പരിഗണന കിട്ടുന്നില്ലെന്ന് ഭാര്യയുടെ പരാതി; 'മക്കൾ അവരുടെ വഴിക്കു പോകും, അതു സ്വാഭാവികമാണെന്ന് നീ മനസ്സിലാക്കണം...'

Mail This Article
"ഇപ്പ വയസ്സായപ്പ നിങ്ങക്ക് എന്നെ വേണ്ടാതായി! എനിക്ക് നല്ല വെഷമോണ്ട് കേട്ടാ ചെറുക്കാ, ഇപ്പളാണെങ്കി ഒറക്കോമില്ല!" വാമഭാഗമായ കാർത്യായനിയുടെ പറച്ചില് കേട്ട് ഞാൻ കണ്ണുമിഴിച്ചിരുന്നു. ചെറുക്കാ എന്ന വിളി വയസ്സാം കാലത്തും അവളുപേക്ഷിച്ചിട്ടില്ല. എനിക്കാണെങ്കി ചെറുക്കാ എന്ന വിളിയിൽ ഒരു ചെറുപ്പം ഫീൽ ചെയ്യുന്നുമുണ്ട്. "ടോ! ചെറുക്കാ നിങ്ങളെന്താണ് മിഴുങ്ങസ്യാന്ന് പറഞ്ഞങ്ങിരിക്യണത്? എന്തങ്ങു പറഞ്ഞാലും ഇപ്പ സൗകര്യില്ല, സമയില്ല എന്ന മട്ടാണ്." പരാതികളുടെ മാലപ്പടക്കത്തിന് തീ കൊളുത്തി വിടുകയാണ് വീണ്ടും ഭാര്യ.
മന:ശ്ശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളോർമ്മിച്ചു കൊണ്ട് അവളോട് ഞാൻ മെല്ലെ മൊഴിഞ്ഞു. "നിന്നെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യോമില്ല. വയസ്സാകുമ്പ പരിഗണന കിട്ടണില്ല കിട്ടണില്ലന്ന് എല്ലാർക്കും തോന്നാൻ സാധ്യതേണ്ട്. ചെറുപ്പത്തിന്റെ തിളപ്പില് കാണിക്കണ തോണ്ടലും പിടിക്കലുമെന്റെ കാർത്തൂ, കൊറച്ചു പ്രായമാവുമ്പോ വ്യത്യാസമുണ്ടാവും. ഒരു കാര്യം നീ പറയണ ശര്യാണ്, കൊറെ സ്നേഹം, പരിഗണന, കരുണയൊക്കെ കൊതിക്കണ കാലാണ് നമ്മടെ വയസ്സാം കാലം. എനിക്കത് അറിയാഞ്ഞിട്ടല്ല. തിരിച്ച് നീയും എന്നെ അതുപോലെ പരിഗണിക്കണന്ന്ണ്ട് ഓർത്തോ! വാർദ്ധക്യം ഒരു രണ്ടാം ബാല്യമാണ്. കുഞ്ഞുങ്ങളുടെതായ നിർബന്ധ ബുദ്ധി, പിടിവാശി എന്നിവ വയസ്സാം കാലത്ത് തിരികെ വരൂന്നാണ് മൊഴി. പല്ലൊക്കെ പോകും, മുട്ടിലിഴയും അങ്ങനെ പലതും വേണ്ടിവരും. ഇനീപ്പ ഒരു കാര്യം പറയാം എന്റെ സ്ഥാനത്ത് നീയും നിന്റെ സ്ഥാനത്ത് ഞാനുമാണെന്ന് ഒന്നാലോചിച്ചാ തീരണ പ്രശ്നമേ ഉള്ളു. മക്കൾക്കൊക്കെ കുടുംബമായപ്പള് അവരകന്നകന്ന് പോണതായി തോന്നണതും സ്വാഭാവികം. പഴയ കാലമൊന്നോർത്തു നോക്ക്യേ.."
