ആർത്തവലഹള – അശ്വതി മോഹൻ എഴുതിയ കവിത

Mail This Article
തെരുവിൻ നടുവിലെയാൾക്കൂട്ടം
രാവിലെ കണ്ടതിന്റെയിരട്ടിയായി
അന്നേരം നോക്കാൻ നേരം കിട്ടാതെപോയി!
അരികെ പോയി നോക്കി
ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്
ആർത്തവലഹളയാണത്രേ!
ദൈവത്തിന്റെ ശുദ്ധി കാക്കുന്നോരാത്രെയവർ!
"മലകേറരുതൊരു പെണ്ണും
മണ്ണ് മുടിഞ്ഞിടും പോലും;" എന്ന് ചിലർ
"എന്താണിത്ര ധൃതി
ആർത്തവം നിലയ്ക്കുമ്പോൾ പോകാല്ലോ" മറ്റു ചിലർ
ഓഹ്, അപ്പൊ പെണ്ണല്ല, പെണ്ണിന്നാർത്തവാണ് പ്രശ്നം.
രാവിരുട്ടി, രാപ്പകൽ സമരാണെത്രെ!
ചിലർ നിരാഹാരമാണ് പോലും
ഞാൻ നടന്നു, ഓരോ ചുവടിലുമാർത്തവം മനസ്സിൽ
എന്നാണാർത്തവമിത്ര അശുദ്ധിയായത്?
ആവോ അറിയില്ല.
വീട്ടിലെത്തി,
കഞ്ഞിയാണത്താഴം ഭാര്യക്കാർത്തവായതിനാൽ
അവൾ പുറത്തിറങ്ങില്ല,
അവൾക്കു തൊട്ടൂടായ്കയാണെന്ന് അമ്മ പറഞ്ഞു?
മ്..
രാത്രിയുറങ്ങിയില്ല..
ആർത്തവമിത്ര പ്രശ്നമോ?
അമ്മ വന്നു,
മോനേ നാരായണന്റെ മോൾടെ കല്യാണം മുടങ്ങി
എന്തെ അമ്മേ?
ആ കുട്ടിക്ക് ആർത്തവം വരില്ലത്രേ?
അവർ അതൊക്കെയാരേം അറീച്ചില്യ!
ഹോ ഇപ്പോളെലും അറിഞ്ഞത് നന്നായി!
ആ ചെക്കൻ രക്ഷപെട്ടല്ലോ.
അതിപ്പോ നല്ല കാര്യല്ലേ അമ്മേ,
ആർത്തവല്ലേ എല്ലാർക്കും പ്രശ്നം,
ആ കുട്ടിക്ക് അപ്പൊ തൊട്ടൂടായ്മ വരില്ലല്ലോ..
മല കേറാല്ലോ?
ഇയ്യ് എന്താ ഈ പറേണെ,
ആർത്തവല്ല്യാണ്ടെങ്ങനെ തലമുറ ജനിക്കും?
വംശം നിലയ്ക്കൂല്ലേ?
നിനക്ക് ബുദ്ധിയില്ലാണ്ടായോ?
അമ്മ പോയി.
ഞാൻ വീണ്ടും ചിന്തിച്ചു, ആർത്തവല്ലെങ്കി,
അപ്പൊ നമ്മളാരും ഇല്ലാലെ,
ആ തെരുവിൽ സമരം ചെയ്യണോരും ഇല്ലല്ലേ?
മ്...