പൂങ്കുയിലിൻ ആർത്തനാദം – മീനാക്ഷി എഴുതിയ കവിത

Mail This Article
പൂങ്കുയിലിൻ മധുരസംഗീതം കേട്ടുണർന്ന
കാക്കകുഞ്ഞുങ്ങളാ പാട്ടേറ്റു പാടീടവേ...
ഒരു രോദനഗീതിയായിടുന്നാഗാനം.
മധുരമാം സ്വരത്തിൽ പാടീടുവാൻ
തങ്ങൾക്കാകുകയില്ലെന്ന സത്യമാ
കുഞ്ഞുങ്ങളെ തീരാവൈരിയാക്കി..
കുടിപ്പകയും അസൂയയുമാ
നാദത്തിന്നന്ത്യത്തിനായി
ഗൂഢതന്ത്രങ്ങൾ മെനഞ്ഞിടവേ
താനറിയാതെ തന്റെയുള്ളിൽ
നിറഞ്ഞിരുന്നോരാ ജന്മപുണ്യമാം നാദം
പുലരിയറിയാതെ.. സന്ധ്യയറിയാതെ
ഉള്ളിലായുറക്കുവാൻ ശ്രമിച്ചിടവേ..
സ്വരരാജികൾ തീർക്കും മഴവില്ലായി
വിരിയാൻ കൊതിച്ചൊരാ ഗീതം;
വിണ്ണിൽ മുഴങ്ങുമാർത്തനാദമായി..
ജീവനതാളമായി സ്വരതാളങ്ങൾ ചേർക്കും
സഹസ്രദളങ്ങളായിടവേ... ആ
സ്വരമാധുരിയിലറിയാതെയലിഞ്ഞിടും
ആസ്വാദക വൃന്ദത്തിൻ മുന്നിലായി
ഹർഷബാഷ്പവുമായാ കുഞ്ഞുങ്ങളിരിക്കും
കാഴ്ചകാണുവാനിനിയുമെത്ര നാൾ..
വർണ്ണവെറിയും വർഗ്ഗവെറിയുമതിരു
നിർണ്ണയിക്കുമീ ഭൂമിയ്ക്കുമപ്പുറം
ഋതുക്കൾ കാലമെഴുതും ലോകമുണ്ടോ...
കാറ്റുപറയും കഥകളും തീരം ചൊല്ലും കവിതയു-
മേറ്റു പാടിടും കുയിലിൻ ഗാനത്തിൽ ലയിച്ചിടും
കാക്കകൾ തൻ കാഴ്ച കാണുവാൻ....