എന്നെക്കണ്ടെടുത്തപ്പോൾ – ശ്രീപദം എഴുതിയ കവിത

Mail This Article
എന്നെക്കണ്ടെടുത്തപ്പോൾ
എന്നിലൊരു നീയുണ്ടെന്നറിഞ്ഞതും,
നിന്റെ കണ്ണിലെത്തിളക്കം
ഞാനാണെന്നറിഞ്ഞതും,
ശ്വാസനിശ്വാസങ്ങളിൽ
നീയോടിക്കളിച്ചതും,
നിന്റെ ചിന്തകളെൻ
സിരകളിലഗ്നി പടർത്തി,
എൻ ഹൃദയഗീതം
നാലാംകാലത്തിൽ മിടിച്ചതും,
ദ്രുതഗതിയിലെന്നിലൊരു
പൂക്കാലം വരവോതിയതും,
സുഗന്ധം പരന്നതും
വണ്ടുകൾ മൂളിയതും,
രണ്ടിണപ്പക്ഷികൾ
കുറുകിച്ചേക്കേറിയതും
കൊക്കുരുമ്മിയതും
തൂവൽവിരിച്ചതും,
കാണെക്കാണെ
മനസ്സിലൊരു തൂവൽ
ചിറകായുയർന്നതും
സ്വപ്നങ്ങൾതൻ താഴ്‌വരയിലാ-
ത്തൂവൽ വീണതും
കുഞ്ഞുകിനാക്കൾക്ക്
ചിറകു മുളച്ചതും,
സപ്തവർണ്ണത്തിൻ
മഴവിൽത്തേരേറി
നീയും ഞാനുമാ മുകിലിൽ
ലയിച്ചതും,
ഇന്നും കാണുന്നു ഞാനാ
ഗഗന നീലിമ നിൻ കണ്ണിണയിൽ..