ദൈവം, മതം, ജാതി ഇതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല: സത്യരാജ്
Mail This Article
പല ജോലികൾ ചെയ്തിട്ടും മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു ജീവിതം എത്തിപ്പിടിക്കാനാകാതെ വലഞ്ഞ കോയമ്പത്തൂരുകാരൻ പയ്യൻ സിനിമയിൽക്കൂടി പയറ്റി നോക്കാമെന്നു കരുതുന്നു. വീട്ടിൽ സമ്മതം പൂജ്യം ശതമാനം. ഒടുവിൽ ആ ഇരുപത്തിമൂന്നുകാരൻ തന്റെ ആഗ്രഹങ്ങളും ഭാവിപരിപാടികളും നെടുനീളൻ കത്തായി എഴുതി, ഇരുപത്തിയഞ്ചു പൈസയുടെ സ്റ്റാമ്പ് ഒട്ടിച്ച് വീടിനു തൊട്ടു മുൻപിലെ തപാൽപെട്ടിയിൽ ഇട്ടു. ആ കത്ത് വീട്ടിലെ മേശപ്പുറത്തു വച്ചിരുന്നെങ്കിൽ അമ്മ എടുത്തു വായിക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്ന് പിന്നീട് തമാശ കലർത്തി പറഞ്ഞു ചിരിക്കുന്ന സത്യരാജ് തമിഴ് മക്കളുടെ ‘പുരട്ച്ചി തമിഴ’നായി.
കഴിഞ്ഞ നാൽപത്തിയഞ്ചു വർഷമായി സക്സസ്ഫുൾ അഭിനേതാവായി. മലയാളിയായും നേപ്പാളിയായും ഗൂർഖയായും തെലുങ്കനായും പകർന്നാടാനാകുന്ന മുഖമുള്ള നടൻ എന്ന് സത്യരാജിനെ വിശേഷിപ്പിച്ചത് അടുത്ത കൂട്ടുകാരനും ഹിറ്റ്മേക്കറുമായ മണിവണ്ണനായിരുന്നു. അഭിനയം കലയാണ്. എന്നു മാത്രമല്ല അതിൽനിന്നു കിട്ടുന്ന പണം ഗുണവുമാണ്. അത് എവിടെയും തുറന്നുപറയാൻ മടിയില്ലാത്ത മനുഷ്യൻ. സത്യരാജ് മനോരമ ഓൺലൈനിൽ സംസാരിക്കുന്നു.
നാടകക്കാരനാകാൻ തീരുമാനിച്ച യുവാവ്
മനോരമ ആച്ചിയുടെ നാടകത്തിൽ അഭിനയിക്കാനായി ശ്രമിച്ചിരുന്നു. പക്ഷേ അവസരം കിട്ടിയില്ല. അതിനു ശേഷം സൂര്യയുടെയും കാർത്തിയുടെയും അച്ഛനായ ശിവകുമാർ അണ്ണൻ എന്നെ വേറൊരു ട്രൂപ്പിലേക്കെടുത്തു. അതിൽ മൂന്ന് സ്റ്റേജിൽ കളിച്ചിട്ടുണ്ട്. അതൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു.
ഞാൻ മിമിക്രി ചെയ്യുമായിരുന്നു. എംജിആർ സാറിനെയും ശിവാജി സാറിനെയും എം.ആർ.രാധ, ബാലയ്യ, നാഗേശ്വര റാവു എന്നിവരെയുമൊക്കെ അനുകരിക്കുമായിരുന്നു. അതു കണ്ട് എന്റെ കസിൻ ശിവകുമാർ എപ്പോഴും എന്നോടു പറയും നീ സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കണം എന്ന്. പക്ഷേ എനിക്ക് കോൺഫിഡൻസ് ഇല്ല. സിനിമാക്കാരനാകാനുള്ള ഭംഗിയൊന്നുമില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. പ്രൊഡക്‌ഷൻ മാനേജരായിട്ടായിരുന്നു സിനിമയിൽ എന്റെ തുടക്കം. എന്തായാലും പോയി നോക്കാം, അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ പ്രൊഡക്‌ഷൻ കൺട്രോളർ ആകാം, അല്ലെങ്കിൽ ഡ്രൈവറാകാം. അതുമല്ലെങ്കിൽ ചെറിയ വേഷങ്ങൾ ചെയ്യാം. അല്ലെങ്കിൽ അസിസ്റ്റന്റ് ഡയറക്ടറും ആകാം എന്നു കരുതി. സിനിമയിൽ എന്തെങ്കിലുമൊന്ന് ആയാൽ മതി എന്നേ ഉണ്ടായിരുന്നുള്ളൂ.