വിമ്മിഷ്ടം മൂലം ഞാൻ ഇടയ്ക്കൊന്നു നിർത്തി ശ്വാസം വലിച്ചു വീട്ടു, വീണ്ടും തുടങ്ങി. "നീ കെട്ടിക്കയറി ഇങ്ങോട്ടു വന്നപ്പ എങ്ങനെയായിരുന്നു! നീ സ്വന്തം അച്ഛനോടും അമ്മയോടും എങ്ങനെയാ പെരുമാറിയേ? ഒരു അകൽച്ച ക്രമേണ അവരോട് ഉണ്ടായില്ലേ! നിന്റെ ഭർത്താവ് നിന്റെ മക്കൾ.. അതിക്കവിഞ്ഞതൊന്നും നമുക്കും തിരിച്ചു കിട്ടണംന്ന് ആശിക്കണ്ടാ.. മക്കൾ അവരുടെ വഴിക്ക് പോകും. ഒള്ളതു കൊണ്ട് കഞ്ഞിയും കുടിച്ചു തൃപ്തിയോടെ നമ്മക്കങ്ങു കഴിയാം. നിനക്ക് ഞാനും എനിക്ക് നീയുമൊണ്ട്. ഞാൻ ചാകണവരെ ഒറപ്പായുമൊണ്ടാകുമത്. ന്തായാലും നിന്റെ പെണക്കം മാറ്റാൻ ഞാനൊരു പാട്ടെഴുതിയത് ചൊല്ലാം. കേട്ടാലുമെന്റെ പ്രിയതമേ..." നമ്മളൊന്നാണ് എന്നാണ് പാട്ടിന്റെ തലക്കെട്ട്
"നമ്മളൊറ്റക്കെട്ടാണ്,
ഒറ്റക്കട്ടിലിലാണ്
കെട്ടിലാണ്, കെട്ടിട്ടില്ലാത്തോരാണ്,
എത്രമേൽ ചൊന്നിട്ടും
എത്രമേൽ കേട്ടിട്ടും
ഒറ്റയ്ക്കായ് കോട്ടകൾ
കെട്ടുന്നതെന്തെൻ പ്രിയസഖീ?
പൊട്ടിച്ചെറിയേണ്ടതാം
ക്ലേശചങ്ങലകളെമ്പാടും
പൊട്ടിച്ചെറിയുവാൻ
എനിക്കാവതില്ലൊറ്റയ്ക്കായ്...
കെട്ടിപ്പടുത്തൊരാ
മോഹസൗധങ്ങളൊക്കെയും
അടി പൊട്ടിത്തകർന്നങ്ങു
വീഴുന്ന കണ്ടില്ലേ !
പെട്ടെന്നു വായ്ക്കുന്ന
സങ്കടക്കുമിളകൾ
പൊട്ടിച്ചു തീർച്ച ഞാൻ
നിൻ ചാരത്തെത്തുമേ.
ചിട്ടയായ് പോകേണ്ട
ജീവിതപാതയിൽ
മൊട്ടിട്ട വ്യാമോഹ
ഗർത്തങ്ങൾ കണ്ടേക്കാം.
സൂക്ഷിച്ചടിവച്ചു
നീങ്ങിയില്ലെങ്കിലോ
തട്ടി വീണേക്കാം,
മുട്ടു മുറിഞ്ഞേക്കാം;
ചോര പൊടിഞ്ഞേക്കാം.
കഷ്ടമായ്, നീയെന്നെ
വിട്ടുപിരിഞ്ഞാലോ
ശിഷ്ടമാം ജീവിതം
ഞാനെങ്ങനെ തീർത്തിടും?
ചട്ടിയും കലവുമായ്
കാണുന്ന ജീവിതം
മുട്ടിയും പൊട്ടിയും
ഒച്ച വച്ചേക്കാം കേൾ നീ.
പെട്ടെന്ന് നീയെന്റെ
പക്കത്തണഞ്ഞാലോ
തെറ്റൊന്നു പറ്റിയതേറ്റങ്ങു
ചൊല്ലാം ഞാൻ.
ഒത്തിരിയിഷ്ടത്തിൽ കൂടീടാം..."
പെട്ടെന്നെഴുതിയ പാട്ട് ഒരു വിധമൊപ്പിച്ചു ചൊല്ലിയെന്നു എനിക്ക് സ്വയം ബോധ്യപ്പെട്ടു. അവൾ സശ്രദ്ധം കേട്ടെന്നും തോന്നി! ഈ ചട്ടി പൊട്ടി ശൈലി അവളുടെ മനസ്സിൽ തട്ടിയിട്ടുണ്ടുറപ്പ്! പിണങ്ങി മാറിയിരുന്ന അവൾ പെട്ടെന്നു വന്നെന്നെ കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. ഈ വയോജനദിന നാളിൽ വയസ്സാം കാലത്തെ ഓരോരോ വികൃതികളേ!