മരണം – ബീന ബിനു എഴുതിയ കവിത

Mail This Article
ഞാൻ ഉണർന്നു നോക്കി
കാണുന്നതെല്ലാം സ്വപ്നമോ?
എന്റെ പാതിജീവിതം വ്യർഥമായ്
ഇനി നേരമില്ല സന്ധ്യമയങ്ങുവാൻ
ചക്രവാളസീമയ്ക്കുമേൽ മൂടുപടംചാർത്തുന്നു
പോകുവാനിനി ഇത്തിരിനേരം
മണിമുഴങ്ങുന്നു മരണചക്രം വലിക്കുന്ന തേരിൽ
ശകടം വേഗത കൂട്ടുന്നു
എൻ ഞരമ്പുകൾ വലിച്ചുമുറുകുന്നു
ചടുലം വരുന്നു ദേവൻ
അഞ്ജനം പോലെ കറുത്ത മെയ്യിൽ
കപാലം കൊണ്ട് ഒരു മാലചാർത്തി
കത്തുന്ന കണ്ണിൽ വിജയഘോഷം
മുഴക്കിയെത്തുന്നവൻ എൻമഞ്ചലിൽ
കണ്ണിമ ചിമ്മാതെ ഉറക്കമിളക്കുന്നവർക്കരുകിൽ
വന്നു നിന്നെ ഇളിഭ്യനായ് നോക്കുന്നു
നീട്ടുന്നു വൻകരസ്പർശം കൊണ്ടെന്റെ
ആത്മാവ് കൈക്കുമ്പിളിലാക്കുന്നു
പോകുന്ന ദൂരെ പ്രശാന്തതീരത്തൂടെ
കാണുന്നു ഞാൻ സ്വർഗ്ഗവാതിൽപ്പടി
രാജഞിയെപ്പോലെ ഇറങ്ങുന്നു ഞാൻ
കണ്ടു ഞാൻ എൻ പിതാമഹനെയും
പിന്നെ എൻ ബന്ധുമിത്രാദികൾ
ഒന്നുമേ മിണ്ടാതെ അനങ്ങാതെ
നിശ്ചലം നിന്നു ഞാൻ
എനിക്കുരചെയ്യാൻ കഴിയാതെ പോയോ?