ഖസാക്കിനെ കുറ്റം പറഞ്ഞ് പ്രോത്താസീസിന് രക്ഷപ്പെടാനാവില്ല

Mail This Article
ഖസാക്കിന്റെ ഇതിഹാസം സ്വാധീനിച്ച ഒട്ടേറെ എഴുത്തുകാരും കൃതികളുമുണ്ട് മലയാളത്തിൽ. അനുകൂലമായും പ്രതികൂലമായും. പ്രത്യക്ഷമായും പരോക്ഷമായും. വായനയേക്കാൾ കടപ്പാട് രേഖപ്പെടുത്താത്ത സ്വാധീനങ്ങൾ തന്നെ കൂടുതൽ. വിമർശനങ്ങളേക്കാൾ, വാഴ്ത്തുപാട്ടുകളേക്കാൾ, ഖസാക്കിൽ നിന്ന് കുതറിമാറാൻ ആവാത്ത അവസ്ഥ. എന്നാൽ, ഇതിഹാസത്തെ ആക്ഷേപഹാസ്യത്തിലൂടെ നോക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ എഴുത്തുകാരനാണ് വിനോയ് തോമസ്; ആദ്യത്തെ കൃതി പ്രോത്താസീസിന്റെ ഇതിഹാസവും.
പ്രോത്താസീസ് ആറ്റുകടമ്പൻ. ജൻമനാ കേരള കോൺഗ്രസുകാരൻ. സ്വദേശം പ്രത്യേകിച്ചു പറയാതെ തന്നെ വ്യക്തം. യുഡിഎഫ് മാറി എൽഡിഎഫ്. രാഷ്ട്രീയക്കാരനാണെങ്കിലും വളഞ്ഞ വഴികളും വക്രദൃഷ്ടിയുമില്ലാതെ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും കുടുംബം നോക്കിയും മുന്നോട്ടുപോകുന്ന യുവാവ്. കുടുംബസ്ഥൻ. കുടുംബം തന്നയാണ് അയാൾക്ക് പ്രധാനം. മറ്റെന്തിലും ഉപരിയായി. പ്രസംഗങ്ങളിലുമില്ല വാചാലത. നേരേ ചൊവ്വേ കാര്യങ്ങൾ പറയുന്ന സാധാരണക്കാരൻ. അതുകൊണ്ടുതന്നെ ആ പ്രസംഗങ്ങൾക്കും ആരാധകരുണ്ട്. അതുതന്നെയാണ് അയാളെ അപകടത്തിലേക്കു നയിച്ചതും. രാഷ്ട്രീയ, കുടുംബ യോഗങ്ങളിൽ നിന്നു മാറി പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യാൻ നിയോഗിക്കപ്പെട്ടതോടെ അയാളുടെ ജീവിതം മാറുന്നതിന്റെ ചരിത്ര രേഖയാണ് പ്രോത്താസീസിന്റെ ഇതിഹാസം.
ഖസാക്കിന്റെ ഇതിഹാസം വായിക്കണോ, എങ്ങനെ വായിക്കണം, സ്വീകരിക്കണം തുടങ്ങിയ പ്രശ്നങ്ങളും കഥ സമർഥമായി ഉന്നയിക്കുന്നുണ്ട്. ഖസാക്ക് മാത്രമല്ല, പൊതുവേ വായന തന്നെ എങ്ങനെ വേണം, വേണ്ട എന്നതിലേക്കു ചർച്ച പുരോഗമിക്കുന്നു. ആ അർഥത്തിൽ സോദ്ദേശ സാഹിത്യമാണ് വിനോയ് തോമസ് രചിച്ചിരിക്കുന്നത്. കരിക്കോട്ടക്കരിയും പുറ്റും വായിച്ച ആവേശത്തിൽ ഈ പുസ്തകം വായിച്ചാൽ നിരാശപ്പെടുമെന്ന് ഉറപ്പ്. വിനോയ് തോമസിന്റെ മികവിന്റെ മുദ്രയല്ല, അഭാവം മുഴച്ചുനിൽക്കുന്ന കൃതി.
എഴുത്ത് മനസ്സിന്റെ വ്യാപാരമാണ്. എല്ലാവർക്കും എഴുത്തുകാരാവാനാവില്ല. വായനക്കാർ പോലും. എഴുത്തുകാരെ സമനില തെറ്റിയവരായി കുറച്ചുപേരെങ്കിലും കാണുന്നുണ്ട്. പ്രോത്താസീസിന് വായനയിലൂടെ വഴി തെറ്റുന്നുണ്ട്. വായന തന്നെ വഴി കാട്ടുന്നുമുണ്ട്. കുഴപ്പം പുസ്തകത്തിനല്ല, ഇതിഹാസത്തെ തെറ്റായി വ്യാഖ്യാനിച്ച പ്രോസിക്ക് തന്നെയാണ്. ആ പിഴവ് പറ്റിയ ആദ്യത്തെ ആളല്ല അയാൾ. പിഴവുകൾ ഇനിയും ആവർത്തിച്ചേക്കാം. ആവേശം കൊള്ളാനും അപമാനിക്കാനുമല്ലാതെ വായിച്ചാൽ ആർക്കും മനസ്സിലാക്കാനാവുന്നതാണ് ഇതിഹാസത്തിന്റെ മേൻമ. അതൊന്നും പ്രോസിമാർക്കു മനസ്സിലാവില്ല. മനസ്സിലാവണമെന്നു ശാഠ്യം പിടിച്ചിട്ടും കാര്യമില്ല. അവർക്കുള്ളതല്ല, എല്ലാവർക്കുമുള്ളതല്ല സാഹിത്യം.
ആക്ഷേപഹാസ്യം ഒരളവ് വരെ വിജയിക്കുന്നുണ്ട് പ്രോത്താസീസിൽ. എന്നാൽ രണ്ടാമത്തെ നോവലെറ്റായ നന, നനഞ്ഞ പടക്കം പോലെയാണ് തോന്നുന്നത്. ഗൗരവമില്ലാത്ത, സമർപ്പണമില്ലാത്ത, ആത്മാർഥതയില്ലാത്ത ഉപരിപ്ലവമായ എഴുത്ത് എന്ന തോന്നലാണ് അവശേഷിക്കുന്നത്. വിനോയ് തോമസിന്റെ എഴുത്തു ജീവിതത്തിൽ ഈ കൃതികൾ ഭാവി ഉൾപ്പെടുത്തുമോ എന്നതിലും സംശയമുണ്ട്. അലസ വായനയ്ക്കു മാത്രം കൊള്ളാം രണ്ടു നീണ്ടകഥകളും.
പ്രോത്താസീസിന്റെ ഇതിഹാസം
വിനോയ് തോമസ്
ഡി സി ബുക്സ്
വില: 199 രൂപ