പുഷ്‌പാലങ്കാരത്തിലും ബൊക്കെ നിര്‍മാണത്തിലും ട്രെൻഡായി പുതിയ പൂക്കള്‍, വിദേശിയും സ്വദേശിയും സുലഭം
Mail This Article
ആന്തൂറിയം, ഡച്ച് റോസ്, ജെർബെറ, കാർനേഷൻ- പുഷ്പാലങ്കാരത്തിൽ ഉപയോഗത്തിലുള്ള ഈ കട്ട് ഫ്ലവർ ഇനങ്ങളെല്ലാം നമുക്കു സുപരിചിതം. ഇവയ്‌ക്കൊപ്പമോ പകരമായോ പുതിയ തരം പൂക്കളുടെയും കായ്‌കളുടെയും ഒരു നിരതന്നെ പുഷ്‌പാലങ്കാരത്തിലും ബുക്കെയിലും സ്ഥാനം പിടിക്കുകയാണിപ്പോള്‍. ചിലതെല്ലാം നമ്മുടെ രാജ്യത്തു കൃഷിചെയ്യുന്നവയാണെങ്കിൽ മറ്റു പലതും ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇസ്രയേൽ തുടങ്ങിയ ദേശങ്ങളിൽനിന്ന് എത്തുന്നു. ബെംഗളൂരുവിലെ പുഷ്പവിപണിയിൽ സീസൺ അനുസരിച്ച് ഇവ ലഭ്യമാണ്. ഇവയിൽനിന്നു തിരഞ്ഞെടുത്ത ചില പൂക്കളെ പരിചയപ്പെടാം.
ബാങ്ക്സിയ
ഓസ്‌ട്രേലിയയിലെയും സൗത്ത് ആഫ്രിക്കയിലെയും വരണ്ട കാലാവസ്ഥയിൽ സ്വാഭാവികമായി വളരുന്ന ബാങ്ക്സിയ ചെടിയുടെ നീണ്ട കോൺ ആകൃതിയിലുള്ള പൂങ്കുല കട്ട് ഫ്ലവർ വിപണിയിലെ അധിക മൂല്യമുള്ള ഇനമാണ്. പൂക്കൾ വളരെ അടുപ്പിച്ചാണ് പൂന്തണ്ടിൽ ക്രമീകരിച്ചിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ചോളത്തിന്റെ ആകൃതിയുള്ള ബാങ്ക്സിയയുടെ ആകർഷകമായ വർണ ഇലകളാണ് പൂവിന്റെ ഭംഗി. ഓറഞ്ച്, പിങ്ക്, ചുവപ്പ്, മഞ്ഞ നിറത്തില്‍ പൂങ്കുലകൾ ഉണ്ടാകുന്ന ഇനങ്ങള്‍ ലഭ്യമാണ്. പൂവിന്റെ ഭാഗങ്ങളിൽ ഈർപ്പത്തിന്റെ അളവ് താരതമ്യേന കുറവായതുകൊണ്ട് പുഷ്‌പാലങ്കാരം കൂടുതല്‍ നാള്‍ നിലനില്‍ക്കും. ഡ്രൈ ഫ്ലവർ ആയും അലങ്കാരത്തില്‍ ഉപയോഗിക്കാം. സൗത്ത് ആഫ്രിക്കയിൽനിന്നാണ് ഈ പൂക്കള്‍ ഏറെയുമെത്തുന്നത്.
