ADVERTISEMENT

ഭാഗം 1: ഡിജിറ്റൽ ഭൂസർവേ: അറിയേണ്ടതെല്ലാം

ഭാഗം 2

എല്ലാ ഭൂവുടമകളുടെയും ഓരോ വസ്തു(ലാൻഡ് പാഴ്സൽ)വിലും സർവേ ഉദ്യോഗസ്ഥർ നേരിട്ടെത്തി സർവേ നടത്തുന്ന ബൃഹദ് പദ്ധതിയാണ് കേരളത്തിൽ നടന്നുവരുന്നത്. ഓരോ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതികൾ നിശ്ശേഷം ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഇതിന്റെ സവിശേഷതയാണ്. 

ഡിജിറ്റൽ സർവേയുടെ ആരംഭം, സർവേ നടത്തുന്ന ദിവസങ്ങൾ, സർവേ പൂർത്തിയായ വിവരം, പരിശോധനയ്ക്കായി ഭൂരേഖകൾ പ്രദർശിപ്പിക്കുന്ന സ്ഥലം എന്നിവ എല്ലാ ഭൂവുടമസ്ഥരെയും അറിയിക്കും. ഇതിനായി സർവേ സഭ, സർവേ ജാഗ്രതാ സമിതി, മൊബൈൽ സന്ദേശം കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ വാട്സാപ് ഗ്രൂപ്പുകൾ എന്നിവ പ്രയോജനപ്പെടുത്തും. കൂടാതെ ‘എന്റെ ഭൂമി’ പോർട്ടലിലും സർവേ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാക്കും. 

വിവിധ ഘട്ടങ്ങൾ 

ഒരു വില്ലേജിന്റെ സർവേ ആരംഭിക്കുന്ന വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നടപടികൾക്കു തുടക്കമാകും. തുടർന്ന് ബന്ധപ്പെട്ട ഓഫിസുകളിൽനിന്നു രേഖകൾ ശേഖരിച്ച് ‘എന്റെ ഭൂമി’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നു. അടുത്ത ഘട്ടത്തിൽ വാർഡ് തല സർവേ സഭ വിളിച്ചുചേർത്ത് നടപടിക്രമം വിശദീകരിക്കും. ഒപ്പം സർക്കാർഭൂമികൾ പുനര്‍നിര്‍ണയിച്ചു നിലനിര്‍ത്തും. പിന്നീട് ഭൂവുടമസ്ഥരുടെ പേര്, ഭൂമിയുടെ വിശദാംശങ്ങൾ എന്നിവ സ്ഥിരീകരിച്ചശേഷം ഫീൽഡ് സർവേ നടത്തുന്നു. ഭൂമിയുടെ വിസ്തീർണം, അളവുകൾ തുടങ്ങിയവ ഫീൽഡിൽ വച്ചുതന്നെ ഭൂവുടമസ്ഥനെ ബോധ്യപ്പെടുത്തുന്നു. ഭൂവുടമസ്ഥരുടെ ഫോൺനമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക്, റെക്കോർഡുകൾ പൊതുജന പരിശോധയ്ക്കായി പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരം പരിഹരിക്കുന്നു. തുടർന്ന് സെക്‌ഷൻ 13 പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യു ഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു. 

ഭൂവുടമകള്‍ ചെയ്യേണ്ടത്

  1. സർവേ സഭയിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുക.
  2. സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് ‘എന്റെ ഭൂമി’ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക. പോര്‍ട്ടല്‍ പരിശോധിച്ച് സ്വന്തം ഭൂമിയുടെ വിവരം റവന്യുരേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം പോർട്ടലിലൂടെത്തന്നെ അപേക്ഷ സമര്‍പ്പിക്കുക. 
  3. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ നല്‍കുക. 
  4. സര്‍വേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുക. അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വേ തീയതിക്കു മുൻപുതന്നെ അവ സ്ഥാപിക്കുക. 
  5. സർവേ സമയത്ത് നേരിട്ടു ഹാജരായി തങ്ങളുടെ ഭൂമിയുടെ എല്ലാ ബെന്‍ഡ് പോയിന്റുകളും കൃത്യമായി സർവേ ടീമിന് കാണിച്ചുകൊടുക്കുക. ഓരോ ഭൂമിയും പ്രത്യേകം പാഴ്സലുകളായി സർവേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സര്‍വേ സമയത്ത് ഭൂവുടമസ്ഥര്‍ സ്ഥലത്തില്ലെങ്കില്‍ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്തുക. പകരക്കാരനെ ചുമതലപ്പെടുത്തുന്ന കത്തു നൽകുന്നത് ഉചിതം.
  6. സർവേ ഉദ്യോഗസ്ഥർ ഫീൽഡിൽ വച്ച് കാണിച്ചു തരുന്ന വിവരങ്ങൾ (വിസ്തീർണം, ഉടമസ്ഥന്റെ പേര് തുടങ്ങിയവ) ശരിയാണെന്ന് ഉറപ്പു വരുത്തുക. ഭൂവുടമസ്ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിക്കുന്നതിന് ഫോൺ നമ്പറിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് സർവേ ഉദ്യോഗസ്ഥർക്കു നൽകുക. 
  7. ‘എന്റെ ഭൂമി’ പോർട്ടൽ മുഖേന സേവനം ലഭ്യമാക്കുന്നതിന് ഭൂവുടമസ്ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. 
  8. സര്‍വേ പൂര്‍ത്തിയാക്കി റെക്കോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക. 

