നടത്തത്തിൽ വരെ പ്രത്യേകത; പടയിലെ ഉസ്മാൻ; അടാട്ട് ഗോപാലൻ അഭിമുഖം

Mail This Article
കമൽ കെ.എം. സംവിധാനം ചെയ്ത പടയുടെ തുടക്കത്തിൽ, നടക്കാൻ പോകുന്ന സംഭവത്തിന്റെ ഗൗരവം പ്രേക്ഷകരിലേക്ക് സന്നിവേശിക്കപ്പെടുന്നത് ഉസ്മാൻ എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയിലൂടെയാണ്. സൂക്ഷ്മവും വ്യതിരിക്തവുമായ പ്രകടനത്തിലൂടെ പടയിലെ ഉസ്മാനായി മാറിയത് തൃശൂരുകാരനായ അടാട്ട് ഗോപാലനാണ്. കഥയിലേക്ക് കയറിപ്പോകെ പല തരം നടത്തങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട് ഗോപാലന്റെ ഉസ്മാൻ. ചില രംഗങ്ങളുടെ ആവേഗം പോലും നിമിഷാർദ്ധത്തിൽ ചലനങ്ങളായി ഉസ്മാന്റെ ശരീരഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെടും.
തൃശൂരിലെ നാടകപ്രേമികൾക്കിടയിൽ സുപരിചിതനാണ് അടാട്ട് ഗോപാലൻ എന്ന ഗോപാലേട്ടൻ. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവായ ഗോപാലന് നാടകം തന്നെയാണ് ജീവിതം. കഴിഞ്ഞ 32 വർഷമായി നാടകരംഗത്തുള്ള ഗോപാലൻ, അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത് ജോസ് ചിറമ്മലിന്റെ നാടകവേദിയായ തൃശൂർ റൂട്ടിലൂടെയാണ്. പിന്നീട് രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ നാടകത്തിനൊപ്പം സഞ്ചരിച്ചു. ഇന്ത്യൻ പ്രണയകഥ, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളിലും വേഷമിട്ട ഗോപാലന്റെ ഒരു മുഴുനീള കഥാപാത്രമാണ് പടയിലെ ഉസ്മാൻ. സിനിമയുടെ വിശേഷങ്ങളുമായി അടാട്ട് ഗോപാലൻ മനോരമ ഓൺലൈനിൽ.
പ്രേക്ഷകരെ വിസ്മയിപ്പിച്ച ആ നടത്തങ്ങൾക്ക് പിന്നിൽ
പടയിലെ ഓരോ സീനിന്റെയും മൂഡ് ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് കമൽ പറഞ്ഞു തന്നിരുന്നു. പൊതുവായിട്ടാണ് അതിനു മുമ്പ് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ, ഓരോ സീൻ എടുക്കുമ്പോഴും അപ്പോഴത്തെ ആ കഥാപാത്രത്തിന്റെ മൂഡ് ഇതാണ് എന്ന് കൃത്യമായി അദ്ദേഹം വിവരിക്കും. കൃത്യമായ നിർദേശങ്ങൾ ശരീരഭാഷയെക്കുറിച്ച് സംവിധായകൻ നൽകിയിരുന്നു. അത് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട്, പല സീനുകളും ആവർത്തിച്ചു ചെയ്യേണ്ടി വന്നു. സിനിമയുടെ തുടക്കത്തിൽ ജോജുവുമായി നടത്തുന്ന ചില സംഭാഷണങ്ങളുണ്ട്. അത് പല തവണ റിപ്പീറ്റ് ചെയ്തിട്ടാണ് ഓക്കെ ആയത്. കമലിന് ആവശ്യമായ കാര്യങ്ങൾ അദ്ദേഹം ചെയ്യിപ്പിച്ചെടുക്കും. പരിപൂർണമായും അത് കമലിന്റെ മാത്രം നിർദേശങ്ങളിലൂടെ സംഭവിച്ചതാണ്.
പടയിലെത്തിച്ചത് സംവിധായകനുമായുള്ള പരിചയം

കമൽ എന്റെ നാടകത്തെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. കെ.വേണുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയിരുന്ന സമീക്ഷ എന്ന മാസികയിൽ അദ്ദേഹം ജോലി ചെയ്യുമ്പോഴായിരുന്നു അത്. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്. പിന്നീടും ഞങ്ങളുടെ നാടകത്തെക്കുറിച്ച് കമൽ എഴുതുകയുണ്ടായി. അതിനുശേഷം, നീണ്ട കാലയളവിൽ അദ്ദേഹം എവിടെയാണെന്നറിയില്ല. ഞാനെന്റെ നാടകപ്രവർത്തനങ്ങളുമായി മുമ്പോട്ടു പോയി. അതിനു ശേഷം കമൽ സംവിധാനം ചെയ്ത ഐഡി എന്ന സിനിമയെക്കുറിച്ചാണ് ഞാൻ കേൾക്കുന്നത്. ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു അത്. അസ്തിത്വം, സ്വത്വബോധം എന്നീ മേഖലകളെ നന്നായി സ്പർശിക്കുന്ന, ആധുനികോത്തരം എന്നു പറയാവുന്ന സമീപനരീതിയുള്ള സിനിമയാണ് അത്.
