ADVERTISEMENT

ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണ്. ശിഷ്ട ജീവിതത്തിൽ അപ്രതീക്ഷിത ഭയങ്ങൾകൊണ്ട് നീ സമ്പന്നനാകട്ടെ! നിസാരമെന്നു തോന്നുന്ന സരമയുടെ ശാപം ജനമേജയനെ സ്വസ്ഥതയില്ലാത്ത വിധം പിന്തുടർന്നു കൊണ്ടിരുന്നു.

ഇതിഹാസങ്ങൾ എന്നും പുതിയ കഥകൾക്ക് കഥാതന്തു പൊഴിക്കുന്ന വൻവൃക്ഷമാണ്. മഹാഭാരത കഥാപാത്രങ്ങളെ ഇതിനുമുൻപും പലരും അവരുടെ മനോഭാവനകളിലൂടെ കഥകളായി എഴുതിയിട്ടുണ്ട്. ഭാവനകൾ ഉള്ള കാലം വരെ അതിനിയും തുടരും.

മഹാഭാരതത്തിലൂടെ നമ്മളറിയുന്ന ശിഖണ്ഡിയാണ് ആത്രേയകത്തിലെ കേന്ദ്രകഥാപാത്രം. കുരുക്ഷേത്രയുദ്ധത്തിന്റെ ഭാഗധേയം നിർണ്ണയിച്ച, അംബയുടെ പുനഃർജന്മമെടുത്ത ശിഖണ്ഡി. ഒരേസമയം നിരമിത്രയായും നിരമിത്രനായും മാറുന്ന ശിഖണ്ഡിയുടെ കഥായാനമായ  ആത്രേയകത്തിൽ രാജശ്രീ,‌ ശിഖണ്ഡിയെന്ന വാക്ക് ഒരിടത്തും പ്രയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മഹാഭാരതത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ദ്രുപദപുത്രൻ 'നിരമിത്രൻ'. രാജപാതയുടെ അരികുപറ്റി നടന്ന മഹാരാജാവായ ദ്രുപദന്റെ പുത്രൻ എന്നാണ് രാജശ്രീ ഈ കഥയെ അടയാളപ്പെടുത്തുന്നത്.

വലിയ രാജ്യവംശങ്ങൾക്കൊക്കെ വിവാഹം രാജ്യതന്ത്രമാണ്. ഉപായവും മറയുമാണ്. കേവല മനുഷ്യർ എന്നതിനേക്കാൾ രാജ്യങ്ങളുടെ അതിർത്തി വിസ്തൃതി കൂട്ടുവാനുള്ള സഖ്യമാണ് വിവാഹം. ദശാർണ്ണവും പാഞ്ചാലവും തമ്മിലുള്ള സഖ്യം ഊട്ടിയുറപ്പിക്കാൻ നടത്തിയ  വിവാഹം. ഭർത്താവിന്റെ സ്ത്രെെണത തിരിച്ചറിഞ്ഞ നിമിഷം ദശാർണ്ണ്യ രാജകുമാരി മണിയറയിൽ നിന്നിറങ്ങിപോയപ്പോൾ, വ്യർത്ഥമാണെന്നറിഞ്ഞുകൊണ്ടു നടത്തിയ വിവാഹത്തിൽ അപഹാസ്യനായ രാജകുമാരൻ രാജ്യത്തിനു പേരുദോഷമുണ്ടാക്കിയവൻ എന്ന കൊടിയ അപമാനവും പേറി രാജ്യവും ബന്ധങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്തു. ഒടുവിൽ എത്തിച്ചേർന്നത് നഷ്ടപ്പെട്ട കന്യകാത്വം പോലും പെണ്ണിനു തിരിച്ചുനൽകാൻ പ്രാപ്തിയുള്ള വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇളയും മുത്തച്ഛൻ ചൂഡകനും വസിക്കുന്ന ആത്രേയകത്തിലാണ്.

