അന്ന് ടി.പി.രാജീവൻ പറഞ്ഞത് ആരും കേട്ടില്ല; ഇന്ന്, തെളിമയോടെ ആ സത്യങ്ങൾ മുന്നിൽ
Mail This Article
‘‘എത്ര കുഴിച്ചുമൂടിയാലും ഉയിർത്തെഴുന്നേറ്റുവരുന്ന ചില ഓർമകളുണ്ട്. ആഹ്ലാദത്തേക്കാൾ ഉപരി നാം ചെയ്ത തിന്മകളും പാപങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും അത്തരം ഓർമകൾ. സ്വസ്ഥമായൊന്നു വിശ്രമിക്കുമ്പോൾ, ഇഷ്ടപ്പെട്ട ഒരു പാട്ടു കേൾക്കുമ്പോൾ, പ്രിയപ്പെട്ടവരുമായി നല്ല കാര്യങ്ങൾ പറയുമ്പോൾ, ഭൂതകാലത്തിന്റെ ഇരുട്ടിൽനിന്ന് ശരീരം നിറയെ മുറിവും മുള്ളുകളുമായി ആ ഓർമ നാടുകാണാനിറങ്ങും. നമ്മുടെ ശാന്തിയും സമാധാനവും തകർത്ത് അതു പഴയ പാതാളത്തിലേക്കുതന്നെ, ആ പഴയ ഇരുട്ടിലേക്കുതന്നെ തിരിച്ചുപോകും.’’ –ടി.പി.രാജീവൻ (ഓർമകളുടെ പ്രസക്തി, വാക്കും വിത്തും) പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട നക്സൽ വർഗീസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ടി.പി.രാജീവൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു. രണ്ടര പുറം മാത്രം വരുന്ന ആ കുറിപ്പിൽ പക്ഷേ രാജീവന്റെ സാമൂഹിക കാഴ്ചപ്പാടും നിലപാടും സുദൃഢവും സുവ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമൂഹവിരുദ്ധവും കുടിലവുമായ വഴിപിഴച്ച അപഥ സഞ്ചാരങ്ങളെ എന്നും സസൂക്ഷ്മം വീക്ഷിച്ചുപോന്ന രാജീവൻ തന്റെ നിരീക്ഷണങ്ങൾ കോളങ്ങളിലും അഭിമുഖങ്ങളിലും ലേഖനങ്ങളിലും കവിതകളിലും മറ കൂടാതെ അവതരിപ്പിച്ചു.