ADVERTISEMENT

ഹാപ്പി ഡിവോഴ്സ് കപ്പിൾസ് (കഥ)

നമുക്ക് പിരിയാം ബോബി, സജ്നയുടെ പെട്ടെന്നുളള പറച്ചിൽ കേട്ട് ബോബി ഒരു മാത്ര നിന്നു.

ആ കാണുന്നതാണ് സജ്നയും ബോബിയും, എന്താ കാണുന്നില്ലന്നോ? നിങ്ങൾ ആ വലിയ വീടു കാണുന്നുണ്ടോ? അവിടുത്തെ ഊൺമേശ കാണുന്നില്ലേ, അവിടുത്തെ പ്രൗഡമായ ഡൈനിംഗ് ഹാളിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന യുവത്വം കഴിഞ്ഞെങ്കിലും മദ്ധ്യവയസ്സിലേയ്ക്ക് എത്തിയിട്ടില്ലാത്തവരാണ് നമ്മുടെ സജ്നയും ബോബിയും അവരാണ് ഈ കഥയിലെ നായികാനായകന്മാർ. അവരുടേത് പ്രേമവിവാഹമായിരുന്നു. അവർക്കുള്ളത് ടൗണിലെ മികച്ച ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ– കുസൃതി കുടുക്കകൾ ആയ അമറും, അർച്ചനയും. അടുക്കള കാര്യങ്ങളും വീട്ടുജോലികളും എല്ലാം ചെയ്യുന്നത് സജ്നയുടെ ബന്ധുകൂടിയായ കൃഷ്ണേട്ടൻ. ഇവരെല്ലാമാണ് അവിടെയുള്ള താമസക്കാർ.

നഗര മധ്യത്തിലുള്ള കൂറ്റൻ മതിൽക്കെട്ട്. സ്വർഗ്ഗം എന്ന വീട്ടു പേരുള്ള ഗെയിറ്റ് കടന്നു ചെല്ലുമ്പോൾ വിശാലമായ പുൽത്തകിടിയുടെ നടുവിലുള്ള ടൈൽസ് പാകിയ മുറ്റം. കാർപോർച്ച് വരെ നീണ്ടു കിടക്കുന്ന ടൈൽസ് പാകിയ നടപ്പാത. ഒരരികിൽ ആയി ചെറിയ ആമ്പൽക്കുളവും, അതിന്റെ കരയിലായി പൂത്തുനിൽക്കുന്ന ഒരു പനീർ ചെമ്പകവും. ഒരു ചെറിയ വീടിനു സമാനമായ പട്ടിക്കൂടും, പട്ടിക്കൂട്ടിൽ അയൽ വീട്ടുകാരെ വരെ പേടിച്ചു വിറപ്പിക്കുന്ന രീതിയിൽ ശക്തമായി കുരയ്ക്കുന്ന കറുകറുത്ത അൾസേഷ്യൻ നായ. അതിന്റെ കൂടിന്റെ അടുത്തുള്ള വലിയ കാർ ഷെഡിൽ കുട്ടികളായ അമറിനേയും, അർച്ചനയേയും സ്കൂളിൽ കൊണ്ടുപോകാനുളള വെളുത്ത കൊറോളാ, അതു കൂടാതെ സോ. സജ്നയുടെ നീല ബിഎംഡബ്ളിയൂ. വലിയ വീടിന്റെ കാർപോർച്ചിൽ അഡ്വ. ബോബിയുടെ മെറൂൺ കളർ മെർസിഡസ് ബെൻസ്.

ഇത് ബോബി സജ്നമാരുടെ കഥയാണ്, ഇതവരുടെ മാത്രം കഥയാണ് അതിനാൽ മറ്റുള്ളവരുടെ ജീവിതവും ആയി താരതമ്യത്തിന്റെ ആവശ്യമൊട്ടുമില്ല. അവരവർക്കിഷ്ടമുള്ള പോലെയാണ് എല്ലാവരും സ്വന്തം ജീവിതം ജീവിച്ചു തീർക്കുന്നത്. മറ്റുള്ളവരെ ഉപദേശിക്കാൻ