പ്രോട്ടിയ
ബാങ്ക്സിയ ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമാണ് ഷുഗർ ബുഷ് എന്നും അറിയപ്പെടുന്ന പ്രോട്ടിയ. വലുപ്പമേറിയ ജെർബെറ പൂവിനോട് സാമ്യം. കട്ടിയുള്ള ഇലകളും പൂക്കളുടെ ചുറ്റുമുള്ള നീണ്ട വർണ ഇലകളുമാണ് പൂങ്കുലയുടെ ഭംഗി. വർണ ഇലകളുടെ ഉള്ളിലുള്ള യഥാർഥ പൂക്കൾക്ക് നീണ്ട കുഴലിന്റെ ആകൃതിയാണ്. ഏറെ നാൾ നിറം മങ്ങാതെ, കൊഴിയാതെ നിൽക്കുന്ന വർണ ഇലകളാണ് പ്രോട്ടിയയ്ക്ക് പുഷ്‌പാലങ്കാരത്തിൽ ഡിമാന്‍ഡ് കൂട്ടുന്നത്. സൗത്ത് ആഫ്രിക്കയുടെ ദേശീയ പുഷ്പമായ പ്രോട്ടിയ അവിടെ വരണ്ട പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്നു. കട്ട് ഫ്ലവർ ഇനങ്ങളെല്ലാം അവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുമുണ്ട്. ബാങ്ക്സിയപോലെ പ്രോട്ടിയയും ഡ്രൈ ഫ്ലവർ ആയും ഉപയോഗിക്കാം. കിങ് പ്രോട്ടിയ, ക്യൂൻ പ്രോട്ടിയ, പിൻക്യൂഷൻ തുടങ്ങിയ പ്രോട്ടിയ സങ്കരയിനങ്ങള്‍ ഫ്രഷ് ഫ്ലവർ ബുക്കെ ഉണ്ടാക്കാൻ പറ്റിയവയാണ്.
റൈസ് ഫ്ലവർ
വെള്ള അരിമണികൾകൊണ്ട് ഉണ്ടാക്കിയ ബുക്കെ പോല തോന്നുന്ന പൂങ്കുലകളായതുകൊണ്ടാണ് റൈസ് ഫ്ലവർ എന്നു പേരു കിട്ടിയത്. ജിപ്‌സോഫില്ലയ്ക്കു പകരം ഫില്ലർ പൂവായി പുഷ്‌പാലങ്കാരത്തിൽ അടുത്ത കാലത്തായി പ്രചാരം നേടുന്നു. തൂവെള്ള അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിൽ കുഞ്ഞൻ ഇതളുകളുള്ള പൂക്കളിൽ ഈർപ്പം വളരെ കുറവായതുകൊണ്ട് നീണ്ട നാൾ പുഷ്‌പാലങ്കാരത്തിൽ കേടാകാതെ നിൽക്കും. കുറ്റിച്ചെടിയുടെ പ്രകൃതമുള്ള റൈസ് ഫ്ലവർ ചെടിയുടെ അറ്റത്താണ് കുലകളായി ചെറു പൂക്കൾ ഉണ്ടായി വരിക. ഓസ്‌ട്രേലിയയിലെ വരണ്ട പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്ന ഈ ചെടിയുടെയും പൂക്കൾ ഡ്രൈ ഫ്ലവർ ആയി ഉപയോഗിക്കാം. അനുകൂല സാഹചര്യത്തിൽ പൂക്കൾക്ക് ഒരാഴ്ചയോളം ആയുസ്സ് കിട്ടും.
യൂസ്റ്റോമ
വില കൂടിയ പുതു കട്ട് ഫ്ലവർ ഇനമാണ് യൂസ്റ്റോമയും. ലിസിയാന്തെസ് എന്നു ശാസ്ത്ര നാമം. ഒറ്റ നോട്ടത്തിൽ കാർണേഷൻ പൂവിനോട് സാമ്യമുണ്ട്. കാർണേഷൻപോലെ പൂക്കൾ കുലയായിട്ടാണ് വിപണിയിൽ ലഭിക്കുന്നതും പുഷ്‌പാലങ്കാരത്തിൽ ഉപയോഗിക്കുന്നതും. തൂവെള്ള, പിങ്ക്, നീല തുട ങ്ങി പല നിറങ്ങളിലും നിറക്കൂട്ടുകളിലുമുള്ള ഇതളുകള്‍. ഇവയുടെ ഞൊറികളും കുഴലാകൃതിയു മെല്ലാം പൂവിന്റെ ഭംഗി കൂട്ടുന്നു. വില കൂടിയ ബ്രൈഡൽ ബുക്കെ ഉണ്ടാക്കാനായി യൂസ്റ്റോമയ്ക്കു നല്ല ഡിമാന്‍ഡ് ഉണ്ട്. അലങ്കാരത്തിൽ പൂക്കൾ ഒരാഴ്ചയോളം വാടാതെ നിൽക്കും. കൂനൂരിലും കൊടൈക്കനാലിലും ബെംഗളൂരുവിലുമുള്ള ഫാമുകളിൽ യൂസ്റ്റോമ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നു. വിത്തുവഴി വളർത്തിയെടുക്കുന്ന ചെടി പൂവിടാൻ 7-8 മാസം പ്രായമാകും.
