ചുവപ്പണിഞ്ഞ് കൃഷിയിടങ്ങൾ; പോകാം കാന്തല്ലൂർക്ക്, നുണയാം സ്ട്രോബെറി മധുരം

Mail This Article
കാന്തല്ലൂരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനിമുതൽ സ്‌ട്രോബറി മധുരം നുകരാം. പുതിയ സീസണിലേക്കായി കൃഷിയിറക്കിയിരുന്ന സ്‌ട്രോബറികളിൽനിന്നു കർഷകർ വിളവെടുപ്പ് ആരംഭിച്ചു. ഇനി 7 മാസക്കാലം വരെ ഈ വിളവെടുപ്പ് തുടരും.
മറയൂരിന്റെയും കാന്തല്ലൂരിന്റെയും മനോഹര കാഴ്ചകൾക്കൊപ്പം സ്‌ട്രോബറിത്തോട്ടങ്ങൾ കാണാൻ കൂടിയാണ് സഞ്ചാരികൾ കാന്തല്ലൂരിലേക്ക് എത്തുന്നത്. പുതിയ സീസണിലേക്കായി മാസങ്ങൾക്ക് മുൻപ് കർഷകർ സ്‌ട്രോബറി കൃഷിയിറക്കിയിരുന്നു. ഈ സ്‌ട്രോബറികളിൽ കായ്കൾ നിറഞ്ഞ് പഴുത്ത് തുടങ്ങിയതോടെ കർഷകർ വിളവെടുപ്പും ആരംഭിച്ചു.
തോട്ടങ്ങളിൽ നിന്നു പറിച്ചെടുത്ത് അപ്പോൾതന്നെ ആവശ്യക്കാർക്ക് സ്‌ട്രോബറികൾ കൊണ്ടുപോകാം. കിലോഗ്രാമിന് 600 രൂപയാണ് വില. തോട്ടങ്ങളിലിറങ്ങി സ്‌ട്രോബറി മധുരം നുകർന്ന് ആവശ്യാനുസരണം കായ്കൾ വാങ്ങി മടങ്ങാനുള്ള അവസരം കാന്തല്ലൂരിലുണ്ട്. സ്‌ട്രോബറികൾ വാങ്ങാൻ വിനോദസഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടു തുടങ്ങി. 7 മാസക്കാലം വരെ കാന്തല്ലൂരിൽ ഈ സ്‌ട്രോബറി വിളവെടുപ്പ് തുടരും. സ്‌ട്രോബറിയിൽ നിന്നു ജാം അടക്കമുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകരുമുണ്ട്. വിനോദ സഞ്ചാരവുമായി കോർത്തിണക്കിയാണ് കർഷകർ ഇപ്പോൾ കാന്തല്ലൂരിൽ സ്‌ട്രോബറി കൃഷി ചെയ്തു വരുന്നത്. വിപണി കണ്ടെത്താനുള്ള സാധ്യതയായി കർഷകർ വിനോദസഞ്ചാരത്തെ കാണുന്നു.