എളുപ്പമാണ്, പക്ഷേ സ്വന്തമായി ഉപദേശം സ്വീകരിക്കുന്നത് മിക്കവർക്കും ആത്മഹത്യക്ക് തുല്യമായ രീതിയാണ്. സമയം കളയാതെ ഇനി നമുക്ക് അവരുടെ അടുത്തേയ്ക്ക് ചെല്ലാം. കുട്ടികൾ ഇരുവരും സ്കൂളിലേക്ക്‌ പോയി, ഇപ്പോൾ അവർ മാത്രമേ ഉള്ളൂ, അവരുടെ സംസാരത്തിൽ നിന്ന് കഥ തുടരാം.

നമ്മൾ ഇപ്പോൾ നല്ല ഹാപ്പി അല്ലേ?

പിന്നെ, ഒത്തിരി ഹാപ്പിയാണ്. ടെൻഷനുകൾ എല്ലാം ഒഴിഞ്ഞ് മനസ്സ് കട്ടി കുറഞ്ഞ പഞ്ഞിപോലെ ശാന്തമായ നീലാകാശത്ത് പറന്നു നടക്കുന്നു, ഒരു തുണ്ടു കാർമേഘവും കാണാനില്ല. നമുക്കെന്താ ഈ ബുദ്ധി ആദ്യം തോന്നാതിരുന്നത്.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ബോബീ എന്നു പറയുന്നതിതിനേയാണ്.

ബോബിയും സജ്നയും സന്തോഷത്തോടെ നല്ല സുഹൃത്തുക്കളായി തീൻമേശയ്ക്കിരുവശവും ഇരുന്ന് കളിതമാശകളോടെ സാവധാനം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. അവർ പരസ്പരം   സംസാരിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ കൂടുതലും കഴിഞ്ഞ ഇലക്ഷനും പുതിയ മന്ത്രിസഭയും വിലക്കയറ്റവും കനത്ത ചൂടും പുതിയ സിനിമയും കലയും സാഹിത്യവും അങ്ങിനെ പല കാര്യങ്ങൾ ആയിരുന്നു. അവർ വ്യത്യസ്ഥ രാഷ്ട്രീയങ്ങളിൽ വിശ്വസിച്ചിരുന്നവർ ആയിരുന്നെങ്കിലും ഇപ്പോൾ തമ്മിൽ തർക്കിച്ച് തങ്ങളുടെ നിലപാടുകൾ വാദിച്ച് ശക്തമായി തെളിയിക്കാൻ ശ്രമിച്ചിരുന്നില്ല ഒരു പരസ്പര ബഹുമാനത്തോടുള്ള ചർച്ചയായിരുന്നു. 

പക്ഷേ ഇന്നലെ വരെ ഇതല്ലായിരുന്നു അവസ്ഥ. ഏതു കാര്യത്തിനും തർക്കം ബഹളം. ഒരു നല്ല കാര്യം ആണ് ഒരാൾ പറയുന്നതെങ്കിലും മറ്റേയാൾക്ക് അതിൽ നൂറു കുറ്റങ്ങൾ എങ്കിലും കണ്ടെത്താൻ ഉണ്ടാകും. പരസ്പരം മാനസികമായി തളർത്താൻ ഒരു കനൽ കിട്ടിയാൽ ഊതിയൂതി കത്തിച്ചെടുക്കാനാവുന്ന ഉമിത്തീയായിരുന്നു അവരുടെ ഇന്നലെവരെയുള്ള ദിനങ്ങൾ.

നമുക്ക് ഒരാളോട് സ്നേഹം തോന്നിയാൽ ആ ആളുമായി ബന്ധപ്പെട്ട് തമ്മിലുണ്ടായിട്ടുള്ള നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ തെളിഞ്ഞു നിൽക്കുകയും, ഒരാളോട് വെറുപ്പ് തോന്നിത്തുടങ്ങിയാൽ പിന്നെ അവരുമായി ഉടക്കേണ്ടി വന്ന സന്ദർഭങ്ങൾ മാത്രം മനസ്സിൽ മുൻപന്തിയിൽ എത്തുന്നത് മനുഷ്യസഹജമല്ലേ? അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

