ബാറ്ററി റീചാർജിൽ പ്രവർത്തിക്കുന്ന തലച്ചോറ്; മനസ്സിന്റെ നിയന്ത്രണം സാങ്കേതികവിദ്യ ഏറ്റെടുത്താൽ എന്തുചെയ്യും?
Mail This Article
സാങ്കേതികവിദ്യയുടെ നന്മയും തിന്മയും അറിഞ്ഞുകൊണ്ട് തന്നെ അതിനെ കൈനീട്ടി സ്വീകരിച്ചവരാണ് മനുഷ്യർ. ഇന്ന് ചെറുതു മുതൽ വലുതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുവാൻ ശാസ്ത്ര സംബന്ധമായ പല സാങ്കേതികവിദ്യകളും നാം ഉപയോഗിക്കുന്നുണ്ട്. ഇനി അവയുടെ കടന്നുകയറ്റം മനസ്സിലേക്കാണ്. തെളിച്ചു പറഞ്ഞാൽ തലച്ചോറിലേക്ക്. മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ച് അതിനെ നിയന്ത്രിക്കാൻ സാധിക്കുന്ന കാലഘട്ടം വിദൂരമല്ല എന്ന് കഴിഞ്ഞയിടെ ഇലോൺ മസ്ക് പറയുകയുണ്ടായി. അതേ വിഷയമാണ് സി. രാധാകൃഷ്ണന്റെ പുതിയ പുസ്തകവും കൈകാര്യം ചെയ്യുന്നത്.
ന്യൂറോളജിസ്റ്റായ ഡോക്ടർ ബാബുലിന് ഏക ആശ്രയമായിരുന്നത് മകളായ ലോലയായിരുന്നു. ഭാര്യയായിരുന്ന ഡോക്ടർ റോസാ സാമുമായി മാനസികമായി അകന്നു കഴിയുന്ന അയാൾ ചെയ്യുന്നതെല്ലാം മകൾക്കു വേണ്ടിയാണ്. അവൾക്കു വേണ്ടിയാണ് വരുമാനവർദ്ധന സാധ്യതയുള്ള ജോലി തിരഞ്ഞെടുത്തതു പോലും. ആ കുട്ടിക്കാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്.
'സ്കൂളിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ ചെറുതായി ഒന്ന് വീണതാണ്. തല ഇടിച്ചായിരുന്നു വീഴ്ച. തലച്ചോറിന് കേടു പറ്റി ഒരു അവയവവും ചലിപ്പിക്കാൻ കഴിയുന്നില്ല. സംസാരശേഷിയും ഇല്ല.'
സി. രാധാകൃഷ്ണന്റെ 'ഡിജിറ്റാലിങ്ക്' എന്ന പുസ്തകം ആരംഭിക്കുന്നതു തന്നെ പ്രധാന കഥാതന്തുവിന്റെ വിവരണത്തോടെയാണ്. ബാബുലിന് ആഘാതങ്ങൾ പുതിയതല്ല. അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞതും അച്ഛന്റെ കാൻസർബാധയും ദാമ്പത്യത്തിലെ പരാജയവുമെല്ലാം സഹിച്ചവനാണ് അയാൾ. എന്നാൽ ലോലയെ അങ്ങനെ സഹിച്ചു വിട്ടുകളയാവുന്ന ഒന്നല്ല.