പഠിച്ചത് ബിഎസ്‌സി ബോട്ടണിയായിരുന്നു. നല്ല ശമ്പളമുള്ള ജോലി കിട്ടാനൊക്കെ വളരെ പാടായിരുന്നു. ആ സമയത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതിയും മോശമായി. അങ്ങനെയാണ് സിനിമാനടനാകാം എന്നു തീരുമാനിക്കുന്നത്. സിനിമാക്കാരായി പരിചയമുള്ളത് ശിവകുമാർ അണ്ണനെ മാത്രമായിരുന്നു. ശിവാജി ഗണേശൻ കുടുംബവുമായി അടുപ്പമുള്ളവരായിരുന്നു എന്റെ കുടുംബം. പക്ഷേ വീട്ടിൽ ഇഷ്ടമില്ലാതെയാണ് സിനിമയിലേക്കു വരുന്നത് എന്നറിഞ്ഞാൽ ശിവാജി സാർ സമ്മതിക്കാതിരിക്കുമോ എന്നു പേടിച്ച് അദ്ദേഹത്തെ പോയി കണ്ടില്ല. പത്തു പടമൊക്കെ ചെയ്തതിനു ശേഷമാണ് അദ്ദേഹത്തെ പോയി കണ്ടത്.
തമിഴ് വിപ്ലവകാരി
‘പുരട്ചി തമിഴൻ’ എന്നൊക്കെ ആരാധകർ ഇട്ടുതരുന്ന പേരാണ്. ഞാൻ അത് സ്വീകരിച്ചിട്ടേയില്ല. കാൾ മാർക്സ്, ലെനിൻ, തന്തൈ പെരിയോർ തുടങ്ങിയ വലിയ ആളുകളെ വിശേഷിപ്പിക്കുന്നതിനായി ആ വാക്ക് ഉപയോഗിച്ചാൽ തെറ്റില്ല. ഞാൻ ഒരിക്കലും മഹാനല്ല. ഞങ്ങളുടെ തമിഴ്‌നാട്ടിൽ ആരെയെങ്കിലും കുറച്ചുപേർ അറിയുകയും അവരോടു ഇഷ്ടവും തോന്നിയാൽ അടുത്തതായി അവരെ ‘അടുത്ത മുഖ്യമന്ത്രി’ എന്നൊക്കെയാണ് പറയുന്നത്. എംജിആർ സർ മുഖ്യമന്ത്രി ആയതല്ലേ, അതോർത്ത് പറയുന്നതാണിതൊക്കെ.
ഞാൻ അവിശ്വാസിയാണ്
ദൈവം, മതം, ജാതി ഇതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. റിച്വൽസ്, ട്രെഡീഷൻ, ഫൊർമാലിറ്റി തുടങ്ങിയവയിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇതിനെ സാധൂകരിക്കുന്ന എന്തെങ്കിലും ചടങ്ങുകളിൽ നിങ്ങളെന്നെ കണ്ടാൽ അതു വെറും സിനിമ ഷൂട്ടിങ്ങായിരിക്കും.
ഏതുതരം കഥാപാത്രവും സിനിമയിൽ ചെയ്യാം. അഭിനയിക്കുന്നതു കൊണ്ട് കുഴപ്പമില്ല. എന്നാൽ ഷൂട്ട് തുടങ്ങുന്നതിനു മുൻപുള്ള പൂജയിലൊന്നും ഞാൻ പങ്കെടുക്കില്ല. കേരളത്തിൽ ഉണ്ടോ എന്നറിയില്ല, തമിഴ്നാട്ടിലെ സിനിമാഷൂട്ടിങ്ങിൽ, മരിച്ചു പോയതായി അഭിനയിച്ച ശേഷം ക്യാമറ നോക്കി ചിരിച്ചു വേണം എഴുന്നേൽക്കാൻ എന്നൊരു വിശ്വാസം ഉണ്ട്. ഞാൻ അങ്ങനെ ചെയ്യാറില്ല. ഞാൻ ചിരിക്കില്ല. ചിരിക്കാതിരുന്നിട്ട് ഞാൻ മരിക്കുകയാണെങ്കിൽ മരിക്കാൻ ഞാൻ റെഡിയാണ്. ഞാൻ പൊലീസായി അഭിനയിച്ചതു കൊണ്ട് ഇപ്പോൾ ഞാൻ പൊലീസാണോ? സിനിമയിൽ എത്രയോ വിവാഹം കഴിക്കുന്നു. ആ നായികമാരൊക്കെ എന്റെ ഭാര്യമാരാണോ? അതൊക്കെ വെറും സീനുകളാണ്. അത്രമാത്രം.
