ADVERTISEMENT

2017ൽ രണ്ടു പെണ്ണാടുകളെ വളർത്താൻ തുടങ്ങി, 2023 ആയപ്പോഴേക്കും 30 ആടുകളും വർഷം തോറും ഒന്നര ലക്ഷം രൂപയോളം വരുമാനവും ലഭിക്കുന്ന ആടുവളർത്തലിന്റെ സ്വന്തം അനുഭവമാണ്  ആലപ്പുഴ കറ്റാനം പത്മനിവാസിൽ  വെറ്ററിനറി ഡോക്ടർ ദമ്പതിമാരായ ഡോ. സന്തോഷിനും ഡോ. മഞ്ജുവിനും പങ്കുവയ്ക്കാനുള്ളത്.    

നല്ല ആരോഗ്യമുള്ള പ്രത്യക്ഷത്തിൽ അസുഖങ്ങളൊന്നുമില്ലാത്ത മോശമല്ലാത്ത ഉൽപാദനം തരുന്ന മലബാറി ആടിന്റെ 4 മാസം പ്രായമായ രണ്ട് പെൺകുട്ടികളെ പതിനായിരം രൂപ നൽകി വാങ്ങിയത് 2017ലാണ്. അതും പ്രാദേശികമായി വളർത്തുന്നവരിൽ നിന്ന്. 2018ൽ 5 ആടുകളായി. 2019 ആയപ്പോഴേക്കും എണ്ണം 12 ആയി. 2020ൽ 30 എണ്ണമായി ഉയർന്നു. 2021 മുതൽ 2023 വരെ ഓരോ വർഷവും ശരാശരി 30 കുട്ടികളെ വിൽക്കാൻ കഴിയുന്നതിനോടൊപ്പം, പ്രജനനത്തിനായി സ്ഥിരമായി 30–35 ആടുകളെ ഫാമിൽ നിലനിർ‌ത്തുന്നു. ഫാമിന് ഉൾക്കൊള്ളാവുന്ന പരിധിയിൽ എത്തിയിരിക്കുന്നതിനാലാണ് എണ്ണം വീണ്ടും ഉയർത്താത്തത്.

veterinary-doctors-goat-2

ആണാടുകളെ ഫാമിൽ വളർത്തുന്നില്ല. മൃഗാശുപത്രിയിൽ നിന്നുള്ള ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനമാണ് നടത്തുന്നത്. ഒരേ വംശാവലിയിലുള്ള ആടുകളായതിനാൽ അതിൽ നിന്നുള്ള ആണാടുകളെ പ്രജനനത്തിനുപയോഗിച്ചാൽ ഇൻബ്രീഡിങ് ഡിപ്രഷൻ എന്ന അവസ്ഥയുണ്ടാവുകയും, വളർച്ച മുരടിക്കുന്നതുൾപ്പെടെയുള്ള ജനിതക പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. അതിനാലാണ് കൃത്രിമ ബീജാധാനം നടത്തുന്നതെന്നാണ് ഇവരുടെ അഭിപ്രായം. 

കൂടും തീറ്റയും
2019ൽ ആടുകളുടെ എണ്ണം വർധിപ്പിച്ചപ്പോൾ 350 ച.അടി വിസ്തീർണ്ണമുള്ള (25 അടി നീളവും 14 അടി വീതിയും) കൂട് രണ്ടു ലക്ഷം രൂപ മുടക്കിൽ നിർമിച്ചു. തറ നിരപ്പിൽ നിന്ന് 6 അടി ഉയരത്തിലാണ് കൂട്. അതിനാൽ കാഷ്ഠവും മൂത്രവും കൂട്ടിന്റെ അടിയിൽനിന്ന് അനായാസം ശേഖരിക്കാം. 3 മാസം വരെ തള്ളയുടെ പാൽ കുടിക്കാൻ കുട്ടികളെ അനുവദിക്കും. മാതൃശേഖരത്തിലുള്ള ആടുകൾക്ക് പുളിയരി, കടലപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക് എന്നിവ ചേർത്ത് മിശ്രിതമായി 500 ഗ്രാം വീതം നൽകും. വൈകുന്നേരങ്ങളിലാണ് തീറ്റ നൽകുന്നത്. കൂടാതെ ശരാശരി 4 കിലോ പച്ചപ്പുല്ലും ആവശ്യത്തിന് വെള്ളവും ഓരോ ആടിനും അനുവദിച്ചിട്ടുണ്ട്. ആടുകൾക്കായി 50 സെന്റ് സ്ഥലത്ത് സങ്കരയിനം നേപ്പിയറും ചോളവും കൃഷി ചെയ്യുന്നുണ്ട്. 

