'ആദ്യ ശമ്പളത്തിൽ നിന്നും ഒരു തുക മുത്തശ്ശന്റെ പേരിൽ അയച്ചു, കൂടെ അന്ന് ബഹുമാനക്കുറവ് കാട്ടിയതിൽ ഒരു ക്ഷമാപണവും...'

Mail This Article
അന്ന്, ഉച്ചയൂണ് കഴിഞ്ഞതും ഗോപി ഓഫീസിൽ നിന്നിറങ്ങി... "എങ്ങട്ടാ ഗോപ്യേ ഇത്ര തിരക്കിട്ട്! ഓ... ഹോ... ആദ്യശമ്പളം കിട്ട്യേ ദിവസാണല്ലോ അല്ലേ. നടക്കട്ടെ നടക്കട്ടെ. നമുക്കും ചെലവ് ചെയ്യണേയ്." കുമാരേട്ടൻ പറഞ്ഞത് കേട്ട് ഗോപി ഒന്ന് ചിരിച്ചു. "ഒന്ന് പോസ്റ്റാപ്പീസ് വരേ പോയിട്ട് വരാം..." ഗോപി അതും പറഞ്ഞു ഓഫീസിന്നിറങ്ങി. പോകും വഴിയിൽ മനസ്സ് നിറയെ കുട്ടിക്കാലത്തേ മുത്തശ്ശനേ കുറിച്ചുള്ള ഓർമ്മകളായിരുന്നു... "അങ്ങട് പോവണ്ട കുട്ട്യേ... നീയിങ്ങട് കേറിവാ... ആ മാട്ടം ഇപ്പോ പൊട്ടൂലോ!" തോട്ടം തിരിക്കണ നേരത്ത് മുത്തശ്ശന്റെ ഒപ്പം ഗോപീണ്ടാവും. ആ കാലത്ത് വികൃതിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഗോപി ആ വെള്ളച്ചാലിലൂടെ ഓടിച്ചാടിമറിഞ്ഞു നടക്കും. അച്ഛന്റ കയ്യിന്ന് ബേഷാ നല്ല ചൂരൽക്കഷായം ഇടയ്ക്കിടയ്ക്ക് കിട്ടണോണ്ട് കളി മുഴോനും മുത്തശ്ശന്റെ അടുത്താണ്. ഗോപീടെ വികൃതി കൂടുതലും പുറത്തെടുത്തിരുന്നത് മുത്തശ്ശന്റെ വാത്സല്യത്തണലിലായിരുന്നു.
അന്നും പതിവുപോലെ കണ്ടത്തിലും മാട്ടത്തിലും കുത്തിമറിയുന്നതിനിടയിൽ 'ആ മാട്ടം കുത്തിപ്പൊട്ടിക്കല്ലേ ഗോപിക്കുട്ടാ, നീ വികൃതികാട്ടാണ്ട് ഇങ്ങട് കേറിവാ...' എന്ന് പറഞ്ഞതും ഒരു കൗതുകത്തിനെന്നോണം ഗോപി ആ തടം കെട്ടിനിർത്തിയത് ചവുട്ടിക്കുത്തി പൊട്ടിച്ച് അതിലൂടെ വെള്ളം പോകുന്നതുംകണ്ട് കയ്യടിച്ച് ചിരിച്ചതും ഗോപി ആ യാത്രയിൽ ഓർത്ത് ചിരിച്ചുപോയി... "ഹോ... ന്റെ കുട്ട്യേ... ഞാൻ പറഞ്ഞതല്ലേ... ഇങ്ങട് കേറിപ്പോന്നാ നീ." മുത്തശ്ശൻ കൈക്കോട്ടും വടിയുമായി തൊടിയിലേയ്ക്ക് ഇറങ്ങിവന്നു. അടിക്കാനൊന്നുമല്ലെങ്കിലും, ഇനി അഥവാ അടിച്ചെങ്കിലോ എന്ന് കരുതി ഗോപി ആ ചേറിൽ നിന്ന് ഉരുണ്ട്പെരണ്ട് എങ്ങിനൊക്കെയോ എഴുന്നേറ്റ് നിന്നു.
മുത്തശ്ശൻ ആ വരമ്പത്ത് നിന്ന്... 'ഇങ്ങട് കേറ് കുട്ട്യേ നീ...' ന്ന് പറഞ്ഞതും. "ഒരു മുത്തശ്ശനും ഒരു മണ്ടക്കൈക്കോട്ടും ഹും... ഒന്ന് കളിക്കാൻവരേ സ്വൈര്യം തരില്യാ." ന്നും പറഞ്ഞു ആ വെള്ളം കാലോണ്ട് മുത്തശ്ശന് നേർക്കൊരൊറ്റ തട്ട്. എന്നിട്ട് ആ ചേറിൽ നിന്നെണീറ്റ് പറമ്പിലേക്കോടിപ്പോയി. അന്നങ്ങിനെ കുസൃതിയായി പറഞ്ഞത് ഗോപിക്ക് മനസ്സിൽ ഒരു കുറ്റബോധമായി ഇന്നും അവശേഷിക്കുന്നു. കാരണം, കാലമാണ് പലപ്പോഴും ജീവിതത്തിലേ പിഴവുകൾക്കുള്ള യഥാർഥ അർഥം മനസ്സിലാക്കി തരുന്നത്.
അങ്ങനെ... ഇതെല്ലാം ഓർത്ത് ഗോപി പോസ്റ്റോഫീസിലെത്തി. അവിടെ ചെന്ന് തന്റെ ജീവിതത്തിലെ ആദ്യ ശമ്പളത്തിൽ നിന്നും ഒരു തുക മുത്തശ്ശന്റെ പേരിൽ മണിയോർഡറായി അയച്ചു. കൂടെ മനസ്സിൽ അന്ന് ബഹുമാനക്കുറവ് കാട്ടിയതിൽ മനമുരുകി ഒരു ക്ഷമാപണവും. മണിയോർഡർ അയച്ച് ആ പടിയിറങ്ങുമ്പോൾ കണ്ണിൽ ചെറിയ നനവ് ഗോപി തൊട്ടറിഞ്ഞു. ഇത്രയുംനാൾ മനസ്സിൽപേറിയ ഒരു കുറ്റബോധത്തിന്റെ നേർസാക്ഷിയായിരുന്നു ആ നനവെന്നും ഗോപി തിരിച്ചറിഞ്ഞു. അയാൾ പതിയെ ജോലിസ്ഥലത്തേക്ക് തിരിച്ചുനടന്നു.