ന്യൂയോർക്കിലെ പ്രസിദ്ധമായ ആശുപത്രിയിൽ നിന്ന് കലിഫോർണിയയിലെ ഡിജിറ്റാലിങ്കിലേക്ക് മാറ്റം കിട്ടിയപ്പോൾ, തലച്ചോറുകളുടെ തകരാറുകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ആ ഇടം തന്റെ മകൾക്ക് വേണ്ടി തന്നെ ഉപയോഗപ്പെടുത്തേണ്ടി വരുമെന്ന് അയാൾ ഒരിക്കലും കരുതിയിരുന്നില്ല. ഇത്തരം ഒരു നിർണായ ഘട്ടത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന് മകളെ വിട്ടുനൽകാൻ റോസാ തയ്യാറാകുന്നില്ലായെങ്കിലും തലച്ചോറിൽ കേടുവന്ന ഭാഗങ്ങളുടെ പ്രവർത്തനം ഏറ്റെടുത്ത് ചെയ്യാൻ കഴിയുന്ന കൃത്രിമ പ്രോസസറും ന്യൂറൽ നെറ്റ്‍വർക്കും സ്ഥാപിച്ച് മകളെ തിരികെ കൊണ്ടുവരാനാണ് ബാബുലിന്റെ ശ്രമം. ഫലപ്രാപ്തിയെപ്പറ്റി സംശയമുണ്ടെങ്കിലും അത് മറ്റൊരു അപകടത്തിലേക്ക് നയിക്കില്ല എന്ന വിശ്വാസത്തോടെയാണ് അയാൾ ഈ കൃത്യത്തിന് മുതിരുന്നത്.
രോഗിയായി മനുഷ്യന്റെ മസ്തിഷ്കം സാങ്കേതികവിദ്യയാൽ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചാണ് പുസ്തകം സംസാരിക്കുന്നത്. ഓർമ്മകളുടെയും ചിന്തകളുടെയും കവാടമായ തലച്ചോറ് ബാറ്ററി റീചാർജിൽ പ്രവർത്തിക്കുന്ന ഒരു ഇംപ്ലാന്റ് മാത്രമായി മാറുന്നു. തലച്ചോറിന് പോലും ഒരു ഭൂപടം ഉണ്ടാക്കുകയും അവിടെ നിർമ്മിതികൾ ആരംഭിക്കുകയും ചെയ്യുന്ന കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുന്ന പുസ്തകം വരാനിരിക്കുന്ന ലോക ഭാവിയെയാണ് കാട്ടിത്തരുന്നത്.
മസ്‌കിന്റെ ന്യൂറൽ ഇൻ്റർഫേസ് ടെക്‌നോളജി കമ്പനിയാണ് ന്യൂറലിങ്ക്. ആദ്യത്തെ ന്യൂറലിങ്ക് ഉൽപ്പന്നം 'ടെലിപതി' എന്ന പേരിലായിരിക്കുമെന്നും അതിലൂടെ ഫോണിനും കമ്പ്യൂട്ടറും ഉൾപ്പെടെ ഏതൊരു ഉപകരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുവാൻ സാധിക്കും. കൈകാലുകൾ നഷ്ടപ്പെട്ടവരായിരിക്കും ഇതിന്റെ പ്രാരംഭ ഉപയോക്താക്കളെന്നും മസ്‌ക് പറയുന്നു. രോഗികളുടെ തലയോട്ടിയിൽ ഘടിപ്പിക്കുന്ന ചിപ്പ് ഒരു നാണയത്തിന്റെ വലുപ്പമുള്ളതാണ്. പാർക്കിൻസൺസ് പോലെയുള്ള രോഗത്തിന്റെ ചികിത്സക്കായി ടെലിപതി ഉപയോഗിക്കാനാവും എന്ന മസ്‌കിന്റെ വാദം.