ഹസ്തിനപുരത്തിന്റെയും പാഞ്ചാലത്തിന്റെയും അതിർത്തി പങ്കിടുന്ന, എന്നും രണ്ടു രാജ്യങ്ങളുടെയും അധികാരവടംവലികൾക്ക് വിധേയമാകുന്നയിടമാണ് ആത്രേയകം. മരുന്നുകളുടെ സുഗന്ധം വഹിക്കുന്ന കുളിർകാറ്റ് വീശുന്ന വലിയൊരു വനസ്ഥലിയായ ആത്രേയകം. ആത്രേയകത്തിന്റെ പാരമ്പര്യ പൈതൃക ചികിത്സരീതികളിൽ നഷ്ടപ്പെട്ട അപമാനം വീണ്ടെടുക്കാനും ദശാർണ്ണ്യവുമായി സഖ്യത്തിൽ പോകാനും നിരമിത്രനെ കൊണ്ടു സാധിച്ചെങ്കിലും ഹിരണ്യവർമ്മനും രാജകുമാരിയും അവനിൽ വേദനയായിരുന്നു. ചതിക്കപ്പെട്ടവന്റെ ഹൃദയവേദന.

പിതാവിന്റെ ധാർഷ്ട്യത്തിനു മുൻപിൽ പതറിയപോയ, പുത്രന്റെ വേദനയിൽ നൊന്തു  ശരീരത്തിനും മനസ്സിനും ഏറ്റ തളർച്ചയിൽ കിടപ്പിലായ അമ്മ മഹാറാണി. യാഗാഗ്നിയിൽ നിന്നും ജന്മമെടുത്ത ധൃഷ്ടനും കൃഷ്ണയും. കൃഷ്ണ ആദ്യം ദൃഷ്ടന്റെ ഇച്ഛയ്, പിന്നീട് കുന്തി പറഞ്ഞുപോയ വാക്കിനും വേണ്ടി ജീവിക്കേണ്ടി വന്നവൾ. അഞ്ചുഭർത്താക്കന്മാരെ ഒരു മാലയിൽ കോർത്തെടുത്തു സംരക്ഷിക്കുന്നവൾ. അവളുടെ ഇഷ്ടങ്ങളെക്കാൾ കുന്തിയുടെ ആജ്ഞകളെ ശിരസാ വഹിച്ച രാജകുമാരി. അഞ്ചുപേരേയും ഒരേപോലെ ആകർഷിക്കാനായി എന്നും ശരീരത്തിന്റെ പുതുമ നിലനിർത്താനായി ആത്രേയകത്തിന്റെ വൈദ്യപരമ്പര്യവുമായി കുന്തിയുടെ ആജ്ഞകൾക്കു കാതോർത്തു ഇളയും. കൃഷ്ണയുടെ മനസ്സിന്റെ ആഴങ്ങളും ശക്തിയും കൃത്യതയോടെ സ്ത്രീയുടെ വൈകാരികതലത്തിലൂടെ ടീച്ചർ അടയാളപ്പെടുത്തുമ്പോൾ മിഴിവ് കൂടുന്നുണ്ടിവിടെ കൃഷ്ണയ്ക്ക്.

രാജാതിർത്തി വർധിപ്പിക്കുന്നതിനു വേണ്ടി രാജ്യതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്ന സ്വാർത്ഥനാണ് ധൃഷ്ടൻ. ഭരണത്തിനുവേണ്ടിയുള്ള ധൃഷ്ടന്റെ പിടിമുറുക്കങ്ങളിൽ മഹാരാജാവിനും കാലിടറിയപ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ സ്നേഹവായ്പ്പുകൾ തിരിച്ചറിയുന്നു ഹരിണിയും.

"മഹാറാണിയുടെ വിയോഗത്തിന് ശേഷമാണ് പാഞ്ചാലം സമുദ്രമാണെന്നും താനതിൽ ലക്ഷ്യം തെറ്റിയാലയുന്ന തോണിയാണെന്നും മനസിലായത്." തീവ്രാഭിലാഷവുമായി വാശിയോടെ അന്തരപുരത്തിലേക്കു കയറി വന്ന അവസ്ഥയല്ല, ഇപ്പോൾ രണ്ടു മക്കളുടെ അമ്മയായി കയറിയിട്ടും ഹരിണിക്കനുഭവപ്പെട്ടത്. അല്ലെങ്കിലും കൈയിലെത്തി കഴിയുമ്പോൾ പലതിനും അതിന്റെ മഹത്വം നഷ്ടമാകുമല്ലോ. ആകർഷണവും. 

