രണ്ടു നാവ്, 3 കണ്ണുകള്‍, രണ്ടു തല: വികൃതരൂപത്തില്‍ വീണ്ടും പശുക്കുട്ടി
Mail This Article
രണ്ടു നാവും 3 കണ്ണുകളുമായി കോഴിക്കോട്ട് പശുക്കുട്ടി ജനിച്ചു. കോഴിക്കോട് ജില്ലയിലെ കൂടത്തായിലുള്ള അയ്യപ്പന്റെ വീട്ടിലെ പശുവിനാണ് രണ്ടു തലയുള്ള പശുക്കുട്ടി ജനിച്ചത്. വിഷമപ്രസവത്തിന്റെ ലക്ഷണങ്ങള്‍ പശു കാണിച്ചതിനെത്തുടര്‍ന്ന് മൈക്കാവ് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനായ ഡോ. സി.ജെ. നിതിനെത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
സാധാരണ ഗര്‍ഭിണിപ്പശുക്കള്‍ക്കുള്ളതിലും വയറിന് വലുപ്പക്കൂടുതല്‍ ഈ പശുവിനുണ്ടായിരുന്നു. അസാധാരണ വലുപ്പം വയറിന് ഉണ്ടായിരുന്നതുകൊണ്ടുതന്നെ രണ്ടു കുട്ടികള്‍ ഉണ്ടാകുമെന്ന് ഉടമ കരുതി. പരിശോധിച്ചപ്പോള്‍ത്തന്നെ അസ്വാഭാവികത തോന്നിയതായി ഡോ. നിതിന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. കുട്ടിയുടെ വായയ്ക്ക് എന്തോ പ്രത്യേകതയുള്ളതായി തോന്നി. രണ്ടു തലകളും യോജിച്ച രീതിയിലായിരുന്നു. അതുകൊണ്ടുതന്നെ അനായാസം കുട്ടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും ഡോ. പറയുന്നു. പുറത്തെടുത്തതും കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടു. വൈകാതെതന്നെ മറവുചെയ്യുകയും ചെയ്തു. വായ രണ്ടും കൂടിച്ചേര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, രണ്ട് നാക്കുള്‍ ഉണ്ടായിരുന്നു. ഇരു വശങ്ങളിലുമായി ഓരോ കണ്ണുകഴും നടുവില്‍ ഒരു കണ്ണും ഉണ്ടായിരുന്നു. ബാക്കി ശരീരഭാഗങ്ങളെല്ലാം സാധാരണ പശുക്കുട്ടികളുടേതുപോലെതന്നെയുമായിരുന്നു.
വയറിനുള്ളില്‍ കുഞ്ഞിന് സുരക്ഷയൊരുക്കുന്ന അംനിയോട്ടിക് ദ്രവത്തിന്റെ അളവ് കുറയാത്തതാണ് വയറിന് അസാധാരണ വലുപ്പമുണ്ടാകാന്‍ കാരണം. ഏകദേശം 5 മാസം പ്രായം മുതല്‍ ഗര്‍ഭസ്ഥ കിടാവ് അംനിയോട്ടിക് ദ്രവം അല്‍പാല്‍പം കുടിച്ചുതുടങ്ങും. വളരുന്നതിന് അനുസരിച്ച് അതിനുള്ളിലെ അംനിയോട്ടിക് ദ്രവം കുറഞ്ഞുവരും. എന്നാല്‍, ഈ കേസില്‍ അങ്ങനെയുണ്ടായില്ല.
ജനിതക വൈകല്യമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. വികൃത രൂപത്തില്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് ഡൈസ്ഫാലസ് മോണ്‍സ്റ്റര്‍ (dicephalus monster) എന്നാണ് പറയുക. അണ്ഡവും ബീജവും സംയോജിച്ച് ഭ്രൂണമായി മാറി, സെല്ലുകള്‍ ഇരട്ടിച്ച് വളരുകയും ചെയ്യുന്ന ഘട്ടത്തില്‍ ഉണ്ടാകുന്ന അപചയങ്ങളാണ് ഇത്തരത്തില്‍ വികൃത രൂപത്തില്‍ പശുക്കുട്ടികള്‍ ഉണ്ടാകുന്നത്. സമാന കേസുകള്‍ ഇപ്പോള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.
കുടത്തായിലെ ഈ കേസ് കൈകാര്യം ചെയ്ത ഡോ. നിതിന്റെ സമാന രീതിയിലുള്ള രണ്ടാമത്തെ അനുഭവമാണിത്. ഇതിനു മുന്‍പ് ബാലുശേരിയില്‍ രണ്ടു തലയുള്ള പശുക്കുട്ടിയെ ഡോ. നിതിന്‍ പുറത്തെടുത്തിരുന്നു. രണ്ടു കഴുത്തും രണ്ടു തലയും ഉണ്ടായിരുന്നതിനാല്‍ സിസേറിയനിലൂടെയാണ് അന്ന് ആ പശുക്കുട്ടിയെ പുറത്തെടുത്ത്. തലയുടെ വലുപ്പത്തില്‍ വ്യത്യാസമുണ്ടായാല്‍ സാധാരണ രീതിയില്‍ പുറത്തെടുക്കല്‍ ദുഷ്‌കരമാണെന്നും സിസേറിയന്‍ വേണ്ടിവരുമെന്നും ഡോ. നിതിന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് കാക്കൂരിലും രണ്ടു തലയുള്ള പശുക്കുട്ടി ജനിച്ചിരുന്നു.
English summary: Two headed calf born in Kozhikkode