ജീവനും ജീവിതവും നഷ്ടപ്പെട്ടു എന്ന് തോന്നുന്ന സമയം, അതിവേഗം ചികിത്സ നൽകി ഓരോ രോഗിക്കും ആവശ്യമായ കൃത്രിമ തലച്ചോറ് അഥവാ നിയന്ത്രണ വിഭാഗം നൽകപ്പെടുന്ന കാലഘട്ടം വിദൂരമല്ല. കമ്പ്യൂട്ടർ ചിപ്പ് ഉപയോഗിച്ച് മനുഷ്യന്റെ ചിന്തകളെ മാത്രമല്ല നിയന്ത്രിക്കാൻ സാധിക്കുക, രോഗത്തിന് അടിമപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരെ ഒരു പുതുലോകം നൽകി തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് സാധ്യതയെക്കുറിച്ച് പ്രധാന കഥാപാത്രമായ ബാബുലിനൊപ്പം വായനക്കാരും ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഓപ്പറേഷനെ കുറിച്ച് പറയുന്ന അധ്യായത്തിന്റെ പേര് 'പ്രതിഷ്ഠാനം' എന്നാണ്. ഒരു ന്യൂറോ ചിപ്പ് മാത്രമല്ല അവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്, പ്രതീക്ഷകൾ കൂടിയാണ്. മകളെ തിരികെ കിട്ടുമെന്ന് അച്ഛന്റെ പ്രതീക്ഷ പോലെ തന്നെ, ഭാവിയിൽ അനേകം ആളുകളുടെ ജീവിതം രക്ഷിക്കാൻ സാധിക്കുമെന്ന് വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷയും അവിടെ പ്രതിഷ്ഠിക്കപ്പെടുന്നു.
എന്നാൽ ഇത്തരം കണ്ടുപിടുത്തങ്ങളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു. മനസ്സും ബന്ധങ്ങളും വിളക്കി ചേർക്കാൻ ഇടപെടുന്ന നിർമ്മിത ബുദ്ധി പുറത്തുനിന്ന് നിയന്ത്രിക്കാൻ കഴിയും. അപക്വവും അശ്രദ്ധവും അപകടകരവുമായ ചിന്താഗതിയുള്ള ഒരാൾ അതിന്റെ നിയന്ത്രണം ഏറ്റെടുത്താൽ എന്തു ചെയ്യും എന്ന് ചോദ്യവും ഇതിൽ അന്തർലീനമായിരിക്കുന്നു. പഠനത്തിന്റെ ഭാഗമായി മാറുന്ന മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനോടൊപ്പം പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് തന്നെയാണ് പുസ്തകം മുന്നോട്ട് നീങ്ങുന്നത്.
'നല്ലത് ചെയ്യാനാണ് മനുഷ്യനിലെ അടിസ്ഥാന ചോദന. ചീത്ത ചെയ്യാൻ പുറപ്പെടുമ്പോഴും ആ ചോദ്യത്തിന് അവിടെയുണ്ട്.'
എത്ര വലിയ സാങ്കേതികവിദ്യ വന്നാലും അത് നിയന്ത്രിക്കുന്നത് മനുഷ്യന്റെ ഉള്ളിൽ കുടിയിരിക്കുന്ന അടിസ്ഥാന ചോദനനെയാണ് പുസ്തകം വിശ്വസിക്കുന്നത്. കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ്. കടന്നു പോകേണ്ടിവരുന്ന അനിശ്ചിതങ്ങളെ കുറിച്ച് ആശങ്കപ്പെടുമ്പോഴും നല്ലതായി ഭവിക്കും എന്ന മനുഷ്യകുലത്തിന്റെ തന്നെ വിശ്വാസത്തെയാണ് ഇവിടെ ഉയർത്തി പിടിക്കുന്നത്. വരാനിരിക്കുന്ന കാലത്തെ ഒരു സംഭവം അടയാളപ്പെടുത്തി വയ്ക്കുന്ന എഴുത്തുകാരൻ നന്മയുടെ പക്ഷത്താണ്. മിഴിതുറന്നു ജീവിതത്തിലേക്ക് തിരികെ വന്ന മകളെ ആത്മനിർവൃതിയോടെ കാണുന്ന അച്ഛന്റെ ചിത്രം വരുംകാല മനുഷ്യന്റെ ചിത്രമാണ്. ആഘാതങ്ങൾക്ക് മേലുള്ള അയാളുടെ വിജയമാണ്.
ഡിജിറ്റാലിങ്ക്
സി. രാധാകൃഷ്ണന്‍
വില 120 രൂപ
മനോരമ ബുക്സ്