അച്ഛൻ അധികാരിയല്ല
പല തരം അച്ഛൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ജീവിതത്തിൽ അച്ഛനെന്ന നിലയിൽ മക്കളോടോ ഭർത്താവെന്ന നിലയിൽ ഭാര്യയോടോ ഒട്ടും കർക്കശക്കാരനായ ഒരാളല്ല ഞാൻ. അത് ശരിയല്ല. എല്ലാവർക്കും അവരുടേതായ ജീവിതമുണ്ടല്ലോ.
സിനിമയെന്ന വ്യവസായം
അതിനെ ഞാൻ മനസ്സിലാക്കുന്നുണ്ട്. എന്റെ ഓരോ സിനിമ ഇറങ്ങുമ്പോളും തിയറ്റർ റെസ്പോൺസ് ഞാൻ അന്വേഷിക്കാറുണ്ട്. അതിൽ എനിക്ക് ക്യൂരിയോസിറ്റിയുണ്ട്. പടം എങ്ങനെയുണ്ട്, കലക്‌ഷനുണ്ടോ എന്നൊക്കെ ഓരോ തിയറ്ററിലും വിളിച്ച് അന്വേഷിക്കാറുണ്ട്. പണ്ട് മുതൽക്കുള്ള ശീലമാണ് അത്.
മൂന്ന് വാക്കുകൾ ജീവിതത്തിൽ പ്രധാനമാണ്. If, May be, Suppose. സപ്പോസ് സിനിമ വിജയിച്ചാൽ നമുക്ക് സാലറി കൂടും. സപ്പോസ് സിനിമ പരാജയപ്പെട്ടാൽ സാലറി കുറയും. അത്രയേ ഉള്ളൂ.
എന്നെ സംബന്ധിച്ച് ഇതൊരു ജോലിയാണ്. വിജയമുണ്ടാകുമ്പോഴുള്ള സന്തോഷവും അഹങ്കാരവും രണ്ടാണ്. എനിക്ക് സന്തോഷമാണ് തോന്നുന്നത്. അഹങ്കാരം അല്ല. 45 വർഷമായി ഈ ഫീൽഡിൽ ബിസിയായി നിൽക്കാൻ പറ്റുന്നുണ്ടല്ലോ അതൊക്കെ സന്തോഷം. നമ്മൾ എവിടെയെല്ലാം പോകുന്നു, ആളുകളെ പരിചയപ്പെടുന്നു. ഇതൊക്കെ ഒരു ഗിഫ്റ്റാണ്.
പഴയ നായകൻ
ജീവിത്തിൽ രണ്ടു കാര്യങ്ങൾ വേണം. ടാലന്റ് പ്രധാനമാണ്. അതുപോലെ തന്നെയാണ് ബ്രില്യൻസ്. എനിക്ക് ടാലന്റ് ഉണ്ട്. പക്ഷേ ബ്രില്യൻസ് കുറച്ചു കുറവാണ്. ഹീറോ-സ്റ്റാർഡം എങ്ങനെ നിലനിർത്തണമെന്നുള്ളത് എനിക്ക് അറിയാതെ പോയി. ഞാൻ എല്ലാം ടേക് ഇറ്റ് ഈസിയായി കാണുന്ന ആളാണ്. അതുകൊണ്ടു പഴയ താരപരിവേഷം നിലനിർത്താൻ എന്റെ അറിവില്ലായ്മ കാരണം സാധിച്ചില്ല. അതിൽ ചെറിയ വിഷമം ഉണ്ട്. പിന്നെ ഒരു വാതിലടഞ്ഞാൽ മറ്റൊരു വാതിൽ തുറക്കുമെന്നാണല്ലോ. അതുകൊണ്ടാണ് ഇപ്പോൾ ഇവിടെ ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നത്.
‘ഒറ്റ’ എന്ന പുതിയ സിനിമ
ഈ സിനിമ ചെയ്യാൻ ആദ്യ കാരണം ഓസ്കർ വിന്നർ ആയ റസൂൽ പൂക്കുട്ടിയാണ്. ഷൂട്ടിനു ചെന്നപ്പോഴാണ് സിങ്ക് സൗണ്ട് ആണ് എന്ന് അറിയുന്നത്. തമിഴല്ലാത്ത മറ്റു ഭാഷകൾ എനിക്ക് പ്രോംപ്റ്റിങ് ഇല്ലാതെ അഭിനയിക്കാനാകില്ലായിരുന്നു. മലയാളത്തിൽ ഇപ്പോൾ മൂന്നാമത്തെ സിനിമയാണ്. ആഗതൻ ചെയ്തപ്പോൾ ഡബ് ചെയ്തത് വേറൊരാളായിരുന്നു. അന്ന് മമ്മൂട്ടി എന്നെ കണ്ടപ്പോൾ ചോദിച്ചത്, ‘‘എന്തിനാണ് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നത്? നിങ്ങളുടെ ശബ്ദം മലയാളികൾക്ക് അറിയാം. നിങ്ങൾ ഇനി മലയാള പടം ചെയ്താൽ നിങ്ങൾ തന്നെ ഡബ്ബ് ചെയ്യണം’’ എന്നാണ്. റസൂൽ പൂക്കുട്ടിയും അതു തന്നെയാണ് പറഞ്ഞത്. ഒറ്റ എന്ന ഈ സിനിമയിൽ പാലക്കാട് ബ്രാഹ്ണന്റെ വേഷമാണ്. അതുകൊണ്ട് ഭാഷയിൽ തമിഴ്ഛായ വന്നാലും സാരമില്ല എന്നു പറഞ്ഞു. ഇപ്പോൾ പാച് ഡബ്ബിങ് കഴിഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഇപ്പോൾ ഏത് ഭാഷയിലും ഡബ്ബ് ചെയ്യാൻ സാധിക്കും. അത് റസൂൽ പൂക്കുട്ടി തന്ന ധൈര്യമാണ്.
