കല്യണരാത്രി വധു പറഞ്ഞു, 'എനിക്ക് ഒരാളെ ഇഷ്ടമാണ്, ഇത് എനിക്ക് ഇഷ്ടമില്ലാത്ത കല്യാണമാണ്, എന്നെ സഹായിക്കണം...'

Mail This Article
വീട്ടിൽ പെട്ടെന്ന് ഒരു അങ്കലാപ്പ് പടർന്നു കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഒരിക്കൽ വേണ്ടാന്നുവെച്ച ഭർത്താവിനെ വീണ്ടും തേടി പോവുകയോ? എങ്ങനെയായാലും അതൊരു അന്യ പുരുഷനായി മാറിയില്ലേ..? ആ തള്ളക്ക് നൊസ്സാണ്! എന്നുവരെ കുടുംബങ്ങളിൽ അടക്കം പറച്ചിലുകൾ നടന്നു.. പക്ഷേ കുഞ്ഞാച്ചുവിന്റെ പക്ഷവും ശരിയായിരുന്നു.. മക്കളെ ഹജ്ജിനു പോകുമ്പോൾ എല്ലാരെക്കൊണ്ടും പൊരുത്തപ്പെടീപ്പിക്കണം.. അത് ഇന്റേന്ന് വന്നൊരു പിഴവാണ്. അന്ന് അത്രയേ ബുദ്ധി ഉണ്ടായിരുന്നുള്ളൂന്ന് കൂട്ടിക്കോളീ. ഒന്ന് കാണുക പൊരുത്തപ്പെടീപ്പിക്കുക തിരിച്ചുപോരുക അത്രേ വേണ്ടൂ.. ലത്തീഫുകാക്കും അതിൽ എതിർപ്പൊന്നും ഇല്ല. 'ഓളൊരു നല്ല കാര്യത്തിന് പോവല്ലേ! അപ്പൊ പൊരുത്തം കിട്ടുന്നെടത്തൊന്നു ഒക്കെ ഓള് വാങ്ങിച്ചോട്ടെ' ഇതാണ് മൂപ്പരുടെ ലൈൻ. അറുപതാമത്തെ വയസ്സിലാണ് കുഞ്ഞാച്ചുവിനു ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടിയത്. "എനിക്കിപ്പോളാ യോഗം ഉണ്ടായത് എന്ന് കൂട്ടിക്കോളീ ഏറെ കാലത്തെ ദുആ പടച്ചോൻ ഇപ്പളാ സ്വീകരിച്ചത്" കുഞ്ഞാച്ചു അങ്ങനെ സ്വയം സമാധാനിച്ചു. ഒപ്പം മറ്റുള്ളവരോട് അതുതന്നെ പറയുകയും ചെയ്തു.
ആയിഷ എന്ന കുഞ്ഞാച്ചു ഹജ്ജിനു ഒരുങ്ങുകയാണ്. കെട്ടിക്കൊണ്ടു വരുമ്പോൾ ആയിഷ എന്നായിരുന്നു പേര്. അന്ന് ലത്തീഫുക്കാടെ സഹോദരിയുടെ പേരും ആയിഷ എന്നായത് കാരണം ഈ ആയിഷ കുഞ്ഞു ആയിഷയായി. അത് പിന്നീട് കുഞ്ഞാച്ചു ആയി. ഇപ്പോ റേഷൻ കാർഡിലും തിരിച്ചറിയൽ കാർഡിലും ഒക്കെ അത് തന്നെ പേര്. സുലൈമാൻ എന്നാണ് ആളുടെ പേര്. ചാവക്കാട് ആൾക്കൊരു കടയുണ്ടായിരുന്നു. ഒരു സ്റ്റേഷനറി കട ചേറ്റുവയിലാണ് വീട് കിരിയത്ത് വീട് അങ്ങനെ എന്തോ ആണ് വീട്ടുപേര്. ഇത്രയും വിവരങ്ങൾ കുഞ്ഞാച്ചുവിന് അറിയാം ഇത് വെച്ചാണ് അന്വേഷണം. രണ്ട് മക്കളാണ് കുഞ്ഞാച്ചുവിന് ഒരാണും ഒരു പെണ്ണും. അവർക്ക് ഓരോ പെൺകുട്ടികൾ ഏകദേശം സമപ്രായക്കാർ ആശിഫയും സിനുവും. അവർ കുഞ്ഞാച്ചുവിന്റെ ഒപ്പം കൂടി കഥ കേൾക്കാനായി മാത്രമല്ല ഇതിന്റെ അന്വേഷണ നേതൃത്വം കൂടി ആ പേരക്കുട്ടികൾ ഏറ്റെടുത്തു...