veterinary-doctors-goat-3

വരവും ചെലവും
2017ൽ രണ്ട് ആട്ടിൻകുട്ടികളെ 10,000 രൂപ നൽകി വാങ്ങിയതൊഴിച്ചാൽ ആടുകളെ വാങ്ങുന്നതിനായി വേറെ ചെലവുണ്ടായില്ല. ആട്ടിൻ കൂട് നിർമിച്ച വകയിൽ ചെലവായ 2 ലക്ഷം രൂപ പിന്നീടുള്ള വർഷങ്ങളിൽ ആട്ടിൻകുട്ടികളെ വിറ്റ വകയിൽ ലഭിച്ചു. ഒരു കുട്ടിക്ക് 6000 രൂപ നിരക്കിലാണ് വിൽപന. 30 കുട്ടികളെ വരെ വർഷത്തിൽ വിൽക്കുന്നതു വഴി 1,80,000 രൂപ പ്രതി വർഷം വരുമാനമായി ലഭിക്കുന്നുണ്ട്. കൂടാതെ ലീറ്ററിന് 100 രൂപാ നിരക്കിൽ 6 ലീറ്റർ പാൽ ദിവസവും വിൽക്കും. ദിവസം 600 രൂപ നിരക്കിൽ  30 ദിവസമാകുമ്പോൾ 18,000 രൂപ പാലിൽ നിന്നും, ആട്ടിൻകാഷ്ഠം ചാക്കൊന്നിന് 200 രൂപ നിരക്കിൽ വിൽക്കുമ്പോൾ 10 ചാക്കിന് പ്രതിമാസം 2000 രൂപയും ലഭിക്കുന്നുണ്ട്. പ്രതിമാസം പാലിൽ നിന്നും ആട്ടിൻ കാഷ്ഠത്തിൽനിന്നും 20,000 രൂപ ലഭിക്കുമ്പോൾ അത്ര തന്നെ തീറ്റ വാങ്ങി നൽകുന്നതിനും മറ്റുമായി ചെലവാകുന്നുണ്ട്. വർഷാവർഷം കുട്ടികളെ വിൽക്കുമ്പോൾ ലഭിക്കുന്നതു ലാഭം.

ആട്ടിൻപാലിന് ആവശ്യക്കാരേറെയെന്ന് ഈ ഡോക്ടർമാർ പറയും. പാൽ ശരിയായി ശേഖരിച്ച്  വിപണനം നടത്താതിരുന്നാൽ, തീറ്റച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ആട് വളർത്തലിൽ നിന്നുള്ള വരുമാനം നാമമാത്രമായിരിക്കും. കുറഞ്ഞ മുടക്കുമുതലിൽ തുടങ്ങി ഘട്ടംഘട്ടമായി വിപുലീകരിക്കാൻ കഴിഞ്ഞതും ആവശ്യത്തിനുള്ള പുല്ല് ഉൽപാദിപ്പിക്കാൻ കഴിയുന്നതും ആട്ടിൻപാൽ, കാഷ്ഠം എന്നിവയ്ക്ക് വിപണി കണ്ടെത്താൻ കഴിഞ്ഞതുമാണ് ഈ സംരഭത്തിന്റെ വിജയത്തിന് കാരണമെന്ന് ആലപ്പുഴ ചുനക്കര വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. മഞ്ജുവും, മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഭർത്താവ് ഡോ. സന്തോഷും സാക്ഷ്യപ്പെടുത്തുന്നു. ഒഴിവ് സമയം, എങ്ങിനെ ആനന്ദകരവും ആദായകരവുമാക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ വെറ്ററിനറി ദമ്പതികളുടെ ആട് വളർത്തൽ. 

ഫോൺ: 9495241343

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com