ആസിഫിന്റെ ചിരി
ആസിഫിന്റെ കണ്ണും ചിരിയും നല്ലതാണ്. വളരെ സോഫ്റ്റായ മുഖമാണ് ആസിഫിന്റേത്. ഈ പടം ഇന്റർനാഷനൽ ലെവലിൽ പോകും. അവാർഡും കിട്ടും. ആസിഫ് അലിയുടെ 2018 എന്ന സിനിമ ഓസ്കറിനു പോയിട്ടുണ്ടല്ലോ. ചിലപ്പോൾ ഈ രണ്ടു സിനിമകളിൽ ഏതെങ്കിലും ഒന്നിന് ഓസ്കർ കിട്ടാനും സാധ്യതയുണ്ട്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമയാണ് ഒറ്റ.
നാൽപത്തിയഞ്ച് വർഷത്തെ സ്റ്റൈൽ
ഡയറക്ടർ എന്തു പറയുന്നോ അതാണ് ഞാൻ ചെയ്യുന്നത്. ഓരോ ഡയറക്ടർക്കും ഓരോ ടേസ്റ്റുണ്ട്. 35 കൊല്ലം മുൻപ് ഭാരതിരാജയുടെ സിനിമ ചെയ്യുമ്പോൾ, അദ്ദേഹം നമ്മിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുമല്ലോ. അതു നമ്മൾ അഭിനയിച്ചിരിക്കണം. ഫാസിൽ സാറിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’, ‘പൂവിന് പുതിയ പൂന്തെന്നൽ’ തുടങ്ങിയ ചിത്രങ്ങളുടെ റീമേക്കിൽ അഭിനയിച്ചു. അതിൽ ഫാസിൽ സാർ പറയുന്നതുപോലെ ചെയ്യണം. പി. വാസുവിനെപോലെയും മണിവണ്ണനെ പോലെയും ഉള്ളവർ ആഗ്രഹിക്കുന്നത് അതുപോലെ പറയുന്നവരാണ്. അതുപോലെ അഭിനയിച്ചു ശീലിച്ചതുകൊണ്ട് പുതിയ കുട്ടികളുടെ രീതിയിലേക്കും മാറാൻ എനിക്ക് ബുദ്ധിമുട്ടില്ല.
വാർത്ത, പൂവിന് പുതിയ പൂന്തെന്നൽ, രാജാവിന്റെ മകൻ, ആവനാഴി, ഹിറ്റ്‌ലർ, ആര്യൻ, ചിത്രം, കരുമാടിക്കുട്ടൻ തുടങ്ങിയ മലയാള പടങ്ങളുടെ റീമേക്കുകളിൽ അഭിനയിച്ചു. മലയാളം അത്ര എളുപ്പത്തിൽ വഴങ്ങുന്ന ഭാഷയല്ലല്ലോ. എന്നാലും മലയാളത്തോട് ഇഷ്ടമുണ്ട്.
മലയാളം പാട്ടുകൾ കേട്ടാൽ കുറച്ചൊക്കെ മനസ്സിലാകും. യേശുദാസിന്റെ പഴയ പാട്ടുകൾ ഒരുപാടിഷ്ടമാണ്. ഷൂട്ടിങ്ങിനിടയിൽ കാരവനിലിരുന്ന് ഞാൻ ആ പാട്ടുകൾ കേൾക്കാറുണ്ട്. നസീർ സാറിന്റെ സിനിമകളിലെ 'ഓമലാളെ കണ്ടു ഞാൻ', 'അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും' പോലെയുള്ള പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ടെൻഷൻ കുറയ്ക്കാൻ ഉപകരിക്കുന്ന തരത്തിൽ ഇടയ്ക്കൊക്കെ മലയാളം പാട്ടുകൾ സഹായവുമാണ്.