"അല്ലെങ്കിലും ഏറ്റവും ദുർബലമായ നിമിഷങ്ങളിലാണല്ലോ ധർമ്മലോപം സംഭവിക്കുന്നത്. ശരീരത്തിന്റെയോ ആത്മാവിന്റെയോ ഏതെങ്കിലുമൊരു സുഷിരത്തിലൂടെ കല്മഷം അകത്തുകയറി വ്യാപിക്കും.അപ്പോൾ അവരോട് ശത്രുത തോന്നിയിട്ടുണ്ട്. ആ സാന്നിധ്യമല്ല അവരുണ്ടാക്കിയ ശൂന്യതയാണ് ഹരിണിയെ ഇല്ലായ്മ ചെയ്യുന്നത്".  ദുഃഖത്തോടെ അവർ ഓർത്തു കൊണ്ടിരുന്നു. സ്ത്രീയുടെ ജീവിതയാത്രകളെ സന്തോഷത്തോടെ എങ്ങനെ നേരിടണമെന്ന് അപ്പോഴും മകളെ അവർ ഉപദേശിക്കുന്നുണ്ട്.

സഹോദരി കൃഷ്ണ എന്നും നിരമിത്രനു പ്രിയപെട്ടവളായിരുന്നു. സ്വന്തം മാതാവിന്റെ അവസാന കാലങ്ങൾ സന്തോഷത്തിന്റെയും സ്നേഹത്തിന്റേതുമാക്കിയത് അവളുടെ പരിചരണമായിരുന്നല്ലോ. പാഞ്ചാല രാജാവിനെക്കാൾ ഒരു നെല്ലിട കൂടുതൽ രാജ്യത്തെ സ്നേഹിച്ച സേനാപതിയാണ് വിപുലൻ. പ്രതിസന്ധികളിൽ രാജാവിനെ എപ്പോഴും തുണച്ചിരുന്നവൻ. ദൃഷ്ടന്റെ ഭരണത്തിൽ അവസാനം നിഷ്കാസിതനായി ആത്രേയകത്തിലെത്തേണ്ടി വന്നവൻ.

ഇളയ്ക്ക് ബലനോടും ആത്രേയകത്തോടും സ്നേഹമുണ്ടായിരുന്നെങ്കിലും രാജ്യകൊട്ടാരത്തിൽ എത്തിയപ്പോൾ അവൾ അതിൽ അഭിരമിക്കാനും സന്തോഷിക്കാനും തുടങ്ങി. ബലനും ചൂഡകനും ആത്രേയകത്തിൽ ജീവിതം തുടരുമ്പോഴും അവൾ രാജ്യ സുഖസൗകര്യങ്ങളിൽ ആനന്ദം കണ്ടെത്തിയിരുന്നു. മാറുന്ന പരിസ്ഥിതികളെ ഉൾക്കൊള്ളാൻ കഴിയുന്നവർ, ഇന്നലെകളുടെ നോവുകളേക്കാൾ വരാനിരിക്കുന്ന നാളെയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നവർ അന്നും ഇന്നും ഉണ്ട്.

പക്ഷേ പാണ്ഡവരിലേക്കെത്തുമ്പോൾ ചതിയുടെയും വഞ്ചനയുടെയും കഥകൾ നിരമിത്രനെ വീർപ്പുമുട്ടിച്ചു. സ്വന്തം പിതാവിനാൽ ബലിമൃഗമായത് സ്വന്തം അമ്മയായ ഉലൂപിയുടെ സംസ്കരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ബാക്കിപത്രമായിരുന്നു 'ഇരാവാൻ'. അവളുടെ പ്രണയത്തെ വാഗ്ചാതുര്യത്താൽ വരുതിയിലാക്കിയവനാണ് അർജുനൻ. ഉലൂപിയെ ഉപദേശിച്ച ഹിഡുംബി പോലും പുത്രധർമ്മം ഉപദേശിച്ചു കൊണ്ട് പാണ്ഡവപക്ഷത്തേക്ക് മകനെ പറഞ്ഞയച്ചത് അവരുടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ചായിരുന്നു. ചിത്രാംഗദയും മകനും അർജുനൻറെ സ്നേഹാരഹിത്യത്തിന്റെ മറ്റുദാഹരണമാണ്. രാജ്യത്തിനു വേണ്ടി മാത്രം ജീവിക്കപ്പെടുകയാണ് പല രാജാക്കന്മാരും. പല യുദ്ധങ്ങളിലും എന്നും തോൽക്കുന്നത് സ്ത്രീകൾ തന്നെയാണെന്നു മാത്രം!

