പാട്ടെഴുതി ബോബ് ഡിലന്‍ നേടിയത് 2213 കോടിയുടെ കരാര്‍ !
Mail This Article
അമേരിക്കന്‍ ഗായകനും പാട്ടെഴുത്തുകാരനും നൊബേല്‍ ജേതാവുമായ ബോബ് ഡിലന്റെ എല്ലാ പാട്ടുകളുടെയും അവകാശം വാങ്ങി യൂണിവേഴ്സല്‍ മ്യൂസിക്. തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോക ചരിത്രത്തിലെ ഏറ്റവും വലിയ സംഗീത കരാറാണ് ഇതെന്നാണ് സൂചന.
ആറു പതിറ്റാണ്ട് ബോബ് ഡിലന്‍ എഴുതിയ 600-ല്‍ അധികം പാട്ടുകളുടെ അവകാശമാണ് യൂണിവേഴ്സല്‍ മ്യൂസിക് നേടിയിരിക്കുന്നത്. ബ്ലോവിന്‍ ഇന്‍ ദ് വിന്‍ഡ്, ദ് ടൈംസ് ദേ ആര്‍ എ ചേഞ്ചിങ്, ലൈക്ക് എ റോളിങ് സ്റ്റോണ്‍, ലേ ലേഡി ലേ, ഫോറെവര്‍ യങ് എന്നിവയുള്‍പ്പെടെയുള്ള ആല്‍ബങ്ങളുടെയും അവകാശം ഇനി യൂണിവേഴ്സല്‍ കമ്പനിക്ക് ആയിരിക്കും. 9 അക്ക സംഖ്യയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത് 2213 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്നാണ്.
1960- കളില്‍ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി അമേരിക്കന്‍ സംഗീതലോകത്ത് ചുഴലി പോലെ വീശിയടിച്ചു തുടങ്ങിയ ബോബിന്റെ 125 ദശലക്ഷത്തിലധികം റെക്കോര്‍ഡുകളാണ് ഇതുവരെ ലോകവ്യാപകമായി വിറ്റുപോയത്. 2016 ല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബോബിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലുള്ള ആദ്യത്തെ ആല്‍ബം കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു- റഫ് ആന്‍ഡ് റൗഡി വേയ്സ്. 79 വയസ്സുള്ള ഗായകന്റെ 39-ാമത്തെ ആല്‍ബമായിരുന്നു അത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച റഫ് ആന്‍ഡ് റൗഡി ഡിലന്റെ മാസ്റ്റര്‍പീസ് എന്നും വിശേഷിപ്പിക്കപ്പെട്ടു.
English Summary : Universal Music buys entire catalog of Bob Dylans songs