അന്യമായിത്തീരുന്ന ഇടങ്ങൾ – ഷാജ് ഹമീദ് മുണ്ടക്കയം എഴുതിയ കവിത
Mail This Article
ഒരിക്കൽ നമ്മളുടേതായിരുന്ന ഇടങ്ങൾ
പിന്നീട് അന്യമായിത്തീർന്ന
നിമിഷങ്ങളിൽ ജീവിച്ചിട്ടില്ലേ?
ഒരിക്കൽ നമുക്ക് പരിചിതമായിരുന്നതെല്ലാം
പിന്നീട് നമ്മെ അപരിചിതത്വത്തോടെ
നോക്കുന്നത് കണ്ട് അദ്‌ഭുതപ്പെട്ടിട്ടില്ലേ?
ഒരുപാട് ഇടമുണ്ടായിരുന്ന ഹൃദയങ്ങളിൽനിന്ന്
അടയാളങ്ങൾ ഒന്നും ബാക്കി വയ്ക്കാതെ
ഏറെ മുന്നോട്ട് പോയത് തിരിച്ചറിഞ്ഞ
നിമിഷങ്ങളുണ്ടായിട്ടില്ലേ?
പരിധിയില്ലാത്ത സ്വാതന്ത്ര്യം
അനുഭവിച്ചിരുന്ന ഇടങ്ങളിൽ
പിന്നീട് മൗനവും നിസ്സഹായതയും കൊണ്ട്
വരിഞ്ഞുമുറുക്കപ്പെട്ടിട്ടില്ലേ?
"ഒരിക്കലും മറക്കില്ല, മരിച്ചാലും പിരിയില്ല,"
എന്ന് ഹൃദയംതൊട്ട് വാക്ക് പറഞ്ഞവർ
പിന്നീടൊരിക്കൽ മറവിയുടെ അഗാധഗർത്തത്തിൽ
പതിച്ചത് കണ്ട് ഒരു പുഞ്ചിരിയാൽ
നഷ്ടബോധം മറച്ചിട്ടില്ലേ?
ഒരുനിമിഷത്തേക്ക് പോലും പിടിവിടാൻ
വിസമ്മതിച്ച കുഞ്ഞിളം വിരലുകൾ വളർന്നപ്പോൾ
അവയിൽ ഒരിക്കൽകൂടി ഒന്ന് തൊടാൻ
ആഗ്രഹിച്ച് വിതുമ്പിയിട്ടില്ലേ?
സുരക്ഷയിലും സ്വാതന്ത്ര്യത്തിലും
വർഷങ്ങൾ ജീവിച്ച വീട്ടിലേക്കുള്ള മടക്കം
അന്യതാബോധത്തിന്റെ മൂടൽമഞ്ഞാൽ
നമ്മെ അസ്വസ്ഥരാക്കിയിട്ടില്ലേ?
എത്ര സ്നേഹിച്ചാലും മുറുകെപ്പിടിക്കാൻ ശ്രമിച്ചാലും
ചില പ്രിയപ്പെട്ട ഇടങ്ങൾ അകലം കൊണ്ട്
അന്യമായിത്തീരും
കാലം കാത്തുവച്ച അന്യതയിൽ നാം നിരന്തരം
വൃഥാ ചിലതെല്ലാം തേടിക്കൊണ്ടിരിക്കും.