ആയിഷ.. മധുരപതിനേഴിന്റെ ആരംഭം. ടൈലറിങ് ക്ലാസ്സിൽ വെച്ചാണ് അവൾ ഫൈസൽനെ പരിചയപെടുന്നത്.. കണ്ണുകൾ പരസ്പരം കോർത്തു വലിച്ചപ്പോൾ നുണക്കുഴി വിരിഞ്ഞത് ആയിഷയിലായിരുന്നു. ഫൈസലിന്റെ മുഖത്തു കുസൃതിയും. കഥയും കവിതയും ടൈലറിങ്ങും എല്ലാമായി ഒന്നര വർഷങ്ങൾ ഓടി മറഞ്ഞു. പിരിയില്ലെന്നൊരു നേരിന്റെ വാക്ക് ഒരു സത്യമായി അവരിൽ അന്നുണ്ടായിരുന്നു. ദിവസങ്ങൾക്ക് എന്തൊരു വേഗതയാണ്. ആയിഷയുടെ പെണ്ണ് കാണൽ. എതിർപ്പിന്റെ എല്ലാ മുൾവേലികളും ആയിഷ അവർക്ക് മുൻപിൽ നിരത്തിയെങ്കിലും കാർന്നോരുടെ ഉഗ്രശാസനകൾ രാജശാസനകൾക്ക് തുല്യമായിരുന്നു. അങ്ങനെയാണ് സുലൈമാൻ ആയിഷയെ നിക്കാഹ് കഴിക്കുന്നത്. ആദ്യരാത്രിയിൽ തന്നെ ആയിഷ അയാളോട് വിവരങ്ങൾ തുറന്നു പറഞ്ഞു. "എനിക്ക് ഒരാളെ ഇഷ്ടമാണ്. ഇത് എനിക്ക് ഇഷ്ടമില്ലാത്ത കല്യാണം ആണ്. ഇങ്ങള് എന്നെ സഹായിക്കണം ഇല്ലെങ്കിൽ സത്യമായും ഞാൻ കെട്ടിതൂങ്ങി ചാവും".
ആദ്യ രാത്രിയാണ്. കസവ്കരയുള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് മനസ്സിൽ ഒരുപാട് കിനാക്കളുമായി മണിയറയിൽ ഇരിക്കുന്ന സുലൈമാന്റെ മുഖത്ത് നോക്കാതെയാണ് ആയിഷ ഇത്രയും പറഞ്ഞു ഒപ്പിച്ചത്. ഭയം കൊണ്ട് അവൾ കിതക്കുന്നുണ്ടായിരുന്നു.. അയാളുടെ ഒരു പൊട്ടിത്തെറിയോ മുഖം നോക്കിയുള്ള ഒരടിയോ ആണ് അവൾ പ്രതീക്ഷിച്ചത്. എന്നാൽ അയാൾ ഒന്നും മിണ്ടിയില്ല. അനക്കമറ്റ് അങ്ങനെ ഇരുന്നു. നിലത്ത് ചുമർ ചാരി ആയിഷയും. കണ്ണീരിന്റെ ഗദ്ഗദവും ദീർഘനിശ്വാസത്തിന്റെ നെടുവീർപ്പുകളും മാത്രം.. പാതിരാവിന്റെ ഏതോ യാമത്തിൽ ആ മണിയറയുടെ വാതിൽ തുറന്ന് അയാൾ ഇറങ്ങി നടന്നു. അതായിരുന്നു ആദ്യ ദാമ്പത്യം ആദ്യ രാത്രിയും.. മാസങ്ങൾ പിന്നെയും നീണ്ടു പോയി. അതിനിടയിൽ ചർച്ചകൾ.. തീരുമാനങ്ങൾ... പക്ഷേ ഒന്നിനും അവരെ ചേർത്തുവെക്കാൻ ആയില്ല. ചർച്ചകൾ വിവാഹമോചനം വരെ നീണ്ടു എന്ന് മാത്രം. ആയിഷ ഫൈസലിനെ കാണാനും ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും അയാൾ നാട്ടിൽ ഇല്ല എന്ന വിവരം അവളെ ഞെട്ടിച്ചു കളഞ്ഞു. "ന്റെ റബ്ബേ ഞാൻ ചതിക്കപ്പെട്ടു". ഇത് സുലൈമാന്റെ കണ്ണീരിന്റെ ശാപം.. 'പെണ്ണിന്റെ മാത്രമല്ല ആണിന്റെ കണ്ണീരിനും ഉപ്പു രസമാണ്'.