കുറെ നാളുകൾക്കു ശേഷം യാദൃച്ഛികമായി എന്നെ കമൽ വിളിച്ചു. 'ഞാൻ തൃശൂരുണ്ട്... വരണം... ഒരു സിനിമ ചെയ്യുന്നുണ്ട്. അതിൽ ഒരു വേഷം ചെയ്യണം' എന്നു പറഞ്ഞു. മറ്റു വേവലാതികളൊന്നും വേണ്ടെന്നും പറഞ്ഞു. സിനിമ എന്നു കേട്ടപ്പോൾ ഈ മേഖലയിലെ എന്റെ പരിചയക്കുറവിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. കാരണം, അപൂർവം സിനിമകളിലെ ഞാൻ അഭിനയിച്ചിട്ടുള്ളൂ. അതുകൊണ്ട്, ഞാൻ തുറന്നു പറഞ്ഞു, 'കമൽ എന്നെ സഹായിക്കണം' എന്ന്. തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ സ്വാതന്ത്ര്യത്തിലാണ് ഞാൻ അതു പറഞ്ഞത്. കമൽ പറഞ്ഞു, 'ഒന്നും പേടിക്കേണ്ട. യാതൊരു വേവലാതികളും വേണ്ട. ജോജു, കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരുടെ അങ്ങു നിന്നാൽ മതി' എന്ന്.
അവർ എന്നെ അവർക്കൊപ്പം ചേർത്തു നിർത്തി
ജോജു, കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെക്കുറിച്ച് എടുത്തു പറയണം. കാരണം, അവരുടെ ആറ്റിറ്റ്യൂഡും സമീപനരീതികളും അവർ ചെയ്യുന്നതിലേക്ക് നമ്മെ കൂടി ഉൾക്കൊള്ളിക്കാനുള്ള അവരുടെ ശ്രമങ്ങളും പിന്തുണയുമെല്ലാം വളരെ വലുതായിരുന്നു. പിന്നെ, കുഞ്ചാക്കോ ബോബനുമായി എനിക്ക് മുമ്പ് അഭിനയിച്ച് പരിചയമുണ്ട്. സ്പാനിഷ് മസാല എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിച്ചു. സിനിമ എന്നത് സാങ്കേതികപരിചയം ആവശ്യമുള്ള മേഖലയാണല്ലോ. അഭിനയത്തിൽ എനിക്ക് പരിചയമുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തിലേക്ക് വരുമ്പോൾ അവിടെ കുറച്ച് 'ടെക്നിക്കാലിറ്റി' വരും. അവയെല്ലാം സ്മൂത്തായി കൈകാര്യം ചെയ്യാൻ ഒപ്പമുള്ളവർ സഹായിച്ചു. കുറെ നാളുകളായി ഞാൻ ചെയ്യുന്നത് തിയറ്റർ ആണ്. അതിനിടയിൽ ചില സുഹൃത്തുക്കൾ സിനിമയിലേക്ക് വിളിക്കും. അതു പോയി ചെയ്യും. ഇതൊക്കെ തന്നെയാണല്ലോ അതിന്റെ വഴി. ഇതുവരെ ചെയ്തവയിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞ വേഷം പടയിലെ ഉസ്മാൻ തന്നെയാണ്.