അറിയേണ്ട കാര്യങ്ങൾ 

ലാൻഡ് പാഴ്സൽ മാപ്പ് (LPM) എന്നത് ഭൂമിയുടെ അതിർത്തികളും ഉടമസ്ഥാവകാശവും കൃത്യമായി കാണിക്കുന്ന ഔദ്യോഗിക രേഖയാണ്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരിക്കും ഇത്. ഉദാഹരണമായി ഭൂമി വിൽപന, വായ്പ, പണയം എന്നിവ നടത്തുന്നതിന് എൽപിഎം അനിവാര്യമാണ്. എൽപിഎമ്മിൽ ആധാർ നമ്പർ കൂടി ചേർക്കുന്നത് ഈ രേഖയുടെ വിശ്വാസ്യത വർധിപ്പിക്കും. ഇതുവഴി, ഭൂമിയുടെ യഥാർഥ ഉടമയെ കൃത്യമായി തിരിച്ചറിയാനാവും. വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ, കർഷകർക്കുള്ള ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങിയവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഭൂമി സംബന്ധിച്ച തർക്കങ്ങളും അഴിമതിയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. 

ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ സ്വകാര്യ സർവേ ചെയ്ത് ഭൂരേഖകൾ തയാറാക്കണമെന്നു വ്യാജപ്രചരണം നടക്കുന്നുണ്ട്. ഇത്തരമൊരു നിർദേശം സർക്കാർ നൽകിയിട്ടില്ല. ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ ക്യാംപ് ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ പ്രവർത്തനങ്ങളും. ജനങ്ങൾക്ക് ഇവിടെ നേരിട്ട് സർവേ ഓഫിസർമാരുമായി സംവദിക്കാം, സംശയങ്ങൾക്ക് ഉത്തരം തേടാം. 

പരാതിപരിഹാരം

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത പ്രദേശത്തെ ഭൂരേഖകൾ ‘എന്റെ ഭൂമി’ പോർട്ടലിൽ ലഭ്യമാകും. വാർഡ് തലത്തിൽ ഡിജിറ്റൽ സർവേ റെക്കോർഡുകൾ പ്രദർശിപ്പിക്കും. സർവേ പൂർത്തിയായ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനായി അതിരടയാള നിയമ പ്രകാരം സെക്‌ഷൻ 9(2) പ്രസിദ്ധീകരിച്ചതിനുശേഷം ഒരു മാസം സർവേ റെക്കോർഡുകൾ ബന്ധപ്പെട്ട ക്യാംപ് ഓഫിസുകളിലും പ്രദർശിപ്പിക്കും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി, റിക്കാര്‍ഡുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സർവേ റെക്കോർഡുകളിൽ അപാകതയുണ്ടെങ്കിൽ പോർട്ടൽ മുഖേനതന്നെ അറിയിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താതെ, പിൽക്കാലത്ത് കണ്ടെത്തുന്ന അപാകതകൾ പരിഹരിക്കാൻ കൂടുതൽ സമയവും പരിശ്രമവും വേണ്ടിവരും. 

സര്‍വേ സമയത്ത് Original Land Complaints (OLC), Appeal Land Complaints (ALC) എന്നിങ്ങനെ രണ്ടു തരം അപേക്ഷകൾ നല്‍കാം. സര്‍വേ അതിരടയാള നിയമത്തിലെ സെക്‌ഷന്‍ 6(1) പ്രസിദ്ധീകരിച്ചാണ് സര്‍വേ ജോലികള്‍ ആരംഭിക്കുന്നത്. പ്രസ്തുത തീയതി മുതൽ റീസര്‍വേ പൂര്‍ത്തിയാക്കി സര്‍വേ അതിരടയാള നിയമ സെക്‌ഷന്‍ 9(2) പ്രസിദ്ധീകരിക്കുന്നതുവരെ നൽകുന്ന പരാതികളാണ്  Original Land Complaints (OLC). സെക്‌ഷന്‍ 9(2) പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരുമാസ കാലയളവിനുള്ളില്‍ Appeal Land Complaints (ALC) ആണ് നല്‍കേണ്ടത്.

സര്‍വേ അതിരടയാള നിയമം സെക്‌ഷന്‍ 13 പ്രസിദ്ധീകരിച്ച് റെക്കോര്‍ഡുകള്‍ റവന്യു ഭരണത്തിനായി പ്രാബല്യത്തില്‍ വന്ന ശേഷമുള്ള പരാതികള്‍ ലാന്‍ഡ് റെക്കോര്‍ഡ്സ് മെയിന്റനന്‍സ് (LRM) സംവിധാനം മുഖേന നല്‍കാം.

തുടരും

നാളെ: ഇനി ഇടപാടുകളെല്ലാം ‘എന്റെ ഭൂമി’യിൽ

വിവരങ്ങൾക്കു കടപ്പാട്: എസ്.സലിം, ഡപ്യൂട്ടി ഡയറക്ടർ, സർവേയും ഭൂരേഖയും വകുപ്പ്.

English Summary:

Kerala's digital land survey is underway, ensuring accuracy and transparency in land records. Public participation through village committees and the Ente Bhoomi portal is crucial for a successful process.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com