അക്കാലത്തു ഫൈസൽ ഏതോ സൂഫി സംഘത്തോടൊപ്പം ചേർന്നിരുന്നു.. ആത്മീയതയും സംഗീതവും യാത്രകളും എല്ലാം അയാളെ മറ്റൊരു ജീവിതത്തിലേക്ക് നയിച്ചു. അയാൾ സംഗീതവും യാത്രകളുമായി ആത്മീയതയോടൊപ്പം അങ്ങനെ സഞ്ചരിച്ചു. മറ്റെല്ലാം അയാൾ മറന്നിരുന്നു. ഒരിക്കൽ പോലും ആയിഷയെ കാണാൻ അയാൾ ശ്രമിച്ചതുമില്ല... "ചുരുക്കി പറഞ്ഞാൽ നല്ല തേപ്പു കിട്ടി അല്ലേ" സിനുവിന്റെ ചോദ്യം ആശിഫയിലും ചിരി പരത്തി.. "പിന്നെ എപ്പോഴാ വെല്ലിപ്പാനെ..." അതൊക്കെ അങ്ങനെ നടന്നു. കുറച്ചു കാലം എല്ലാവരും ഒറ്റക്ക് ജീവിക്കും. പിന്നെ ജീവിതത്തോട് ഒരു മടുപ്പ് തോന്നും. അപ്പോഴാണ് ഒരു കൂട്ട് വേണമെന്ന് തോന്നുക. കാർന്നോക്കന്മാർ ഉള്ള വീട്ടിൽ അതൊക്കെ അതിന്റെ മുറ പോലെ വേണ്ട സമയങ്ങളിൽ വേണ്ടത് പോലെ നടക്കും. ഇക്കാലത്തു ആണ് പ്രശ്നം. ഒരു കുടുംബത്തിലും സംസാരിക്കാൻ ആളില്ലാലോ... അത് കൊണ്ട് ന്താ കല്യാണം കഴിയുന്നു. ഒന്നും രണ്ടും പറഞ്ഞു പിണങ്ങുന്നു. ഇറങ്ങി പോരുന്നു. പിന്നെ കേസും വേർപിരിയലും. ഇതൊക്കെ ഇപ്പൊ സാധാരണ ആയില്ലേ..! ഇന്നിപ്പോ കേറി ചെല്ലാൻ ഒരു വീട് ഉണ്ടാകും സ്വീകരിക്കാൻ മാതാപിതാക്കളും..