ഇന്നലെ ഇവർ ഇതുപോലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന നേരം ഇവർക്കു ചുറ്റും  മൗനം ഒരു മണൽക്കോട്ട കെട്ടിയിരുന്നു. ഭക്ഷണത്തിനിടയ്ക്ക് കൃഷ്ണേട്ടൻ കടന്നു വന്ന് അവരുടെ ഗ്ലാസ്സിലേക്ക് ചായ പകർന്നതു മാത്രമാണ് അവിടുത്തെ നിശബ്ദതയെ അല്പമെങ്കിലും തകർത്തത്. കാർ പോർച്ചിൽ രണ്ടു വിദേശ കാറുകൾ കിടപ്പുണ്ടെങ്കിലും അവർ ഒന്നിച്ച് ബോബിയുടെ കാറിൽ ആണ് ഇന്നലെ യാത്ര തിരിച്ചത്.  കുറെ ദിവസങ്ങൾ കൂടി ആദ്യമായാണ് ഒന്നിച്ചു യാത്ര ചെയ്തത്. അവർ എങ്ങോട്ടാണ് പോയതെന്ന് പറയുന്നതിനു മുമ്പ് അവരെ പറ്റി അല്പം കൂടി പറയാം.

സ്വർഗത്തിന്റെ മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ ആണുള്ളത്. രണ്ട് ഓഫിസ് കം ബെഡ് റൂമുകളും. ബാക്കിയുള്ള ഒന്ന് അവർ എല്ലാവരും ഒന്നായി താമസിച്ചിരുന്ന അവരുടെ ആഡംബരമായ കിടപ്പുമുറിയും. കുട്ടികളും, സജ്നയും ബോബിയും ഒത്തിരി സ്നേഹത്തിൽ കൂടുതൽ സമയവും കളിയും ചിരിയും ആയി കഴിഞ്ഞിരുന്ന സ്വർഗ്ഗത്തിനുള്ളിലെ സ്വർഗം ആയിരുന്നു അവിടം.  പിന്നീട് അതെപ്പൊഴോ സ്വർഗ്ഗത്തിലെ നരകമായി മാറി.

സ്വച്ഛന്ദസുന്ദരമായി ഒഴുകി കൊണ്ടിരുന്ന പുഴപോലുള്ള അവരുടെ ജീവിതത്തിലെ ചെറിയ ചുഴികളും, മലരികളും ഉടലെടുത്തത് അവരുടെ തന്നേ ജോലികളിലെ മികവിനായുള്ള മത്സരത്തിന്റെ തുടക്കത്തിൽ നിന്നായിരുന്നു. ആരുടെ പ്രഫഷൻ ആണ് മികച്ചത് എന്ന ചെറിയ മേനിപറച്ചിൽ പിന്നീട് പ്രഫഷണൽ ജലസിയിലേയ്ക്ക് എന്നോ വഴി മാറിത്തുടങ്ങി. പിന്നീട് അവർ ഇരുവരും ഓഫിസ് കം ബെഡ്റൂമിൽ ചിലവിടുന്ന സമയം കൂടുകയും മാസ്റ്റർ ബെഡ്റൂമിലേയ്ക്കുള്ള സമയം കുറയ്ക്കാനും തുടങ്ങി.  കുട്ടികൾ രാത്രിയിൽ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ പെട്ടെന്ന് കേൾക്കാനുള്ള സൗകര്യത്തിന് കുട്ടികളെ താഴെ കൃഷ്ണേട്ടന്റെ മുറിയുടെ അടുത്തുള്ള ബെഡ്റൂമിലേക്ക് താമസം മാറ്റി. അവരുടെ ജോലിയും, താമസവും, ഉറക്കവും എല്ലാം ഓഫിസ് കം ബെഡ്റൂമുകളിൽ തന്നെയാണ്. മാസ്റ്റർ ബെഡ്റൂം അദൃശ്യമായ മണിച്ചിത്രത്താഴിട്ട് പൂട്ടപ്പെട്ടു.

