അനന്തനീലിമ – ശ്യാമള ഹരിദാസ് എഴുതിയ കവിത

Mail This Article
വില്വാദ്രിതൻ കല്‍പടവിലിരുന്നു ഞാൻ
പൊട്ടി വിടരും പ്രഭാതത്തെ പാടിയുണർത്തീ....
പ്രകൃതി സൗന്ദര്യത്തിൻ കാനന
ഭംഗിയും ആസ്വദിച്ചു ഞാൻ
ആയിരവല്ലി പൂക്കളെ പോൽ ആമോദമോടെ നിന്നു.
ഭാരതപ്പുഴതൻ നീലക്കയങ്ങളിൽ
നിന്നോടോതുവാനായ് കരുതിവെച്ച
വാക്കുകൾ ഓളങ്ങളിൽ മുങ്ങി
യൊലിച്ചുപോയി...... പോയി.
കരുതിവെച്ച വാക്കുകൾ തേടി ഞാനലഞ്ഞു
അന്തിവെയിൽ പൂക്കും മൂവന്തി നേരത്ത്
അതൊരു കവിതയായ് എൻ തൂലിക
തുമ്പിലൂടെ പൊട്ടിയൊഴുകി.
ക്ഷേത്രാങ്കണത്തിൽ നിന്നുതീരും
ഭക്തിഗാന സുധ കേട്ടെൻ മനസ്സ്
വർണ്ണ ചിറകിലേന്തി പറന്നുയർന്നു
വില്വാദ്രി മലയിൽ പച്ചപ്പു വിരിച്ചു
കിടക്കും പുൽമേടുകളിൽ
മധുരിക്കും ഓർമ്മകളുമായ് ഞാനിരുന്നു.
ഇല്ലിമുളം കാടുകളിൽ കൂടണയാൻ
വന്നൊരു പഞ്ചവർണ്ണക്കിളി
കളകള ഗാനം പാടി പറന്നു പോയീ
പറന്നു പോയി........
അനന്ത നീലിമയിൽ ചിതറി കിടക്കും
പാറകൾക്കിടയിൽ പതിഞ്ഞു കിടക്കും
ശ്രീരാമ പാദങ്ങൾ കണ്ടെൻ മനസ്സിൽ
രാമായണത്തിൻ ശീലുകൾ
ഓർമ്മയുണർത്തി....