ആദിവാസി വിഷയം കയ്യടക്കത്തോടെ അവതരിപ്പിച്ച പട
സിനിമ ഒരു ലക്ഷ്വറി വിനോദോപാധി ആണ്. ആ മാധ്യമത്തിനു മുകളിൽ കയ്യടക്കമുള്ള വ്യക്തിയാണ് സംവിധായകൻ കമൽ. അതില്ലെങ്കിൽ ആ മീഡിയം നമ്മെ വിഴുങ്ങും. മറിച്ച്, അതിനെക്കുറിച്ച് ധാരണയുണ്ടെങ്കിൽ ആ മാധ്യമത്തെ നന്നായി കൈകാര്യം ചെയ്യാൻ പറ്റും. അത് പടയിൽ കാണാം. പ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കുന്നതിനു പിന്നിൽ ഒരു യാഥാർഥ്യബോധം കൂടിയുണ്ട്. ആദിവാസികളുടെ ഭൂപ്രശ്നം ഒരു പ്രഹേളികയായി അവശേഷിക്കേണ്ട വിഷയമല്ല. എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം. അതു മനസിലാക്കാൻ സവിശേഷമായ ബുദ്ധിശക്തിയുടെ ആവശ്യമില്ല. ഇതിന്റെ പരിഹാരം വളരെ ലളിതമാണ്. അതിൽ സങ്കീർണതകളില്ല. ഇവിടത്തെ പാർലമെന്ററി രാഷ്ട്രീയത്തിലുള്ള എല്ലാ മുന്നണികൾക്കും അറിയുന്ന കാര്യമാണ്. എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം ആളുകൾ പാർശ്വവൽക്കരിക്കപ്പെടുന്നത്? അത് നമുക്കറിയുന്ന കാര്യമാണ്. ഈ അറിയുന്ന കാര്യത്തെ എങ്ങനെയാണ് കലാപരമായി അവതരിപ്പിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്.
നാടകത്തിലായാലും മറ്റു മാധ്യമങ്ങളിലായാലും വളരെ മെലോഡ്രമാറ്റിക് ആയിട്ടാണ് ഇവ അവതരിപ്പിക്കപ്പെടുക. അവിടെ നമ്മുടെ കള്ളത്തരം വെളിപ്പെടും. മെലോഡ്രമാറ്റിക് ആയി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമല്ല ഇത്. കൃത്യമായ കാര്യകാരണ സഹിതം സമചിത്തതയോടെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിവൈകാരികതയല്ല അവിടെ വേണ്ടത്. അങ്ങനെയാണ് കമൽ ഈ വിഷയെ സമീപിച്ചിട്ടുള്ളത്. ദിലീഷ് പോത്തന്റെ കഥാപാത്രം സിനിമയിലുടനീളം വിഷയത്തിന്റെ നിയമപരമായ വശം സംസാരിക്കുന്നുണ്ട്.
മലയാള സിനിമ ആദിവാസികളോട് ചെയ്തത്
മലയാള സിനിമ ആദിവാസികളോടു ചെയ്തിട്ടുള്ള ഏറ്റവും വലിയ ക്രൂരത തിരിച്ചറിയപ്പെടേണ്ടതുണ്ട്. പണ്ടുള്ള സിനിമകളിൽ കാടിനുള്ളിൽ ഒരു മൂപ്പനുണ്ടാകും. കുറെ പെൺകുട്ടികളെ പരിമിതമായ വസ്ത്രം ധരിപ്പിച്ച് ട്രൈബൽ ഡാൻസ് എന്ന് പറഞ്ഞ് അവരുടെ നൃത്തം ഐറ്റം ഡാൻസ് ആക്കി മാറ്റും. അങ്ങനെ ചില പാട്ടു രംഗത്തോടെ ആകും അവരെ അവതരിപ്പിക്കുക. അങ്ങനെയാണ് നമ്മുടെ പാരമ്പര്യം. എന്നാൽ പടയിലേക്ക് വരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. കൃത്യമായ കാര്യകാരണ സഹിതം നിർമിക്കുകയും മുഴുമിപ്പിക്കുകയും ചെയ്ത സിനിമ എന്ന നിലയിൽ പട എടുത്തു പറയേണ്ടതാണ്.
കല തന്നെയാണ് ജീവിതം
അഭിനയരംഗത്ത് എത്തിയിട്ട് 32 വർഷമായി. ഞാൻ സ്വയം തിരഞ്ഞെടുത്ത വഴിയാണ് ഇത്. നാട്ടിൻപുറത്തെ സ്കൂൾ വാർഷികങ്ങളിലും വായനശാലകളിലെ പരിപാടികളിലും പങ്കെടുത്താണ് തുടക്കം. എനിക്ക് അനുയോജ്യവും ഏറ്റവും തീവ്രവുമായ താൽപര്യമുള്ളത് കല എന്ന മാധ്യമമാണ്. അങ്ങനെ എന്റെ വ്യക്തിബന്ധങ്ങൾ എന്നെ തൃശൂർ റൂട്ട് എന്ന ജോസ് ചിറമ്മലിന്റെ സംഘത്തിലെത്തിച്ചു. അവിടെ നിന്നാണ് മുഴുവൻ സമയ കലാപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. 1989 മുതൽ അഭിനയം ഗൗരവമായി തുടങ്ങി. തൃശൂർ റൂട്ടിന്റെ നാടകങ്ങളിൽ സജീവമായി. പിന്നെ, പല നാടകങ്ങൾക്കൊപ്പം പല യാത്രകൾ! ഇടയ്ക്ക് ചില സിനിമകളും.