പൂക്കാതെ – ഹൃതിക് പനക്കൽ എഴുതിയ കവിത

Mail This Article
ഒരിക്കലും നനയാത്ത പൂവിനെപ്പോലും
പറിച്ചരച്ചു ആനന്ദിക്കുന്ന മനുഷ്യമൃഗ–
ങ്ങൾക്ക് ചങ്ങലയോ, ചാട്ടവാറോ,
അതോ അമ്മതൻ നെഞ്ചിലെ
ഒരുതുള്ളി– കണ്ണീർതീയോ?
കനിവെഴും നന്മകൾ ചേരാതെ, ആകയും
നനയുന്ന മിഴിയിലെ കരിമഷി പടരവേ
ശ്വാസം നിലച്ച ഇരയുടെ ജൽപന
കാൺകയും, കേൾക്കയും ഉടനെ
മറവിയിൽ പോകയും!!
കഴുകന്റെ കണ്ണിലെ പുഴുവിനെ
കാൺമു ഞാൻ, കൊത്തിപ്പെറുക്കുവാൻ
പോന്ന നിൻ ഉടലിലെ ചോന്ന
ചിതൽ പുറ്റോർമകൾ മായ്ക്കുവാൻ–
എന്തു ഞാൻ ചെയ്യേണം..
ദുഷ്ടചെയ്തികൾ ചെറുക്കാൻ
ദൈവത്തിനാവാത്ത
പക്ഷം അത് ദൈവഹിതമെന്ന് പറയാൻ
മടിക്കാത്ത യാചകരെ, നിങ്ങൾ എന്നും
യാചകരായി തുടരാതിരിക്കൂ..
പുറത്തു വരൂ..
പാടുള്ളതല്ലേ ചെയ്യുകുള്ളൂ എന്ന പാഠം
പണ്ടേക്കു – പണ്ടേ കുത്തൊലിച്ചുപോയി
ആസക്തിയും അംശബുദ്ധിയും
കൊണ്ടു വലിച്ചുകീറി പാഴായ മനം
മാറുകയില്ലല്ലോ..
എന്തു ചൊന്നു മാപ്പു കേണീടേണ–
മെന്നറിയില്ല എങ്കിലും ആത്മാവിനടിത്തട്ടിൽ
നിന്നാ നരാധമൻമാരുടെ ചെയ്തികൾക്ക്
കരതലം കൂപ്പി ശിരസ്സ് വണങ്ങി
മാപ്പർപ്പിക്കുന്നു.