പ്രണയത്തിന്റെയും തിരസ്കരത്തിന്റെയുമിടയിൽ ധർമ്മം തോറ്റുപോകുന്നതിൽ കുറ്റബോധം കൊണ്ടു നീറുന്നത് മനുഷ്യത്വവും അനുതാപവും നൈതികതയും ഉള്ളിൽ സൂക്ഷിക്കുന്ന നിരമിത്രനെപോലുള്ളവർ മാത്രമാണ്. പിതാമഹന്റെ കിരീടം തെറിപ്പിച്ചു യുദ്ധത്തിന്റെ ഭാഗധേയമായിട്ടും അർജുനന്റെ അവഹേളനം കേൾക്കേണ്ടി വന്നതിനേക്കാൾ അവനെ വേദനിപ്പിച്ചത്, ആത്മാമിത്രങ്ങളെ ഒറ്റിക്കൊടുത്ത് ചതിച്ചു കൊല്ലാൻ കൂട്ടുനിന്ന ക്രൂരനായ വിഡ്ഢി നിരമിത്രന്റെ വിജയച്ചിരിയായിരുന്നു. അല്ലെങ്കിലും ശരിയും തെറ്റും സന്ദർഭത്തിന്റെ  മാത്രം സൃഷ്ടികളാണല്ലോ!  മനുഷ്യർക്ക് സ്വന്തം വീഴ്ചകൾ കണ്ണിൽപ്പെടുകയില്ല. തങ്ങൾക്കുണ്ടായ പരാജയങ്ങളുടെ ഭാരം കയറ്റാൻ പറ്റിയ ചുമൽ ജീവിതാന്ത്യം വരെ അവർ അന്വേഷിച്ചു കൊണ്ടിരിക്കും! 

ആത്രേയകം കഥകൾക്കുള്ളിലൂടെയുള്ള കഥകൾ പറഞ്ഞുവെക്കുമ്പോൾ കലാതീതമായി മാറുന്നു രചന. കഥാകാലക്ഷേപ സംഘങ്ങൾ കെട്ടിപ്പൊക്കുന്ന ഇല്ലാകഥകൾ എന്നും പാണത്തുടികളിലും നാടോടികളിലുമായി ഭരണപക്ഷത്തിന്റെ ഇച്ഛകൾ പാടിപ്പുകഴ്ത്തിയിരുന്നു. അന്നും ഇന്നും അത് നടമാടുന്നു പല രൂപങ്ങളിൽ, ഭാവങ്ങളിൽ. കഥാപാത്രങ്ങളും ഭൂമികയും ഇന്നിലൂടെ വായിക്കപെടുമ്പോൾ എഴുത്തിന്റെ ദിശ മാറുന്നതും കാണാം.

തിരസ്കരിക്കപ്പെട്ടവരുടെ കഥയാണ് ആത്രേയകം. നാഗന്മാർ, വനവാസികൾ പരിക്കുപറ്റിയവർ ശിക്ഷിക്കപ്പെടുന്നവർ എന്നിവരുടെ സ്നേഹത്തിന്റെയും അവരുടെ ആയോധന കലകളുടെയും അറിവിന്റെയും ഉറവിടമാണ് അവിടം. അവരുടെ നന്മകളെ വിഴുങ്ങാൻ 

പാഞ്ഞടുക്കുന്ന ഭയത്തിന്റെ തീനാമ്പുകളെ  പ്രതിരോധിക്കാൻ ഭൂമിക്കടിയിലെ ജലഞരമ്പുകൾ പൊട്ടിച്ച് ജലക്കുട തീർക്കുന്ന ജലവൃക്ഷങ്ങളുണ്ട്, നിരമിത്രനുണ്ട്... വിജയിച്ചിട്ടും തോൽപ്പിക്കപ്പെട്ട നിരമിത്രന്റെ സ്നേഹത്തിന്റെ ഇടം കൂടിയാണ് ആത്രേയകം.

ആത്രേയകം 

ആർ. രാജശ്രീ 

മാതൃഭൂമി ബുക്സ്

വില: 450 രൂപ

English Summary:

Aathreyakam by R Rajasree book review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com