയെല്ലാം സ്വാംശീകരിക്കണമെന്നും പ്രത്യേക അതിഥിയായി എത്തിയ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഏത് ബിസിനസും വിജയിക്കുന്നതിന് കാഷ് ഫ്ലോ ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങൾ അറിഞ്ഞിരിക്കണമെന്നും കാശ് വരുന്ന സീസണിൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്ത് ബാക്കി കാലത്തെക്കും കൂടി ഉപയോഗിക്കാനാകണമെന്നും ഐഐസി ലക്ഷ്യയുടെ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ പറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business