സജ്ന ഇടയ്ക്ക് നാഗവല്ലിയായ് ഉറഞ്ഞ് തുള്ളി, ബോബി രാമനാഥൻ ആയി ആകാവുന്ന ദൂരത്തിൽ സജ്നയിൽ നിന്നകന്ന് നടന്നു തുടങ്ങി.

ഹൃദയശസ്ത്രക്രിയയിൽ പ്രമുഖയായി വളർന്ന സജ്ന പക്ഷേ ബോബിയുടെ ഹൃദയത്തിനേറ്റ മുറിവിനെ പറ്റി ശ്രദ്ധിച്ചതേയില്ല. മുറിവേറ്റ ഹൃദയത്തിന്റെ വേദന മാറ്റാനുള്ള മരുന്നിനെ പറ്റി അറിയാഞ്ഞിട്ടാണോ, അതോ അറിഞ്ഞിട്ടും നൽകാഞ്ഞിട്ടാണോ എന്നറിയില്ല ഏതായാലും മുറിവ് പതിവിലും വലുതായി കൊണ്ടിരുന്നു. അവർ തമ്മിലുള്ള മാനസികമായ അകലവും വർദ്ധിച്ചു കൊണ്ടേയിരുന്നു.

പ്രമുഖ ക്രിമിനൽ ലോയർ ആയി വളർന്ന ബോബിയ്ക്ക് ന്യായാന്യായങ്ങളുടെ നിയമ വ്യവസ്ഥകൾ ഇഴകീറി പരിശോധിച്ച് കേസ്സുകൾ ജയിച്ചു കയറാൻ അഭൂതപൂർവ്വമായ കഴിവുണ്ടായിരുന്നെങ്കിലും സജ്നയും ആയുള്ള പ്രശ്നങ്ങളുടെ തെറ്റുക്കുറ്റങ്ങൾ കണ്ടെത്തി ഒരു ന്യായമായ പരിഹാരമാർഗ്ഗം കണ്ടെത്താനുമായില്ല. വിട്ടുവീഴ്ചകൾ തന്റെ പരാജയമാണെന്ന ചിന്തയാണോ പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുക്കാൻ തയാറാകാതിരുന്നത് എന്നറിയില്ല.

അവർ കഴിഞ്ഞ കുറെ നാളുകളായയി പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല എന്നത് സത്യമായിരുന്നു, അവരവർ സ്വയം സൃഷ്ടിച്ച തുരുത്തുകൾ. പക്ഷേ തമ്മിൽ  ശ്രദ്ധ കൊടുത്തിരുന്നില്ലെങ്കിലും കുട്ടികളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ കൊടുക്കാറുണ്ടായിരുന്നു. അവരുമായി കളിക്കാനും, അവരുടെ  പഠിത്ത കാര്യങ്ങളിൽ സഹായിക്കാനും ബോബിയും, സജ്നയും സമയം കണ്ടെത്തിയിരുന്നു. കുട്ടികളുടെ കാര്യത്തിനായി എന്തെങ്കിലും ചോദിക്കുകയും പറയുകയും ചെയ്യുമെന്നല്ലാതെ അവർ തമ്മിലുള്ള സംസാരമെല്ലാം നന്നായി കുറഞ്ഞു.

സാധാരണയായി ബ്രേക്ക്ഫാസ്റ്റ് മാത്രമേ അവർ കുറെ നാളായി ഒന്നിച്ചു കഴിക്കാറുള്ളു. മൂന്നാലു മാസം മുമ്പ് ഇതുപോലെ രാവിലെ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അണ് അവർ ഇക്കാര്യം ചർച്ച ചെയ്തത്.

സജ്നയാണ് തുടക്കമിട്ടത്.

നമുക്ക് പിരിയാം.

കേൾക്കാൻ കാത്തിരുന്ന പോലെയായിരുന്നു ബോബിയുടെ മറുപടി.

അതൊരു നല്ല തീരുമാനമാണ്. പക്ഷേ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. കുട്ടികൾ അറിയരുത്. അതുപോലെ നമ്മുടെ ഇരു വീട്ടുകാരും, സുഹൃത്തുക്കളും അറിയണ്ട. നമുക്ക് അടുത്ത നഗരത്തിലെ ഫാമിലി കോർട്ടിൽ ജോയിന്റ് പെറ്റീഷൻ സബ്മിറ്റ് ചെയ്യാം. രണ്ടു മൂന്ന് കൗൺസിലിംഗിനു ശേഷം ഡിവോഴ്സ് ലഭിക്കും..