സൂര്യകാന്തി
സൂര്യകാന്തിയുടെ വലുപ്പത്തിൽ പൂക്കളുള്ള നൂതന ഇനങ്ങൾ കട്ട് ഫ്ലവറായി പുഷ്‌പാലങ്കാരത്തിൽ ഉപയോഗത്തിലുണ്ട്. സാങ്കേതികമായി സൂര്യകാന്തിപ്പൂവ് ചെറുപൂക്കളുടെ കൂട്ടമാണ്. കടും മഞ്ഞ ഇതളുകളുള്ള പൂക്കളുകളുടെ വലയത്തിനുള്ളിൽ കറുത്ത ചെറു പൂക്കൾ ഉൾപ്പെടുന്ന ഭാഗവും കൂടിയുള്ള കട്ട് ഫ്ലവർ ഇനം സൂര്യകാന്തിക്കു വേറിട്ട അഴകാണ്. മിക്ക കട്ട് ഫ്ലവർ ഇനങ്ങളിലും പൂമ്പൊടിയും വിത്തുമില്ല. അതിനാല്‍ പൂവിന് ആയുസ്സു കൂടും. അനുകൂലാവസ്ഥയിൽ 4-5 ദിവസം കേടാകാതെ നിൽക്കും. പൂന്തണ്ടിനു നല്ല നീളമുള്ള ഇനങ്ങളാണ് അലങ്കാരത്തിൽ ഉപയോഗിക്കുക. കട്ട് ഫ്ലവർ ആവശ്യത്തിനു സൂര്യകാന്തി കർണാടകയിൽ പലയിടത്തും ഊട്ടിയിലുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. അലങ്കാരത്തിനായി നടുവിലുള്ള കറുത്ത ചെറു പൂക്കൾ വിരിഞ്ഞു തുടങ്ങിയ പൂക്കൾ തിരഞ്ഞെടുക്കുക.
പുസ്സി വില്ലോ
തവിട്ടുനിറമുള്ള തണ്ടിൽ ചെറു പഞ്ഞിക്കട്ടകൾ ഒട്ടിച്ചുവച്ചതുപോലുള്ള പൂങ്കുലയാണ് പുസ്സി വില്ലോയുടേത്. യൂറോപ്പിലേതുൾപ്പെടെ മിക്ക വിദേശരാജ്യങ്ങളിലും ക്രിസ്ത്യൻ മതച്ചടങ്ങുകളില്‍ ഈ പൂക്കൾക്കു പ്രധാന സ്ഥാനമുണ്ട്. അനായാസം ഡ്രൈ ഫ്ലവർ ആക്കാം. ഫില്ലർ പൂവായാണ് ഫ്ലവർ അറേഞ്ച്മെന്റിൽ ഉപയോഗിക്കുന്നത്. മിതശീതോഷ്ണ കാലാവസ്ഥയിൽ കുഞ്ഞൻ മര ത്തിന്റെ പ്രകൃതത്തില്‍ വളരുന്ന ഈ ചെടി മഞ്ഞുകാലം കഴിഞ്ഞ് വസന്തകാലം എത്തുമ്പോഴേക്കും പൂവിട്ടുതുടങ്ങും. തീരെ വലുപ്പം കുറഞ്ഞ യഥാർഥ പൂക്കൾ പഞ്ഞിപോലുള്ള നാരുകൾക്കു ള്ളിലാണുള്ളത്. ഇവ വിരിയുന്നതിനു മുൻപുതന്നെ പൂവിട്ട കമ്പുകൾ മുറിച്ചെടുത്ത് ഡ്രൈ ഫ്ലവർ ആക്കണം. പുസ്സി വില്ലോ മാത്രം ഉപയോഗിച്ചു ഫ്ലവർ വേസ് അലങ്കരിക്കാം.