'പണ്ട് അങ്ങനെ അല്ല പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും പ്രായപൂർത്തിയായ ആണും പെണ്ണും എല്ലാം ഒന്നിച്ചു കിടക്കുന്നതിൽ നിന്ന് സ്വകാര്യമില്ലായ്മയിൽ നിന്ന് അങ്ങനെ എല്ലാത്തിൽ നിന്നുമുള്ള ഒരു മോചനം ഒരു രക്ഷപ്പെടുത്തൽ അതായിരുന്നു അന്ന് കല്യാണം.. തിരിച്ചു ചെല്ലാനിടമില്ല. എത്തിയിടത്തു കടിച്ചു പിടിച്ചു നിൽക്കും. ചിലപ്പോൾ എത്തിയ ഇടം പോയ ഇടത്തെക്കാൾ നരകമായിരിക്കും. പിന്നെ സഹനമാണ്. അപ്പോഴേക്കും മക്കൾ ആയിട്ടുണ്ടാവും. പിന്നെ ആ സാഹചര്യത്തോട് പൊരുത്തപ്പെടലാണ്.' "പിന്നെ ഒരിക്കലും നിങ്ങൾ ഫൈസലിനെ കണ്ടിട്ടില്ലേ നിങ്ങളെ തേച്ച ആളെ" 'ആശിഫ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു. "പിന്നെ പലവട്ടം". ഞാൻ അവന്റെ പ്രണയത്തെ തെറ്റിദ്ധരിച്ചതായിരുന്നു. അത് ഇങ്ങള് കരുതുന്ന പോലത്തെ പ്രണയം ഒന്നുമല്ല കുട്ടികളെ.. കിളികളോടും, പുഴകളോടും, കാറ്റിനോടും, മലയോടും, യാത്രയോടും, പ്രണയിച്ചു നടക്കുന്ന ഒരാൾ.. അതേ ചിന്തകൾ ഉള്ള മറ്റൊരാളെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന ഒരാത്മ ബന്ധമുണ്ട്. അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ കഴിയില്ലെങ്കിലും. അതൊരു പ്രണയമാണ് നിർവചിക്കാനാവാത്ത ബന്ധമാണ്.. "ഉമ്മമ്മ റൊമാൻസ് മൂഡിലേക്ക് മാറുന്നു" ആശിഫ കളിയാക്കി..
പിറ്റേന്ന് ആശിഫയും സിനുവും കൂടി ചേറ്റുവയിൽ പോയി സുലൈമാന്റെ വീട് അന്വേഷിച്ചു. കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പക്ഷേ രണ്ടുവർഷം മുമ്പ് സുലൈമാൻ സാഹിബ് മരിച്ചുപോയി എന്ന വേദനിപ്പിക്കുന്ന വാർത്തയുമായാണ് അവർ തിരിച്ചുവന്നത്. "എങ്കിൽ എനിക്ക് ആ കബറിങ്ങൽ പോയി യാത്ര പറയണം".. "അല്ല പെണ്ണുങ്ങൾ കബറിങ്ങലേക്ക്.. അങ്ങനൊരു പതിവ്.." "അതെന്താ കബറിങ്ങൽ പോയാൽ.. ഞാൻ അറിയാത്ത തങ്ങന്മാരുടെയും മുസ്ലിയാക്കന്മാരുടെയും ജാറത്തിൽ പോകുന്നില്ലേ? അതിനു തെറ്റില്ലെങ്കിൽ എനിക്കറിയാവുന്ന ഒരാളുടെ കബറിങ്ങൽ പോകുന്നത് കൊണ്ട് ഒരു തെറ്റുമില്ല.." വാദമാണ്.. മറുപടിയില്ല..
അസ്സലാമു അലൈക്കും.. അഹ്‌ലൻ ദിയാരി മുനിൽ മുഹ്മിനീൻ... എന്ന് പറഞ്ഞു തുടങ്ങുന്ന പ്രാർഥന കൊണ്ട് സലാം പറഞ്ഞു സുലൈമാൻ സാഹിബിന്റെ കബറിന്റെ ചാരത്തു നിന്നു ആയിഷ എന്ന കുഞ്ഞാച്ചു മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞു.. യഥാർഥത്തിൽ കുഞ്ഞാച്ചുവിന്റെ ഹജ്ജ് അവിടെ പൂർണ്ണമാവുകയായിരുന്നു.. കുഞ്ഞാച്ചുവും കുട്ടികളും തിരിച്ചു നടന്നു. ഒരു ചാറ്റൽ മഴ.. ചില കബറുകളിൽ മൈലാഞ്ചി ചെടികൾക്ക് പകരം മനോഹരമായ പൂക്കൾ വിടർന്നു നിൽക്കുന്ന ചെടികൾ. തണുത്തൊരു കാറ്റ് അവരെ തഴുകി ഒഴുകി... അതിങ്ങനെ മറ്റൊരു കബറിന്റെ മീസാൻ കല്ലിൽ തട്ടി നിന്നു. ജനന തിയതിയും മരണ തിയതിയും എഴുതിയ ആ മീസാനിൽ എഴുതിയ പേര് ഫൈസൽ എന്നായിരുന്നു..