അതെങ്ങിനെ നടക്കും ബോബി? ആരുമറിയാതെയുള്ള ഡിവോഴ്സ്, അപ്പോൾ അതിനു ശേഷം നമ്മൾ വേർപിരിഞ്ഞ് രണ്ടിടത്ത് ആയി താമസിക്കുമ്പോൾ എല്ലാവരും അറിയില്ലേ, അതുമല്ല കുട്ടികളോട് ഇതെങ്ങനെ പറയും.

നമ്മൾ തമ്മിൽ അല്ലേ പിരിയുന്നുള്ളു. സത്യത്തിൽ ഇപ്പോഴും അതുപോലെ തന്നെയല്ലേ കഴിയുന്നത്. അപ്പോൾ പിന്നെ ലീഗൽ ആയി പിരിഞ്ഞാലും ഇപ്പോഴത്തെ സ്റ്റാറ്റസ്കോ നമുക്ക് നില നിർത്താം, കുട്ടികളുടെയും മറ്റുള്ളവരുടെയും മുന്നിൽ നമ്മൾ പഴയ പോലെ തന്നെ. അതോടൊപ്പം ഒന്നിച്ചു കഴിയാനാവാത്ത സാഹചര്യങ്ങളിൽ നിന്ന് നമ്മൾ സ്വതന്ത്രരാകുക. രണ്ട് സ്വതന്ത്ര ചിന്താഗതിയുള്ളവർ ഒരു മേൽക്കൂരയ്ക്ക് താഴെ ഇരു മുറികളിൽ ഒന്നിച്ചു കഴിയുന്നു. അടുത്തടുത്ത രണ്ട് ഓഫിസുകളിൽ ജോലി ചെയ്യുന്നു. ഇടയ്ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നു. നല്ല സുഹൃത്തുക്കൾ ആയിരിക്കുക. പരസ്പരം കാണുമ്പോൾ ഒരു പുഞ്ചിരി, ഒരു കുശലം പറച്ചിൽ.

ബോബി പറഞ്ഞതെല്ലാം സജ്നക്ക് പൂർണ്ണ സമ്മതം ആയിരുന്നു.

ലോകത്തിൽ ആദ്യമായി ഒന്നിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഒരേ വണ്ടിയിൽ ഒന്നിച്ച് ചെന്ന് ഡിവോഴ്സും വാങ്ങി ഒന്നിച്ചു തിരിച്ചു വന്ന ആദ്യത്തെ ഹാപ്പി ഡിവോഴ്‌സ് കപ്പിൾസ്.

പിന്നീട് അവരവരുടെ ജോലികളിൽ വ്യാപൃതരായി. രാത്രി കുട്ടികളും ആയി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. കുട്ടികൾ ഉറങ്ങിയതിനു ശേഷം പുറത്തെ ലോബിയിൽ ഇരുന്ന് വെളുപ്പാൻ കാലം വരേ സംസാരിച്ചിരിന്നു. 

കുറെ കാലമായി പിന്നൂരി കൈയിൽ വച്ച കൈബോംബ് എതു നിമിഷവും പൊട്ടിത്തെറിയ്ക്കുമെന്ന മാനസിക സമ്മർദ്ദങ്ങളോടെ പേടിച്ചിരുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ കൈയിലിരിക്കുന്നത് നിർവീര്യമാക്കപ്പെട്ട ബോംബാണെന്ന തോന്നലിൽ

അവരുടെ മനസ്സ് തീർത്തും ശാന്തമായി.

ഹാപ്പി ഡിവോഴ്സ് കപ്പിൾസ് പിന്നീട് അവരവരവരുടെ ഓഫീസ് കം ബെഡ് റൂമിലേയ്ക്ക് പോയി. അവരുടെ ഹാപ്പി ഡേയ്സ് അവിടെ വീണ്ടും തുടങ്ങുകയായിരുന്നു.